Latest NewsKeralaNews

അതൊരു പാഴ്ക്കിനാവായിരിക്കുമെന്ന് തിരിച്ചറിയാത്തവരായും കേരളത്തില്‍ ഏതാനും പ്രതിപക്ഷ നേതാക്കള്‍ മാത്രമേ കാണൂ : തോമസ് ഐസക്

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പങ്കെന്താണെന്നും ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ഈ പ്രശ്‌നം ഏറ്റെടുത്ത് കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആസാമിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് കോണ്‍ഗ്രസ് എന്നിട്ടും രാജ്യത്തിന്റെ മുന്നില്‍ എടുത്തു കാണാന്‍ പാകത്തിന് ഒരു സമരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആസാമില്‍ നടന്നിട്ടുണ്ടോ എന്നും മന്ത്രി വിമര്‍ശിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമോയെന്ന ഭയം നിമിത്തം ഹിന്ദുക്കളായ പല കോണ്‍ഗ്രസ് നേതാക്കളും തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കുന്നില്ലെന്ന പരാതി പരസ്യമായി പറഞ്ഞത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണെന്നും അതു മറച്ചുവെയ്ക്കാനാണ് കേരളത്തില്‍ ഈ അഭ്യാസപ്രകടനങ്ങളൊക്കെ കാണിക്കുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിപ്പിച്ചാല്‍ യഥാര്‍ത്ഥ ചോദ്യങ്ങള്‍ ജനം വിഴുങ്ങുമെന്ന വെറുതേ കിനാവു കാണുകയാണ് കേരളത്തിലെ പ്രതിപക്ഷം. അതൊരു പാഴ്ക്കിനാവായിരിക്കുമെന്ന് തിരിച്ചറിയാത്തവരായും കേരളത്തില്‍ ഏതാനും പ്രതിപക്ഷ നേതാക്കള്‍ മാത്രമേ കാണൂ എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പങ്കെന്താണ്? നിയമസഭയിലെ കോലഹലാഭിനയം മതിയാക്കി ജനങ്ങളോടു മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കുണ്ട്. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ഈ പ്രശ്‌നം ഏറ്റെടുത്ത് കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്? ഈ നിയമഭേദഗതിയ്‌ക്കെതിരെ രാഷ്ട്രീയമായി നിരന്തരം സമരം നടക്കുന്നത് കേരളത്തിലും ബംഗാളിലും ത്രിപുരയിലുമാണ്. കോണ്‍ഗ്രസ് അധികാരത്തിലും പ്രതിപക്ഷത്തുമായി എത്ര സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്? ഈ മൂന്നു സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് സമാനമായ ഒരു ജനകീയ മുന്നേറ്റം ഏതെങ്കിലും സംസ്ഥാനത്ത് സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ടോ? എത്ര കോണ്‍ഗ്രസ് നേതാക്കള്‍ സമരമുഖത്തുണ്ട്?

ജനുവരി 30ന് വയനാട്ട് ലോംഗ് മാര്‍ച്ച് നടത്താനെത്തുകയാണ് രാഹുല്‍ ഗാന്ധി. എന്തേ സമാനമായൊരു സമരം അദ്ദേഹം ഇക്കഴിഞ്ഞ വര്‍ഷം വരെ പ്രതിനിധീകരിച്ച ഉത്തര്‍പ്രദേശില്‍ നടത്തുന്നില്ല? പൌരത്വ പ്രശ്‌നത്തില്‍ പോലീസ് ഭീകരതയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആഹ്വാനഭീകരതയും നടക്കുന്ന സംസ്ഥാനമാണല്ലോ ഉത്തര്‍ പ്രദേശ്. അവിടെ കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നത്?

52 ലക്ഷം വോട്ടും 26 സീറ്റുമുണ്ട് കോണ്‍ഗ്രസിന് ആസാമില്‍. പത്തൊമ്പതു ലക്ഷം മനുഷ്യര്‍ തടങ്കല്‍പ്പാളയത്തിലാകാന്‍ പോകുന്ന സംസ്ഥാനം. ആ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് കോണ്‍ഗ്രസ്. ദേശീയ പൌരത്വ രജിസ്റ്റര്‍ എന്ന ഭീഷണിയുടെ തീപ്പൊള്ളല്‍ അനുഭവിച്ചറിഞ്ഞ സംസ്ഥാനമാണ് ആസാം. രാജ്യത്തിന്റെ മുന്നില്‍ എടുത്തു കാണാന്‍ പാകത്തിന് ഒരു സമരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആസാമില്‍ നടന്നിട്ടുണ്ടോ?

മോദി സര്‍ക്കാര്‍ ആസാംകാരുടെ ചുമലില്‍ അടിച്ചേല്‍പ്പിച്ച കെടുതികള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് അണിനിരത്താനോ, നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കും ശക്തമായ താക്കീതാകുംവിധത്തില്‍ ഒരു ജനമുന്നേറ്റത്തിനു രൂപം നല്‍കാനോ ആസാമിലെ കോണ്‍ഗ്രസിന് കഴിയുന്നില്ല. രാഹുലും പ്രിയങ്കയും എ കെ ആന്റണിയുമൊക്കെ ചില സമരമുഖങ്ങളില്‍ അണിനിരക്കുന്നു എന്നതു ശരി തന്നെ. എന്നാല്‍ പരാജിതന്റെ ശരീരഭാഷയിലാണ് അവര്‍ ജനങ്ങളോട് സംഗമിക്കുന്നത്.

അവശേഷിക്കുന്ന ഹിന്ദു വോട്ടു ബാങ്കു കൂടി ചോര്‍ന്നുപോകുമോ എന്ന ആശങ്കയിലാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്. മനുഷ്യനെ മനുഷ്യനായി കാണാനുള്ള വിവേകം കോണ്‍ഗ്രസ് പ്രകടിപ്പിച്ച സന്ദര്‍ഭങ്ങള്‍ വിരളമാണല്ലോ.
കോണ്‍ഗ്രസിന്റെ അകത്തളങ്ങളെ ഭയപ്പെടുത്തുന്ന ആശങ്കകളെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ തന്നെയാണ് തുറന്നു പറയുന്നത്. ഹിന്ദു വോട്ടുകള്‍ നഷ്ടമാകുമോയെന്ന ഭയം നിമിത്തം ഹിന്ദുക്കളായ പല കോണ്‍ഗ്രസ് നേതാക്കളും തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കുന്നില്ലെന്ന പരാതി പരസ്യമായി പറഞ്ഞത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ്.

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി സമ്മേളനത്തിലാണ് ഗുലാംനബി ആസാദിന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കു തന്നെ പരസ്യമായി ഇത്തരത്തില്‍ സംസാരിക്കണ്ടി വന്നിരിക്കുന്നു. ഇതാണ് രാജ്യത്തെ സാഹചര്യം.

അതു മറച്ചുവെയ്ക്കാനാണ് കേരളത്തില്‍ ഈ അഭ്യാസപ്രകടനങ്ങളൊക്കെ കാണിക്കുന്നത്. പ്രധാനപ്പെട്ട വിഷയം രാജ്യം ചര്‍ച്ച ചെയ്യണമെന്നല്ല, ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിപ്പിച്ചാല്‍ യഥാര്‍ത്ഥ ചോദ്യങ്ങള്‍ ജനം വിഴുങ്ങുമെന്ന വെറുതേ കിനാവു കാണുകയാണ് കേരളത്തിലെ പ്രതിപക്ഷം. അതൊരു പാഴ്ക്കിനാവായിരിക്കുമെന്ന് തിരിച്ചറിയാത്തവരായും കേരളത്തില്‍ ഏതാനും പ്രതിപക്ഷ നേതാക്കള്‍ മാത്രമേ കാണൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button