KeralaLatest NewsNews

ഇന്നലെ 84 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, മൂന്നു പേർക്ക് രോഗമുക്തി

തിരുവനന്തപുരം • കേരളത്തിൽ വ്യാഴാഴ്ച 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരുദിവസം റിപ്പോർട്ടുചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതിൽ അഞ്ചുപേരൊഴികെ രോഗം ബാധിച്ചവർ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. 31 പേർ വിദേശത്തുനിന്നും 48 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും. ഇന്ന് മൂന്നു പേർ രോഗമുക്തി നേടി.

വ്യാഴാഴ്ച ഒരു മരണവുമുണ്ടായി. തെലങ്കാന സ്വദേശിയായ അഞ്ജയ്യ (68) ആണ് മരിച്ചത്. തെലങ്കാനയിലേക്കു പോകേണ്ട അദ്ദേഹവും കുടുംബവും 22ന് രാജസ്ഥാനിൽ നിന്നുള്ള ട്രെയിനിൽ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

രോഗം ബാധിച്ചവരിൽ 31 പേർ മഹാരാഷ്ട്രയിൽ നിന്നു വന്നവരാണ്. തമിഴ്നാട് 9, കർണാടക 3, ഗുജറാത്ത് 2, ഡെൽഹി 2, ആന്ധ്ര 1, സമ്പർക്കം 5 എന്നിങ്ങനെയാണ് മറ്റ് പോസിറ്റീവ് കേസുകൾ. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒന്നുവീതം ആളുകളാണ് രോഗമുക്തി നേടിയത്.

ഇതുവരെ 1088 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 526 പേർ ഇപ്പോൾ ചികിത്സയിലാണ്. 1,15,297 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1,14,305 പേർ വീടുകളിലോ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലോ ആണ്. 992 പേർ ആശുപത്രികളിലുമാണ്. വ്യാഴാഴ്ച 210 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 60,685 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 58,460 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 9,937 സാമ്പിളുകൾ ശേഖരിച്ചതിൽ 9,217 എണ്ണം നെഗറ്റീവായി. ആകെ 82 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. വ്യാഴാഴ്ച പുതുതായി ആറു സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ടായി. കാസർകോട് മൂന്നും പാലക്കാട്ടെ രണ്ടു പഞ്ചായത്തുകളും കോട്ടയത്തെ ചങ്ങനാശേരി മുനിസിപ്പാലിറ്റിയുമാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.

ഏറ്റവും കൂടുതൽ ആളുകൾ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിലാണ്- 105 പേർ. കണ്ണൂരിൽ 93 പേരും കാസർകോട് 63 പേരും മലപ്പുറത്ത് 52 പേരുമാണ് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button