KeralaLatest NewsNews

യു.എന്‍. വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്റര്‍ കേരളത്തില്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എന്‍. വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജെന്‍ഡര്‍ പാര്‍ക്കിനെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി മാറ്റാനാണ് യു.എന്‍. വിമണ്‍ താത്പര്യം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയും ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ധാരണാപത്രം ഉടന്‍ ഒപ്പിടുന്നതാണ്. സ്ത്രീകളുടെ ശാക്തീകരണത്തിനായി കേരളം നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. സാമ്പത്തിക പരിമിതിയില്‍ നിന്നുകൊണ്ട് ഒട്ടേറെ പദ്ധതികള്‍ സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് ജെന്‍ഡര്‍ പാര്‍ക്ക്. ജെന്‍ഡര്‍ പാര്‍ക്കില്‍ ഒരു അന്തര്‍ദേശീയ വാണിജ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ സ്ത്രീകള്‍ക്കായുള്ള വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ കൈപുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകളുടെ തുല്യത, വിദ്യാഭ്യാസം, വോട്ടവകാശം എന്നിവയ്‌ക്കെല്ലാം വലിയ പോരാട്ടമാണ് പഴയ തലമുറ നടത്തിയത്. ഈ കാലഘട്ടത്തിലും സ്ത്രീകളുടെ അവകാശത്തിനായി മതിയായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും ഉയര്‍ന്നു വരുന്നു. ഇവയ്‌ക്കെതിരെ ശക്തമായ നടപടിക്കും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തനുമായാണ് സംസ്ഥാന സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. സ്ത്രീകള്‍ക്ക് ഇപ്പോള്‍ പോലും രാത്രി പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല. ഇതിനൊരു മാറ്റം ഉണ്ടാക്കാനാണ് രാത്രി നടത്തം ആരംഭിച്ചത്. വലിയ പിന്തുണയാണ് രാത്രി നടത്തത്തിന് ലഭിച്ചത്.

വനിത ശിശുവികസന വകുപ്പ് സ്ത്രീകളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. അത്തരത്തിലുള്ള ക്ഷേമ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന കൈപുസ്തകമാണ് ‘സ്ത്രീകള്‍ക്കായി സര്‍ക്കാര്‍’ എന്ന പേരില്‍ വനിത ശിശുവികസന വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇത് സ്ത്രീകള്‍ക്ക് വളരെയേറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, അഡീഷണല്‍ ഡയറക്ടര്‍ സുന്ദരി, ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വനിത ശിശുവികസന വകുപ്പിലെ ജീവനക്കാരുടെയും സ്ഥാപനത്തിലെ താമസക്കാരുടെയും വിവിധ കലാപരിപാടികളും ഇതോടൊപ്പം നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button