Latest NewsArticle

നാണംകെട്ട പാദസേവകരായ അദ്ധ്യാപക ഫല്‍ഗുനന്മാര്‍ വാര്‍ത്തെടുക്കുന്ന വിദ്യാര്‍ത്ഥി സമൂഹം ഈ നാടിന് ശാപമായി മാറുമ്പോള്‍

അഞ്ജു പാർവ്വതി പ്രഭീഷ്

ഇന്ന് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ സൈഡ് ബിസിനസ്സ് മാത്രമായി അദ്ധ്യാപനം ചുരുങ്ങുമ്പോള്‍ വിശക്കുന്ന കുട്ടികൾക്ക് സ്വന്തം പൊതിച്ചോറിന്റെ പങ്ക് പകുത്ത് നല്‍കിയിരുന്ന പഴയ അദ്ധ്യാപകരുടെ തലമുറ വെറും കെട്ടുക്കഥയായി മാത്രം അവശേഷിക്കുന്നു.ചോര മണക്കുന്ന കൊടിക്കൂറകളുടെ കീഴില്‍ ആട്ടിന്‍പറ്റത്തെ പോലെ മേയുന്ന യൂണിയനുകളുടെ അടിമകളായി ,വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നോക്കുക്കുത്തികളായി മാറി, രാഷ്ട്രീയപാർട്ടിയുടെ ചട്ടുകങ്ങളായി വർത്തിക്കുന്ന ചില അഭിനവ ദ്രോണർ കലാലയങ്ങളെ കുരുക്ഷേത്രമാക്കി മാറ്റുന്നു.സമൂഹത്തിനെ നന്മയ്ക്കൊപ്പം നടത്തേണ്ടുന്ന, അജ്ഞതയുടെ ഇരുളിനെ മാറ്റി ജ്ഞാനത്തിന്റെ കൈത്തിരി വെളിച്ചം തെളിയിക്കേണ്ട അദ്ധ്യാപനമെന്ന മഹത്തരമായൊരു കർമ്മത്തെ തൂലിക കൊണ്ടും താൻപോരിമകൊണ്ടും മലിനമാക്കി, യുവതലമുറയെ തെറ്റിന്റെ വഴിയെ തെളിക്കുന്നത് ആട്ടിൻത്തോലിട്ട ചെന്നായ്ക്കളായ ചില അദ്ധ്യാപകവ്യക്തിത്വങ്ങൾ കൂടിയാണ്.

കലയും നവീന ചിന്തകളും സ്വാതന്ത്യ പ്രഖ്യാപനങ്ങളും മുഴങ്ങിക്കേൾക്കേണ്ട കലാലയങ്ങളിൽ നിന്നും കഴിഞ്ഞ കുറച്ചു കാലമായി കേൾക്കുന്നത് ഏകാധിപത്യത്തിന്റെയും അടിച്ചമർത്തലുകളുടെയും അട്ടഹാസങ്ങൾ മാത്രമാണ്. ഈ തെറ്റായ പ്രവണതയ്ക്ക് പലപ്പോഴും നിർഭാഗ്യവശാൽ അദ്ധ്യാപകരുടെ ഭാഗത്തുനിന്നും ഒരുകൂട്ടർക്ക് മാത്രമായ പരസ്യമായ ഒത്താശചെയ്തുകൊടുക്കലും തെറ്റുകൾക്കു നേരേയുള്ള കണ്ണടയ്ക്കലുകളും വളമായി തീരുന്നുമുണ്ട്.ഒപ്പം രാഷ്ട്രീയതിമിരം ബാധിച്ച അദ്ധ്യാപകരെ നേരായ വഴിയിൽ നടത്താതെ കയറൂരി വിട്ടുക്കൊണ്ടും അവരുടെ മോശം പ്രവണതകൾക്ക് കാവലായി നിന്നുക്കൊണ്ട് അനർഹമായ സ്ഥാനമാനങ്ങൾ നല്കി ഒത്താശ ചെയ്യുന്നുണ്ട് പലപ്പോഴും ഭരണവർഗ്ഗം.

കവിതാമോഷണവിവാദത്തിലകപ്പെട്ട അധ്യാപികയെ കലോത്സവ വേദിയിലെ ഉപന്യാസമത്സരത്തിന്റെ മൂല്യനിര്‍ണയസമിതിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം കാട്ടിത്തരുന്നുണ്ട് വിദ്യാഭ്യാസമേഖലയിലെ രാഷ്ട്രീയഇടപെടലും അതിന്റെ മൂല്യചോഷണവും. മൂല്യനിര്‍ണയസമിതിയെ നേരത്തേ നിശ്‌ചയിച്ചതാണെന്ന ന്യായവാദങ്ങള്‍ക്ക്‌ സാധൂകരിക്കാനാവുന്നതായിരുന്നില്ല ആ തീരുമാനം..ഈ വിഷയത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രിയുടെ ,അതും അദ്ധ്യാപക വൃത്തി സ്വീകരിച്ചിരുന്ന ഒരു വ്യക്തിയുടെ അന്നത്തെ അപക്വമായ പ്രതികരണം ഏറെ അപഹാസ്യവുമായിരുന്നു. ആ വിവാദത്തിലകപ്പെട്ട അദ്ധ്യാപികയ്ക്ക് കലോത്സവ മാന്വല്‍ പ്രകാരം മൂല്യനിര്‍ണയത്തിന്‌ യോഗ്യതയുണ്ടെന്നും കവിതാമോഷണവിവാദം വേറേ വിഷയമാണെന്നുമാണ്‌ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ വിശദീകരണം.പരസ്യമായി നടത്തിയ ആ ധാർമ്മികപിന്തുണ ഒരു അദ്ധ്യാപകനുതകുന്നതായിരുന്നോ? കവി എസ്.കലേഷിന്‍റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാൻ/നീ’ എന്ന കവിത മഹത്തായ പാരമ്പര്യമുള്ള കലാലയത്തിൽ പഠിപ്പിക്കുന്ന ഒരദ്ധ്യാപിക സ്വന്തം പേരിലാക്കി ചെറിയ ചില മാറ്റങ്ങളോടെ കോളജ് അധ്യാപകരുടെ മാസികയിൽ പ്രസിദ്ധീകരിച്ചതിനെ ധാർമ്മികമായി പിന്തുണയ്ക്കുന്നതായിരുന്നു ആ വിശദീകരണം.ആ വിശദീകരണം കേൾക്കുന്ന ഒരു കുട്ടിസഖാവ് ചോദ്യപേപ്പർ മോഷ്ടിക്കാനോ,കോപ്പിയടിക്കാനോ തീരുമാനിച്ചാൽ അതിനെ എങ്ങനെ തെറ്റുപറയാനാകും? മാന്വലിനും ചട്ടങ്ങള്‍ക്കുമപ്പുറം ധാര്‍മികതയുടെ ചില വശങ്ങളുണ്ടെന്നു മറന്ന വിദ്യാഭ്യാസമന്ത്രിയും ആ വകുപ്പും‌ വരും തലമുറയ്‌ക്ക്‌ നല്കുന്ന സന്ദേശമെന്താണ്? കവിതാമോഷണം ആദ്യം നിഷേധിക്കുകയും പിന്നീട്‌ ന്യായീകരിക്കുകയും അതിനുശേഷം മാപ്പിരക്കുകയും ചെയ്‌ത്‌ രണ്ടാഴ്‌ചപോലും തികയുന്നതിനു മുന്‍പ്‌ സാഹിത്യമൂല്യനിര്‍ണയത്തിന്‌ അവരെ പങ്കെടുപ്പിക്കുന്നതിനെ ന്യായീകരിക്കുന്ന കൂട്ടർക്കെങ്ങനെ നവയുവതയെ വാർത്തെടുക്കാനാകും? അധികൃതര്‍ ചിലകാര്യങ്ങള്‍ മനപ്പൂര്‍വം മറക്കുമ്പോള്‍ പൊതുസമൂഹം ഓര്‍മപ്പെടുത്തുമെന്നുള്ള പാഠമാണ്‌ വിവാദ അധ്യാപിക നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കേണ്ടി വന്നതിലേക്കുള്ള സംഭവങ്ങള്‍ നല്കുന്ന പാഠം.

ഇനി തലശ്ശേരി ബ്രണ്ണൻ കോളേജ് വിഷയത്തിലേയ്ക്കു വരുമ്പോഴും ചില ഏകപക്ഷീയമായ നിലപാടുകൾ കാര്യങ്ങളെ എത്രമേൽ സങ്കീർണ്ണമാക്കുന്നുവെന്ന് മനസ്സിലാക്കാം. അവിടെ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. എബിവിപി സംസ്ഥാനസമിതിയംഗം വിശാഖ് പ്രേമൻ, യൂണിറ്റ് അംഗങ്ങളായ വൈഷ്ണവ്, ജിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശാൽ അനുസ്മരണവുമായി ബന്ധപ്പെട്ട് കോളേജിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിനുശേഷം കൊടിമരം മാറ്റാൻ പോലീസും പ്രിൻസിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികൾ തയ്യാറായില്ല. ഇതിനിടെയാണ് പ്രിൻസിപ്പല്‍ പ്രൊഫ.ഫല്‍ഗുനന്‍ നേരിട്ട് കൊടിമരം പിഴുത് ക്യാപസിനു പുറത്ത് കൊണ്ടുപോയത്. ഒരു മേശയ്ക്കിരുവശവുമിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കേണ്ടുന്ന വിഷയത്തെ,യൂണിവേഴ്സിറ്റി കോളേജ് വിവാദങ്ങളുടെ ഇന്നത്തെ ചുറ്റുപ്പാടിൽ ആളിക്കത്തിക്കാനുതകുന്ന തരത്തിലുള്ള ഒരു വിഷയത്തെ രമ്യമായി പരിഹരിക്കാൻ നോക്കാതെ സങ്കീർണ്ണമാക്കി മാറ്റി ആ കൊടിമരം പിഴുതൽ നാടകം.

ഒരു രാഷ്‌ട്രീയ വിഭാഗത്തിന്റെ വക്‌താവായി പരസ്യമായി അംഗീകരിക്കപ്പെട്ട വ്യക്‌തിയാണ് ഫാൽഗുനനെന്ന ബ്രണ്ണന്‍ കോളേജ് പ്രിൻസിപ്പൽ.അദ്ദേഹം ഇന്നലെ കാട്ടിയ നടപടിയെ മഹത്തരമെന്നു വാഴ്ത്താൻ കഴിയില്ല.മറിച്ച് അപക്വവും അപഹാസ്യവുമായ ഒരു പ്രഹസനമായിട്ടേ കാണാൻ കഴിയൂ.പരസ്യമായി ഇതര സംഘടനയുടെ (അത് നാട്ടിയത് അവിടുത്തെ വിദ്യാർത്ഥികളല്ലെന്നു മറുപക്ഷം) കൊടിമരത്തെ പിഴുതെറിയുമ്പോൾ അത് നല്കുന്നത് ഏകാധിപത്യവാഴ്ചയ്ക്കുള്ള ധാർമ്മികപിന്തുണയാണ്.ഇതരസംഘടനയുടെ കൊടി പിഴുതെറിയുന്നതിനൊപ്പം അവിടെ നിലവിലുള്ള കൊടികൾ കൂടി പിഴുതെറിയാൻ തോന്നാത്ത ആ മാനസികാവസ്ഥയ്ക്കാണ് സെലക്ടീവ് പ്രീണനമെന്നു പറയുന്നത്.അങ്ങനെ ചെയ്തിരുന്നുവെങ്കിൽ നിങ്ങളൊരു അദ്ധ്യാപകനായേനേ.!ഇത് ഒരു രാഷ്ട്രീയ അടിമയുടെ ഷോ മാത്രമാണ്. എസ്.എഫ്.ഐയുടെ കൊടിതോരണങ്ങളുടെ ഇടയിലൂടെ പോയി എബിവിപിയുടെ കൊടിമരമെടുത്തതുക്കൊണ്ട് പ്രസ്ഥാനത്തിന്റെ ഉന്നതസ്ഥാനമാനങ്ങൾ നിങ്ങളെ തേടിയെത്തുമായിരിക്കും.പക്ഷേ,ഒരദ്ധ്യാപകനെന്ന നിലയിൽ സമൂഹത്തിനു മുന്നിൽ നിങ്ങൾ തോറ്റിരിക്കുന്നു.ഏകാധിപത്യത്തിന്റെ പാദസേവകനായി നിങ്ങളെ ചാപ്പകുത്തിക്കഴിഞ്ഞു സമൂഹം.

എസ്.എഫ്.ഐയുടെ എല്ലാ ഗുണ്ടായിസത്തിനും സിപിഎമ്മിന്റെ അദ്ധ്യാപക യൂണിയനാണ് പിന്തുണ കൊടുക്കുന്നതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എതിർ സംഘടനയിലെ വിദ്യാർത്ഥികളോട് വിവേചനം കാട്ടാനും ദ്രോഹിക്കാനും ഇത്തരം അദ്ധ്യാപകർ ശ്രമിക്കുമെന്നതിലും സംശയമില്ല.യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ടി.സി വാങ്ങിപ്പോയ ഓരോ വിദ്യാർത്ഥിക്കും പറയാനുള്ളതും അദ്ധ്യാപകരുടെ കെടുകാര്യസ്ഥതയുടെയും വിവേചനത്തിന്റെയും കഥകൾ മാത്രമാണ്.സെക്രട്ടറിയേറ്റിനും, അസംബ്ലി മന്ദിരത്തിനുമിടയിൽ, പോലീസ് ആസ്ഥാനമന്ദിരത്തിനു തൊട്ടടുത്ത്, എല്ലാ ഭരണസിരാകേന്ദ്രങ്ങളുടെയും മൂക്കിന് താഴെ, പ്രബുദ്ധ വിദ്യാസമ്പന്ന കേരളത്തിന്റെ തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്തുള്ള കലാലയത്തിൽ ഗുണ്ടകൾക്ക് അഴിഞ്ഞാടുന്നതിനു വേണ്ട സകല ഒത്താശയും നടത്തിയിരുന്നത് അവിടുത്തെ അദ്ധ്യാപകരും പ്രിൻസിപ്പലുമായിരുന്നു. ജനാധിപത്യ ധ്വംസകരുടെ മുഷ്ടിക്കുള്ളിൽ പിടഞ്ഞു തീരുന്ന ഒന്നായി വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യതാബോധവും അവകാശബോധവും വ്യക്തിത്വനിർമ്മിതിയും മാറുമ്പോൾ വെറും നോക്കുക്കുത്തികളായി അദ്ധ്യാപകസമൂഹം നില്ക്കുമ്പോൾ വ്യഭിചരിക്കപ്പെടുന്നത് മഹത്തരമായൊരു തൊഴിൽമേഖലയാണ്.

വിധേയത്വരാഷ്ട്രീയത്തിന്‍റെ വിഭാഗങ്ങളായി അദ്ധ്യാപകസമൂഹം വേര്‍തിരിയുമ്പോൾ , സംഘടനാബാഹുല്യം അദ്ധ്യാപനത്തെയും സ്ഥാപനത്തിന്‍റെ സുഗമമമായ നടത്തിപ്പിനെയും സാരമായി ബാധിക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയമില്ലെന്നു വാദിക്കുന്നവര്‍പോലും നിലവാരത്തിന്റെയോ തൊഴില്‍പരമായ മികവിന്റെയോ കാര്യത്തില്‍ ശുഷ്കാന്തി കാണിക്കാറില്ല. രാഷ്ട്രീയ അതിപ്രസരചിന്തകളാല്‍ ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ടവരാണു തങ്ങളെന്ന അടിസ്ഥാന തത്ത്വംപോലും പലപ്പോഴും അദ്ധ്യാപകർ മറന്നുപോകുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ ഏവർക്കും രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ടെന്നത് സത്യം. എന്നിരുന്നാലും അദ്ധ്യാപനമെന്ന മഹത്തായ കർമ്മത്തെ കണക്കിലെടുക്കുമ്പോൾ രാഷ്ട്രീയാന്ധത കർമ്മമണ്ഡലത്തെ സ്വാധീനിച്ചാൽ പിന്നെ ആ കർമ്മം നിസ്വാർത്ഥമാകുന്നത് എങ്ങനെ?

shortlink

Related Articles

Post Your Comments

Related Articles


Back to top button