Latest NewsIndia

ഇനി കേന്ദ്ര കാശ്മീർ: ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക; ശ്യാമപ്രസാദ് മുഖര്‍ജിയുടെ മുദ്രാവാക്യം പ്രാവര്‍ത്തികമായി

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമ നിർമ്മാണവും ആയി. കാശ്മീരും ജമ്മുവും ചേർത്തു കൊണ്ട് കേന്ദ്ര ഭരണ പ്രദേശമായി കാശ്മീരിനെ വിഭജിച്ചു. ലഡാക്കും ഇനിമുതൽ കേന്ദ്ര ഭരണ പ്രദേശമായി മാറും.

ALSO READ: ജമ്മു കശ്മീര്‍ വിഭജനം; സംസ്ഥാനങ്ങള്‍ക്കെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരങ്ങളും നല്‍കിയ തീരുമാനത്തിനെതിരേ ആദ്യമായി ശക്തിയുക്തം എതിർത്തത് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു. 1949ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എടുത്ത തീരുമാനത്തിനെതിരേ ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മുഖര്‍ജി 370ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയില്‍ അദ്ദേഹം ശക്തമായി എതിര്‍ത്തു. അദ്ദേഹത്തിന്റെ അഭിലാഷത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഇന്നു ബിജെപി സര്‍ക്കാര്‍ പ്രഖ്യാപനത്തിലൂടെ ഉണ്ടായത്.

ALSO READ: ജമ്മുവും കാശ്മീരും ചേർത്ത് ഇനി കേന്ദ്ര ഭരണ പ്രദേശം , സർക്കാർ തീരുമാനത്തിന്റെ കൂടുതൽ വിവരങ്ങൾ

ജമ്മുകാശ്മീരിനു പ്രത്യേക സ്വയം ഭരണാവകാശം നല്‍കുന്നതിനായി താല്‍ക്കാലികമായി ഉണ്ടാക്കിയ ഒന്നാണ് 370-ാം വകുപ്പ് എന്നാണ് ഇന്ത്യന്‍ ഭരണഘടന വിവക്ഷിക്കുന്നത്. 1956ല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്ത 238ാം വകുപ്പിലെ വ്യവസ്ഥകള്‍ ജമ്മുകാശ്മീരിനു ബാധകമല്ലെന്നും 370ാം വകുപ്പില്‍ വ്യക്തമാക്കുന്നു.

1947ല്‍ പാക്കിസ്ഥാനോടൊപ്പം പോകാതെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകാന്‍ കാശ്മീര്‍ രാജാവായിരുന്ന മഹാരാജാ ഹരി സിംഗ് ഉണ്ടാക്കിയ കരാര്‍ അനുസരിച്ചായിരുന്നു ഇങ്ങനെയൊരു വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഫലമായി കാശ്മീരിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിയമവും ഭരണഘടനയും നിലവില്‍ വന്നു. പൗരത്വം, സ്വത്തുക്കളില്‍ ഉള്ള അവകാശം, മൗലികാവകാശങ്ങള്‍ എന്നിവയില്‍ കാശ്മീര്‍ ജനത ഇന്ത്യയില്‍നിലനില്‍ക്കുന്ന നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി.

1974ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജാ ഹരി സിംഗ് നിയോഗിച്ച ജമ്മുകാശ്മീര്‍ പ്രധാനമന്ത്രി ഷെയ്ക്ക് അബ്ദുള്ളയുമായി ചേര്‍ന്ന് ഉടമ്പടി ഒന്നുകൂടി ബലപ്പെടുത്തി. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന 352ാം വകുപ്പ് ജമ്മുകാശ്മീരിനു ബാധകമാക്കുന്നതിനെ ഉടമ്പടി എതിര്‍ക്കുകയും ചെയ്തു. ജമ്മു, കശ്മീര്‍, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. ജമ്മു കശ്മീരില്‍ സ്ഥിരമായി വസിക്കുന്നവരെ നിര്‍വചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ സര്‍വീസുകളില്‍ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്. ഇതുൾപ്പെടെയാണ് ഇന്ന് കേന്ദ്ര സർക്കാർ റദ്ദാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button