Latest NewsNewsSaudi ArabiaGulf

അൽകോബാറിലെ എയർഇന്ത്യ ഓഫിസ് കേന്ദ്രമാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ അടിയന്തരനടപടികൾ സ്വീകരിയ്ക്കുക: നവയുഗം

ദമ്മാം: അൽകോബാറിലുള്ള എയർ ഇന്ത്യ ഓഫിസ് കേന്ദ്രീകരിച്ചു, വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേയ്ക്ക് മടങ്ങാൻ വിമാനടിക്കറ്റ് എടുക്കാനെത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും, ഈ കോക്കസിനെതിരെ അടിയന്തരനടപടികൾ സ്വീകരിയ്ക്കാൻ ഇന്ത്യൻ എംബസ്സി തയ്യാറാകണമെന്നും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

നാട്ടിലേയ്ക്ക് മടങ്ങാനുള്ള ലിസ്റ്റിൽ പേര് വന്നതിനെത്തുടർന്ന്, ഇന്ത്യൻ എംബസ്സിയിൽ നിന്നും ഫോൺ വിളി കിട്ടിയതനുസരിച്ച്, വിമാനടിക്കറ്റ് എടുക്കാൻ എത്തുന്ന പ്രവാസികളെ, പല രീതിയിലാണ് അൽകോബാറിലുള്ള എയർ ഇന്ത്യ ഓഫിസിലുള്ളവർ കഷ്ടപെടുത്തുന്നത്.

എംബസ്സി നൽകിയ റഫറൻസ് നമ്പർ സഹിതം എത്തുന്ന പലരെയും, “എംബസ്സി നൽകിയ ലിസ്റ്റിൽ പേരില്ല” എന്ന് പറഞ്ഞു, ടിക്കറ്റ് കൊടുക്കാതെ തിരിച്ചയയ്ക്കുന്ന സംഭവങ്ങൾ ദിവസവും നടക്കുന്നു. എംബസ്സിയിൽ

മറ്റു ചിലരിൽ നിന്നും വിമാന ടിക്കറ്റിനുള്ള പൈസ വാങ്ങിയിട്ട് പിന്നീട് വന്നു ടിക്കറ്റ് വാങ്ങാൻ പറഞ്ഞയയ്ക്കുകയും, പിന്നീട് ഫോൺ ചെയ്ത്, ബിസിനസ്സ് ക്‌ളാസ് ടിക്കറ്റ് മാത്രമേയുളളൂ എന്നും അതിനായി ടിക്കറ്റ് ഒന്ന് ആയിരത്തോളം റിയൽ കൂടുതൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് , ആ കാശു കൂടി വാങ്ങുന്ന തട്ടിപ്പും അരങ്ങേറുന്നുണ്ട്.

വൻവിലവർദ്ധനവ് ഏർപ്പെടുത്തിയതിനു പുറമെ പല സീറ്റുകൾക്കും പല റേറ്റുകൾ, പല സമയങ്ങളിലായി പറഞ്ഞു പ്രവാസികളെ നെട്ടോട്ടം ഓടിയ്ക്കുന്നതും പതിവാണ്. ജോലി നഷ്ടമായും, ആരോഗ്യപ്രശ്നങ്ങൾ മൂലവും, ബന്ധുക്കളുടെ മരണം മൂലവുമൊക്കെ എങ്ങനെയും നാട്ടിലേയ്ക്ക് എത്താൻ ഗതികെട്ട് ഓടിനടക്കുന്ന ശ്രമിയ്ക്കുന്ന പ്രവാസികളെയാണ് ഇങ്ങനെ എയർ ഇന്ത്യ ചൂഷണം ചെയ്യുന്നത്. തികച്ചും മനുഷ്യത്വരഹിതമായാണ് ആ ഓഫിസിൽ ഉള്ളവർ പ്രവാസികളോട് പെരുമാറുന്നത്.

എംബസ്സി നിർദ്ദേശപ്രകാരം വിമാനടിക്കറ്റ് വാങ്ങാനായി ജൂബയിലും,കഫ്ജിയും അടക്കമുള്ള ദൂരസ്ഥലങ്ങളിൽ നിന്നും എത്തിയ പല പ്രവാസികളും, ടിക്കറ്റ് തരില്ലെന്നറിഞ്ഞപ്പോൾ ഓഫിസിനു മുന്നിൽ നിന്നും നെഞ്ചു പൊട്ടിക്കരയുന്ന ദയനീയ ദൃശ്യങ്ങളും അവിടെ കാണാം. ഇത്തരം തെറ്റായ നടപടികളെ ചോദ്യം ചെയ്ത നവയുഗം ജീവകാരുണ്യപ്രവർത്തകനും, എംബസ്സി വോളന്ടീറുമായ പദ്മനാഭൻ മണികുട്ടനെ എയർഇന്ത്യയുടെ ആ ഓഫിസിൽ നിന്നും ബലമായി പിടിച്ചു പുറത്താക്കിയ സംഭവവും ഇന്നുണ്ടായി.

ഒരു ബിസ്നെസ്സ് സ്ഥാപനം സ്വീകരിയ്ക്കേണ്ട പ്രൊഫഷണൽ സമീപനമോ, ‘വന്ദേഭാരത് മിഷൻ’ പോലെയൊരു കേന്ദ്രസർക്കാർ പ്രോജെക്ടിനോട് കാണിയ്ക്കേണ്ട ആത്മാർത്ഥതയോ, ഇന്ത്യൻ പ്രവാസികളോട് അൽപം സ്നേഹമോ കാണിയ്ക്കാത്ത എയർഇന്ത്യയുടെ ഈ നടപടികൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പറഞ്ഞു.

എന്ത് കൊണ്ടാണ് എയർ ഇന്ത്യയെപ്പോലുള്ള ഒരു ദേശീയ സ്ഥാപനം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതെന്നതിന് തെളിവാണ് അൽകോബാർ ഓഫിസ് ജീവനക്കാരുടെ ഇത്തരം സമീപനം കാണിയ്ക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ സൗദി ഇന്ത്യൻ എംബസ്സിയും, വിദേശകാര്യമന്ത്രാലയവും സ്വീകരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ, മറ്റു പ്രവാസി സംഘടനകളുമായി സഹകരിച്ചു, ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുന്നത് ഉൾപ്പെടെയുള്ള പ്രതിഷേധനടപടികളുമായി, മുന്നോട്ടു പോകുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button