KeralaLatest NewsNews

‘മന്ത്രിയുടെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത് അദ്ദേഹത്തിന് ഈ പരീക്ഷയെക്കുറിച്ചു കൃത്യമായ ഒരു ധാരണ ഇല്ലെന്നു തന്നെയാണ്’- ജലീലിനെതിരെ ജ്യോതി വിജയകുമാര്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വീസ് പരീക്ഷയിലെ അഭിമുഖത്തില്‍ ഒന്നാം റാങ്കുകാരന്ു കിട്ടിയതിലും മാര്‍ക്ക് രമേശ് ചെന്നിത്തലയുടെ മകനു കിട്ടിയതില്‍ അസ്വാഭാവികത ഉണ്ടെന്ന ആരോപണം ഉന്നയിച്ച മന്ത്രി കെ.ടി ജലീലിനെതിരെ ജ്യോതി വിജയകുമാര്‍. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത് അദ്ദേഹത്തിന് ഈ പരീക്ഷയെക്കുറിച്ചു കൃത്യമായ ഒരു ധാരണ ഇല്ലെന്നു തന്നെയാണെന്ന് ജ്യോതി വിജയകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാവ് ഡി. വിജയകുമാറിന്റെ മകളും പരിഭാഷകളിലൂടെ ശ്രദ്ധേയയുമായ ജ്യോതി വിജയകുമാര്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന ഫാക്കല്‍റ്റി കൂടിയാണ്. ഏറ്റവും കുറഞ്ഞത് ഒന്ന് രണ്ടു വര്‍ഷത്തെ കഠിനമായ, സ്ഥിരമായ, സമഗ്രമായ പഠനമില്ലാതെ ആര്‍ക്കും ഈ പരീക്ഷ പാസാവാനാവില്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട വസ്തുത. ഈ പരീക്ഷ പാസാകുക എന്ന സ്വപ്നവുമായി ജീവിതത്തില്‍ ഒരു വലിയ റിസ്‌ക് എടുത്തു ഇറങ്ങിത്തിരിച്ചിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ അനാദരിക്കലാണ്, അവരെ ഡീമോറലൈസ് ചെയ്യലാണ്, ഒരു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കലാണെന്നും ജ്യോതികുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആയിരക്കണക്കിന് യുവതീയുവാക്കളുടെ സ്വപ്നമാണ് സിവിൽ സർവീസ് പരീക്ഷ

ഇന്ന്, യുപിഎസ് സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു കേരത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നടത്തിയ ചില പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെഴുതുന്നത്.

എഴുതുമ്പോൾ, സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രൊഡക്ടീവ് ആയ കുറെ വർഷങ്ങൾ ഈ പരീക്ഷാ തയ്യാറെടുപ്പിനായി മാറ്റി വച്ച,ദിവസവും 18 മണിക്കുറുകൾ വരെ നീണ്ടു നിൽക്കാവുന്ന കഠിനമായ പഠനചര്യയിലൂടെ രാജ്യത്തിന്റെ ഭരണയന്ത്രത്തിന്റെ ഭാഗമാക്കുക എന്ന സ്വപ്നത്തിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഞാൻ കണ്ടുമുട്ടിയ, ഇപ്പോഴും ഇടപെടുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷ നിറഞ്ഞ മുഖങ്ങളാണ് മനസ്സിൽ.

ആ മുഖങ്ങൾ മനസ്സിലുള്ളപ്പോൾ പറയാൻ പോകുന്നത് കക്ഷിരാഷ്ട്രീയത്തിന്റെ ഇടത്തിൽ നിന്നല്ല; സിവിൽ സർവീസ് പരീക്ഷയ്ക്കായി 2002 മുതൽ കേരളത്തിലും ഡൽഹിയിലും തയ്യാറെടുപ്പു നടത്തുകയും 2004 ലും 2008 ലും പ്രിലിംസ്‌ പാസായി മെയിൻസ് എഴുതുകയും 2005 -2006 , 2010 , തുടർന്ന് 2012 മുതൽ ഇന്നും കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ സോഷ്യോളജി ഫാക്കൽറ്റി ആയും 2017 മുതൽ നൂറു കണക്കിന് സിവിൽ സർവീസ് ഉദ്യോഗാർഥികളുടെ മോക്ക് ഇന്റർവ്യൂ പാനലിൽ അംഗമായും പ്രവർത്തിച്ചുമുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ്..

ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ പരാമർശങ്ങൾ വ്യക്തമാക്കുന്നത് അദ്ദേഹത്തിന് ഈ പരീക്ഷയെക്കുറിച്ചു കൃത്യമായ ഒരു ധാരണ ഇല്ലെന്നു തന്നെയാണ്. ഏറ്റവും കുറഞ്ഞത് ഒന്ന് രണ്ടു വർഷത്തെ കഠിനമായ, സ്ഥിരമായ, സമഗ്രമായ പഠനമില്ലാതെ ആർക്കും ഈ പരീക്ഷ പാസാവാനാവില്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട വസ്തുത..

ആദ്യഘട്ടമായ, ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ എഴുതുന്ന ഒബ്ജക്റ്റീവ് പരീക്ഷയായ പ്രിലിംസ്‌ പരീക്ഷയിൽ നിന്ന് ആയിരങ്ങൾ മാത്രമാണ് എഴുത്തു പരീക്ഷ എന്ന മെയിൻസ് ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.ഒൻപതു പേപ്പറുകൾക്കായി 1750 മാർക്കിൽ മൂല്യ നിർണയം നടത്തപ്പെടുന്ന ആ ഘട്ടത്തിൽ പഠിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യരൂപത്തിലുള്ള പ്രശ്നങ്ങളെ ആധികാരികമായി വിശകലനം ചെയ്ത് 150 മുതൽ 300 വാക്കുകളിൽ തങ്ങളുടെ അഭിപ്രായം കൃത്യമായും വ്യക്‌തമായും എഴുതി പ്രതിഫലിപ്പിക്കാനുള്ള ഒരു ഉദ്യോഗാർത്ഥിയുടെ കഴിവാണ് അളക്കപ്പെടുന്നത്.

മെയിൻസ് പരീക്ഷ പാസായി, UPSC പേഴ്സണാലിറ്റി ടെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന അഭിമുഖ ഘട്ടത്തിലെത്തുമ്പോൾ ഒരു ഉദ്യോഗാർത്ഥിക്കു ലഭിക്കാവുന്ന മാക്സിമം മാർക്ക് 275 ആണ്. ഇവിടെ ഒരാളുടെ വ്യക്തിത്വം, വ്യക്‌തമായും കൃത്യമായും ലളിതമായും കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ്, അഭിപ്രായങ്ങളുടെ ആധികാരികത, ആഴത്തിലുള്ള അറിവ്, കാഴ്ചപ്പാടുകൾ, ബൗദ്ധികമായ സത്യസന്ധത, നൈതികത തുടങ്ങിയ പല ഘടകങ്ങളുമാണ് വിലയിരുത്തപ്പെടുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് .

ഇപ്പൊ ഐ.എഫ്.എസ്, ഐഎഎസ്, ഐ പി എസ്‌, ഐ ആർ എസ് തുടങ്ങി പല സർവീസുകളുടെയും ഭാഗമായ ഉദ്യോഗാർഥികളുടെ പരിശീലന ഇന്റർവ്യൂവിന്റെ ഭാഗമായ അനുഭവത്തിൽ നിന്നും പറയട്ടെ; ഒരു അഭിമുഖത്തെ സ്വാധീനിക്കുന്ന പല ആപേക്ഷികമായ ഘടകങ്ങളുമുണ്ട്. ഒരാൾക്ക് ചിലപ്പോൾ വസ്തുതാപരമായ അറിവ് കുറവാണെങ്കിലും നിലപാടുകൾ വളരെ കൃത്യമായിരിക്കാം..മറ്റൊരാൾക്ക് ഭാഷയിലും ആശയവിനിമയത്തിലും പരിമിതികളുണ്ടായാൽ പോലും ആഴത്തിലുള്ള അറിവും പറയുന്നതിലെ ആത്മാർത്ഥതയും , സത്യാസന്ധതയും ആ വ്യക്തിക്ക് അനുകൂലമായ ഒരു മനോഭാവം ഇന്റർവ്യൂ ബോർഡിൽ സൃഷ്ടിച്ചേക്കാം..ചിലപ്പോൾ പല പരിമിതികളുള്ള ഒരു വ്യക്തിയെ സഹായിക്കുന്നത് ആ വ്യക്തിയുടെ ശരീര ഭാഷയിലൂടെ പ്രകടമാകുന്ന ആത്മവിശ്വാസമാകാം. ഇത്രയും പറഞ്ഞത് മെയിൻസ് പരീക്ഷയും പേഴ്സണാലിറ്റി ടെസ്റ്റും തമ്മിലുള്ള അന്തരം സൂചിപ്പിക്കാൻ വേണ്ടിയാണ്.

മെയിൻസിനു വളരെ നല്ല മാർക്കു വാങ്ങിയ പലരും ഇന്റർവ്യൂവിൽ
മാർക്ക് കുറഞ്ഞത് കാരണം ഫൈനൽ ലിസ്റ്റിൽ നിന്നും പുറത്തായിട്ടുണ്ട്. അതുപോലെ, മെയിൻസിനു വലിയ മാർക്ക് കിട്ടാത്ത പലരും ഇന്റർവ്യൂവിലെ മികച്ച പ്രകടനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ഉയർന്ന റാങ്കുകൾ നേടുകയും ഉയർന്ന സർവീസ്കളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്..പലപ്പോഴും IRS , IIS തുടങ്ങിയ സർവീസ്കളുടെ ഭാഗമായവർ റാങ്ക് മെച്ചപ്പെടുത്താൻ വേണ്ടി അടുത്ത തവണ പരീക്ഷ എഴുതുമ്പോൾ പ്രിലിംസ്‌ പോലും പാസാകാതെ വരുന്ന അവസ്ഥയുമുണ്ട് .
പറയാനുദ്ദേശിച്ചതിതാണ്; മെയിൻസ് പരീക്ഷയിൽ ഉയർന്ന മാർക്കു കിട്ടുന്നവർക്കു പേഴ്സണാലിറ്റി ടെസ്റ്റിൽ മാർക്ക് ഏറെ കുറയുന്നതും മെയിൻസിൽ മാർക്കു കുറഞ്ഞവർക്ക് പേഴ്സണാലിറ്റി ടെസ്റ്റിൽ ഉയർന്ന മാർക്കു കിട്ടുന്നതും ഈ പരീക്ഷയിൽ സാധാരണമാണ്.. മെയിൻസിലെ ടോപ്പർ ഇൻറർവ്യൂവിലെ ടോപ്പർ ആകുമെന്നും ആകണമെന്നും ഒരിക്കലും പറയാനാകില്ല.. കേരളത്തിൽ നിന്ന് തന്നെ പല ഉദാഹരണങ്ങൾ നമുക്കു ചുറ്റുമുണ്ട്..

യാഥാർഥ്യം ഇതാണെന്നിരിക്കെ, ഒരു രാഷ്ട്രീയ പ്രത്യാരോപണമെന്ന നിലയിലും കേരളത്തിലെ പി എസ് സിയുടെ വിശ്വാസ്യത തകർക്കുന്ന സംഭവങ്ങൾ ഉണ്ടായത് കൊണ്ടും യാതൊരു ആധികാരികതയുമില്ലാതെ, തെളിവില്ലാതെ ലോബിയിങ്ങിലുടെ upsc ഇന്റർവ്യൂവിൽ മാർക്ക് നേടാം എന്ന അഭിപ്രായ പ്രകടനത്തിലുഉടെ ഒരു ഭരണഘടനാസ്ഥാപനമായ UPSC യുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി തയ്യാറായത് തീർത്തും നിരുത്തരവാദപരവും വേദനാജനകവുമാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ മകന് സ്വാധീനഫലമായി ഇന്റർവ്യൂവിൽ മാർക്ക് കിട്ടി എന്ന് വളരെ നിസ്സാരമായി പറയുന്നത് കാലങ്ങളായി ഇൻറർവ്യൂ ബോർഡിന്റെ ഭാഗമായി പ്രവർത്തിച്ച, പ്രവർത്തിക്കുന്ന, നൂറു കണക്കിന് പ്രഗത്ഭരായ ബ്യൂറോക്രാറ്റുകളുടെ ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്യലാണ്; മുൻകാലങ്ങളിൽ ഈ പരീക്ഷ പാസായി ഭരണസംവിധാനത്തിന്റെ ഭാഗമായി മാറി രാജ്യത്തിന് വലിയ സംഭാവനകൾ ചെയ്ത വ്യക്തികളുടെ വിജയത്തെ സംശയിക്കലാണ്;
ഈ പരീക്ഷ പാസാകുക എന്ന സ്വപ്നവുമായി ജീവിതത്തിൽ ഒരു വലിയ റിസ്ക് എടുത്തു ഇറങ്ങിത്തിരിച്ചിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ അനാദരിക്കലാണ്; അവരെ ഡീമോറലൈസ് ചെയ്യലാണ്; ഒരു പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കലാണ്..

Totally unbecoming of a person occupying such an office in the field of higher education, that too in Kerala, to raise such an allegation so casually…

https://www.facebook.com/jyothi.vijayakumar.7/posts/1447150968757075

shortlink

Related Articles

Post Your Comments

Related Articles


Back to top button