KeralaLatest NewsNews

കോവിഡ് കാലത്ത് വേറിട്ട കര്‍മ്മ പദ്ധതിയുമായി ആരോഗ്യ ജാഗ്രത 2020: ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുന്നതിന് മുമ്പ് വളരെ ശ്രദ്ധിക്കണം

തിരുവനന്തപുരം • കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ ജാഗ്രത 2020 പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം വിവിധ വകുപ്പുകളുടെ വീഡിയോ കോണ്‍ഫറന്‍സ് നടന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ചെയ്യുന്നതിന് 2018 മുതല്‍ നടപ്പിലാക്കി വരുന്ന കര്‍മ്മ പദ്ധതിയാണ് ആരോഗ്യ ജാഗ്രതയെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിനും ലോക് ഡൗണിന് ശേഷം സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് പ്രത്യേക കര്‍മ്മപദ്ധതി നടപ്പിലാക്കുന്നതിനും കൊതുകു നിവാരണ നിയന്ത്രണ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായാണ് കോണ്‍ഫറന്‍സ് നടത്തിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

ലോക്ഡൗണിന് ശേഷം അടഞ്ഞുകിടക്കുന്ന ഓഫീസുകളും പൊതു സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് മുമ്പായി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണെന്ന് യോഗം വിലയിരുത്തി. ഓരോ വകുപ്പുകളും നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചു യോഗം പ്രത്യേകം വിലയിരുത്തുകയുണ്ടായി. കൊതുക്, ഈച്ച, എലി തുടങ്ങിയ ക്ഷുദ്ര ജീവികള്‍ പെരുകുന്നതിനുള്ള സാഹചര്യം വിലയിരുത്തുകയും അവയെ നീക്കം ചെയ്തു സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്.

ആരോഗ്യവകുപ്പിന് കീഴില്‍ ഇപ്പോള്‍ നടത്തിയ വെക്ടര്‍ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം പൊതുസ്ഥലങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വീടുകളുടെ പരിസരങ്ങളില്‍ നിന്നും കൊതുകിന്റെ ഉറവിടങ്ങള്‍ ധാരാളമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ അവ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് താഴെപ്പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കുന്നതിന് യോഗം തീരുമാനിച്ചു.

ആശുപത്രികള്‍, ഓഫീസുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവയിലും അവയുടെ പരിസരങ്ങളിലും കൊതുക് വളരുന്ന സാഹചര്യമില്ലെന്ന് ഉറപ്പ് വരുത്തുന്നതോടൊപ്പം മാലിന്യമുക്തമാണെന്നും സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. സ്‌കൂളുകളിലെയും കോളേജുകളിലെയും കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് സുരക്ഷ ഉറപ്പു വരുത്തേണ്ടതാണ്.

പൊതുസ്ഥലങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള പ്രത്യേക സമിതികള്‍ ഇത് വിലയിരുത്തേണ്ടതും വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരമോ മുനിസിപ്പാലിറ്റി/പഞ്ചായത്ത് രാജ് നിയമ പ്രകാരമോ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഫറന്‍സില്‍ ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി എന്നിവരെ കൂടാതെ തദ്ദേശസ്വയംഭരണം, ജലവിഭവം, വാട്ടര്‍ അതോറിറ്റി, സ്വകാര്യ ആശുപത്രി ഡോക്ര്‍മാരുടെ സംഘടന, റെയില്‍വേ, മൃഗസംരക്ഷണം, സാമൂഹ്യനീതി, വനം, കോളേജ് വിദ്യാഭ്യാസം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം, ശുചിത്വമിഷന്‍, ഹരിത കേരളം, ആഭ്യന്തരം തുടങ്ങി വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button