KeralaLatest NewsNews

ഇതു പോലുള്ള എത്രയെത്ര ജന്മങ്ങൾ നമ്മളറിയാതെ, ഭാര്യമാരുടെ മടിക്കുത്തഴിപ്പിച്ചു കിട്ടുന്ന കാശിനു മദ്യവും മയക്കുമരുന്നുമായി ജീവിക്കുന്നു; കെട്ടിയവൻ” പട്ടം ചാർത്തി ഇതു പോലുള്ളവനെയൊക്കെ വാഴിച്ചിട്ടെന്തിനാ സഹോദരിമാരെ; അധ്യാപികയുടെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം കഠിനംകുളത്ത് ഭര്‍ത്താവ് പണം വാങ്ങി ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയും, നാലുവയസുകാരന്‍ മകന്റെ മുന്നില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയാകുകയും ചെയ്ത വാര്‍ത്ത‍ ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. ഈ സംഭവത്തില്‍ പശ്ചാത്തലത്തില്‍ ഞെട്ടലും അമര്‍ഷവും പങ്കുവച്ച് അധ്യാപികയായ ഡോ.അനുജ ജോസഫ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുകയാണ്. മദ്യപാനികളായ സുഹൃത്തുക്കൾക്ക് ഭാര്യയെ കാഴ്ച വച്ച് കാശും മേടിച്ചു കൂസലില്ലാണ്ടു മാറിക്കൊടുത്ത ആ ഭർത്താവു മഹാനെയൊക്കെയങ്ങു തൂക്കിക്കൊല്ലണമെന്ന് അനുജ പറയുന്നു.

ഇതു പോലുള്ള എത്രയെത്ര ജന്മങ്ങൾ നമ്മളറിയാതെ, ഭാര്യമാരുടെ മടിക്കുത്തഴിപ്പിച്ചു കിട്ടുന്ന കാശിനു മദ്യവും മയക്കുമരുന്നുമായി ജീവിക്കുന്നുണ്ടാകുമെന്നും ജീവച്ഛവമായി തീർന്ന എത്ര സ്ത്രീകള്‍ ഉണ്ടാകുമെന്നും അനുജ ചോദിക്കുന്നു. മാനവും മര്യാദയുമായി കുടുംബം പോറ്റാണ്ടു കള്ളും കഞ്ചാവുമായി ജീവിക്കുന്നവനെയൊക്കെ പ്രതീക്ഷിച്ചിരിക്കുന്ന പെണ്ണുങ്ങളെ, രാത്രിയോ പകലോ എന്നില്ലാതെ വല്ല കൂട്ടിക്കൊടുപ്പുകാർക്കും മുന്നിൽ തീരേണ്ടതല്ല സ്ത്രീയുടെ ജീവിതമെന്നും അതില്‍ നിന്ന് ശക്തയായി പുറത്തുവരണമെന്നും അനുജ കുറിക്കുന്നു.

ഡോ. അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

മദ്യപാനികളായ സുഹൃത്തുക്കൾക്ക് ഭാര്യയെ കാഴ്ച വച്ച് കാശും മേടിച്ചു കൂസലില്ലാണ്ടു മാറിക്കൊടുത്ത ആ ഭർത്താവു മഹാനെയൊക്കെയങ്ങു തൂക്കിക്കൊല്ലണം,

കഠിനംകുളത്തു ഭർത്താവു “മഹാന്റെ ” സുഹൃത്തുക്കളാൽ കൂട്ടബലാത്സംഗത്തിരയായി തീർന്ന യുവതി, അതും സംരക്ഷണം നൽകേണ്ട ഭർത്താവിന്റെ അറിവോടെയും ! നാലു വയസ്സുകാരനായ മകന്റെ മുന്നിലിട്ട് അവളെ പിച്ചിച്ചീന്തിയപ്പോൾ, പിടഞ്ഞ ആ കുഞ്ഞുമനസ്സെന്നെ വല്ലാതെ നൊമ്പരപെടുത്തുന്നു. മ്ലേച്ഛത ! മനുഷ്യജന്മം പൂണ്ട അസുരന്മാരുടെ.

ഇതു പോലുള്ള എത്രയെത്ര ജന്മങ്ങൾ നമ്മളറിയാതെ, ഭാര്യമാരുടെ മടിക്കുത്തഴിപ്പിച്ചു കിട്ടുന്ന കാശിനു മദ്യവും മയക്കുമരുന്നുമായി ജീവിക്കുന്നു.ജീവച്ഛവമായി തീർന്ന പെണ്ണുങ്ങളെത്ര പേർ, ഒച്ചയിടാനും കണ്ണീർവാർക്കാനുമൊക്കെ മറന്നു പോയ പാവങ്ങൾ.

സുരക്ഷിതമല്ലാത്ത ജീവിതസാഹചര്യങ്ങളിൽ നിന്ന് പുറത്തു വരാൻ കഴിയണം ഓരോ പെണ്ണിനും, അന്തിക്കൂട്ടിനു ഒരാൾ, വഴിയേ പോകുന്നവന്മാരുടെയൊക്കെ വായിലിരിക്കുന്നതു കേൾക്കാണ്ടിരിക്കാൻ, “കെട്ടിയവൻ” പട്ടം ചാർത്തി ഇതു പോലുള്ളവനെയൊക്കെ വാഴിച്ചിട്ടെന്തിനാ സഹോദരിമാരെ,നിങ്ങളുടെ മാനത്തിനു വിലപറയുന്നവന്റെയൊക്കെ കരണം പുകയ്ക്കാൻ കഴിയാത്തവന്റെയൊക്കെ എന്തു സംരക്ഷണമാണ് പ്രതീക്ഷിച്ചോണ്ടിരിക്കുന്നെ.

കുഞ്ഞുങ്ങളെയും നോക്കി, അന്തസ്സായി ജീവിക്കാനുള്ള എത്രയോ സാഹചര്യങ്ങളുണ്ട്. മദ്യവും കഞ്ചാവുമായി നടക്കുന്നവന്റെയൊക്കെ കൂടെ എന്ത് ഉറപ്പിൽ നാളെ ജീവിക്കും.കുഞ്ഞുങ്ങൾക്ക് സുരക്ഷയുണ്ടോ, അതുമില്ല, ഒരു വയസ്സു പ്രായമുള്ള ചോരകുഞ്ഞിനെ പോലും വെറുതെ വിടാത്തവരുടെ ലോകമാണിത്.

ഇനിയിപ്പോൾ മദ്യം വിഷമാണ്, നിരോധിക്കണമെന്നങ്ങാനും പറയേണ്ട താമസം, മദ്യപാനികളുടെ ആരോഗ്യം, പ്രശ്നങ്ങൾ ഇതും പറഞ്ഞു ആളെത്തും. അതോണ്ട് ആ ചർച്ച വെറുതെയാണ്. മദ്യം കഴിക്കുന്നവരൊക്കെ പ്രശ്നക്കാരെന്നും കവി ഇവിടെ ഉദ്ദേശിച്ചിട്ടില്ല.

മാനവും മര്യാദയുമായി കുടുംബം പോറ്റാണ്ടു കള്ളും കഞ്ചാവുമായി ജീവിക്കുന്നവനെയൊക്കെ പ്രതീക്ഷിച്ചിരിക്കുന്ന പെണ്ണുങ്ങളെ, രാത്രിയോ പകലോ എന്നില്ലാതെ വല്ല കൂട്ടിക്കൊടുപ്പുകാർക്കും മുന്നിൽ തീരേണ്ടതല്ല നിന്റെ ജീവിതം. കണ്ണീരു വറ്റിയ ജീവിതമായി കാലയവനികക്കുള്ളിൽ മറയാതെ , നീ ജ്വലിക്കണം, ശക്തിയായി തീർന്നിടണം.

സ്നേഹത്തിനു മുന്നിൽ തോറ്റു പോകുന്ന നിന്റെ ആ മനസ്സിനെ മാനിക്കാൻ കഴിവുള്ളവർക്കു മുന്നിൽ മാത്രം പുഴയായി തീരുക, ഇന്നിന്റെ ലോകത്തിൽ, അഗ്നിയായി പകർന്നാട്ടം നടത്തുക. അപലയെന്ന വിളിപ്പേരിൽ ഒളിഞ്ഞിരിക്കും വിഷപ്പുക അറിയാതെ പോകരുതേ.

Dr. Anuja Joseph
Assistant Professor
Trivandrum.

shortlink

Related Articles

Post Your Comments

Related Articles


Back to top button