Latest NewsNewsSaudi Arabia

നവയുഗവും എംബസ്സിയും ഇടപെട്ടു; ജോലിസ്ഥലത്തെ ദുരിതങ്ങൾ താണ്ടി മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങൾ കാരണം ജീവിതം വഴിമുട്ടിയ മലയാളി വനിത , ഇന്ത്യൻ എംബസ്സിയുടെയും, നവയുഗം സാംസ്ക്കാരികവേദിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

എറണാകുളം തിരുവല്ല സ്വദേശി കെ.ടി.സുജയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു മാസം മുൻപാണ് സുജ, ഒരു ട്രാവൽ ഏജൻസി വഴി, ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിയ്ക്ക് എത്തിയത്. ആ വീട്ടിൽ ഉള്ള സ്‌പോൺസറുടെ വയസ്സായ അമ്മയെ നോക്കുകയായിരുന്നു പ്രധാന ജോലി.

എന്നാൽ ആ വീട്ടിൽ ആദ്യദിവസം മുതലേ തനിയ്ക്ക് മാനസിക പീഢനവും, കഷ്ടപ്പാടുകളും അനുഭവിയ്ക്കേണ്ടി വന്നതായും, രാപകൽ പണിചെയ്യിപ്പിച്ചിട്ടും, പലപ്പോഴും മതിയായ ആഹാരം പോലും തന്നില്ല എന്നും, അതിനെപ്പറ്റി ചോദിച്ചാൽ സ്ത്രീകൾ ദേഹോപദ്രവം വരെ ഏൽപ്പിച്ചിരുന്നു എന്നും സുജ പറഞ്ഞു.

ഈ വിവരങ്ങളൊക്കെ സുജ നാട്ടിൽ വിളിച്ചു വീട്ടുകാരെ അറിയിച്ചു. തുടർന്ന് സുജയുടെ പിതാവ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പറയുകയും, നോർക്കയിൽ പരാതി കൊടുക്കയും ചെയ്തു. സംസ്ഥാന സർക്കാരിൽ നിന്നും സൗദി ഇന്ത്യൻ എംബസ്സിയിലേയ്ക്ക് പരാതി എത്തിയപ്പോൾ, എംബസ്സി നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവത്തകയുമായ മഞ്ജു മണിക്കുട്ടന് ഈ കേസിൽ ഇടപെടാൻ അനുമതിപത്രം നൽകി ചുമതലപ്പെടുത്തി.

മഞ്ജു മണിക്കുട്ടൻ സുജയെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ തിരക്കി. അവരുടെ നിർദ്ദേശപ്രകാരം സുജ ജോലിസ്ഥലത്തു നിന്നും ഇറങ്ങി, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. മഞ്ജുവും, ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തനായ പദ്മനാഭൻ മണിക്കുട്ടനും കൂടി പോലീസ് സ്റ്റേഷനിൽ എത്തി, സുജയെ ജാമ്യത്തിൽ എടുത്ത്, ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.

മഞ്ജുവും നവയുഗം പ്രവർത്തകരും സുജയുടെ സ്പോൺസറുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല. വിസയ്ക്കായി തനിയ്ക്ക് ചിലവായ പണം തിരികെ നൽകിയാൽ സുജയുടെ കാര്യത്തിൽ ഇടപെടാം എന്ന് സ്പോൺസർ പറഞ്ഞു. തുടർന്ന് മഞ്ജു അറിയിച്ചതിനെത്തുടർന്ന് ഇന്ത്യൻ എംബസ്സി സുജയെ കൊണ്ടുവന്ന ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട്, സ്പോൺസർ വിസയ്ക്ക് നൽകിയ പണം തിരികെ കൊടുക്കാൻ നിർദ്ദേശിച്ചു.

ഒടുവിൽ മഞ്ജു മണിക്കുട്ടൻ വനിതാ അഭയകേന്ദ്രം വഴി സുജയ്ക്ക് എക്സിറ്റ് അടിച്ചു നൽകി. മണിക്കുട്ടന്റെ ഒരു പ്രവാസി സുഹൃത്ത് വിമാനടിക്കറ്റ് സ്പോൺസർ ചെയ്തു. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി സുജ നാട്ടിലേയ്ക്ക് മടങ്ങി.

സാമൂഹ്യപ്രവർത്തകരായ നൗഷാദ് അകോലത്ത്, റഫീഖ് റാവുത്തർ എന്നിവരും ഈ കേസിൽ വിവിധ ഘട്ടങ്ങളിൽ ഇടപെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button