KeralaLatest NewsNews

തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം മുടങ്ങും

തിരുവനന്തപുരം: നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, അരുവിക്കരയില്‍നിന്ന് ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി, 74എംഎല്‍ഡി ജലശുദ്ധീകരണശാലകളുടെ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചു. നവീകരണജോലികള്‍ക്കായി ഈ ജലശുദ്ധീകരണ ശാലകളുടെ പ്രവര്‍ത്തനം നാലു ഘട്ടമായി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. നവീകരണം പൂര്‍ത്തിയാക്കുന്നതോടെ നഗരത്തില്‍ പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ ജലം കൂടുതലായി എത്തിക്കാന്‍ സാധിക്കും.

നഗരത്തില്‍ ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി ജലശുദ്ധീകരണ ശാലയിലെ പമ്പ് സെറ്റുകള്‍ക്കും അനുബന്ധ വൈദ്യുതോപകരണങ്ങള്‍ക്കും 20 വര്‍ഷത്തെ കാലപ്പഴക്കമുണ്ട്. കാലപ്പഴക്കവും തേയ്മാനവും മൂലും ശേഷി കുറയുന്നതിനാല്‍ നഗരത്തിലേക്കുള്ള ശുദ്ധജലവിതരണത്തില്‍ പലപ്പോഴും കുറവുണ്ടാവുകയാണ്. കാലപ്പഴക്കം ചെന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും മാറ്റുന്നതിനു വേണ്ടിയാണ് നാലു ഘട്ടങ്ങളിലായി ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്. ആദ്യഘട്ടമായി 13.12.2019 ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ 14.12.2019 വെളുപ്പിന് രണ്ടുമണിവരെ 74 എംഎല്‍ഡി ജലശുദ്ധീകരണ ശാലയുടെയും 14.12.2019 ഉച്ചയ്ക്ക് ഒരുമണി വരെ 86എംഎല്‍ഡി ശുദ്ധീകരണ ശാലയുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വരും.

രണ്ടാംഘട്ടത്തില്‍ 04.01.2020ന്, 86 എംഎല്‍ഡി ജലശുദ്ധീകരണശാല 16 മണിക്കൂറും മൂന്നാംഘട്ടത്തില്‍ 11.01.2020 എംഎല്‍ഡി ജലശുദ്ധീകരണ ശാല ആറു മണിക്കൂറും നാലാം ഘട്ടത്തില്‍ 01.02.2020ന് 86 എംഎല്‍ഡി, 74 എംഎല്‍ഡി ജലശുദ്ധീകരണ ശാലകള്‍ 16 മണിക്കൂറും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വരും. ഈ ദിവസങ്ങളില്‍ നഗരത്തില്‍ ശുദ്ധജലവിതരണം മുടങ്ങുന്നതിനാല്‍ പൊതുജനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ച് വാട്ടര്‍ അതോറിറ്റിയുമായി സഹകരിക്കണമെന്ന് പിഎച്ച് സര്‍ക്കിള്‍ തിരുവനന്തപുരം സൂപ്രണ്ടിങ് എന്‍ജിനീയര്‍ അറിയിച്ചു. അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റിക്ക് നിലവില്‍ 86 എംഎല്‍ഡി, 72 എംഎല്‍ഡി, 74 എംഎല്‍ഡി വീതം ശേഷി യുള്ള മൂന്നു ജലശുദ്ധീകരണ ശാലകളാണുളളത്. പുതിയ 75 എംഎല്‍ഡി ജലശുദ്ധീകരണ ശാല നിര്‍മാണം പൂര്‍ത്തായി വരികയാണ്.

ശുദ്ധജലവിതരണം തടസ്സപ്പെടുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തുന്നതാണ്. ആര്‍സിസി, ശീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍ വഴി ബദല്‍ സംവിധാനമൊരുക്കും. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ക്ക് പ്രത്യേകമായി ടാങ്കര്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്താനായി വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പിടിപി നഗര്‍, ചൂഴാറ്റുകോട്ട, ആറ്റിങ്ങല്‍-വാളക്കാട് എന്നിവിടങ്ങളിലെ വെന്‍ഡിങ് പോയിന്‍റുകളില്‍നിന്ന് ജലവിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകള്‍ക്ക് പുറമെ നഗരസഭ, പൊലീസ്, സൈന്യം, സിആര്‍പിഎഫ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളുടെ സേവനവും ഉപയോഗപ്പെടുത്തും.

പൊതുജനങ്ങള്‍ക്ക് ജലവിതരണം സംബന്ധിച്ച സേവനങ്ങള്‍ക്ക് താഴെപ്പറയുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍
8547638181, 0471-2322674, 2322313(തിരുവനന്തപുരം)
9496000685(അരുവിക്കര)

വെന്‍ഡിങ് പോയിന്‍റുകളില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍

വെള്ളയമ്പലം– 8547638181
അരുവിക്കര–9496000685
പിടിപി നഗര്‍–8547638192(14.12.2019 രാവിലെ ഏഴുമണിക്കു ശേഷം)
ചൂഴാറ്റുകോട്ട–8289940618
ആറ്റിങ്ങല്‍ -വാളക്കോട് 8547638358

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍

കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍, കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍ നഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ് ജംങ്ഷന്‍, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോപാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, സിആര്‍പിഎഫ് എന്നീ പ്രദേശങ്ങളില്‍ 13.12.2019 ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ പൂര്‍ണമായും ജലവിതരണം മുടങ്ങുകയും 14.12.2019 ഉച്ചയ്ക്ക് ഒരുമണിക്ക് പണികള്‍ പൂര്‍ത്തിയാക്കി പമ്പിങ് പുനരാരംഭിക്കുകയും 15ാം തീയതി രാത്രിയോടെ ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യും.

തിരുമല, പിടിപി നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്‍, കുണ്ടമണ്‍ഭാഗം, പുന്നയ്ക്കാമുഗള്‍, മുടവന്‍മുഗള്‍, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാല്‍ ഐരാണിമുട്ടം, തമ്പാനൂര്‍, ഈസ്റ്റ്ഫോര്‍ട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് എന്നീ പ്രദേശങ്ങളില്‍ 13.12.2019 ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ പൂര്‍ണമായും ജലവിതരണം മുടങ്ങുകയും 14.12.2019 വെളുപ്പിന് രണ്ടുമണിയോടെ പണികള്‍ പൂര്‍ത്തിയാക്കി, പമ്പിങ് പുനരാരംഭിച്ച് അന്നേദിവസം രാത്രിയോടെ ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button