Latest NewsNewsInternational

വിവാഹം, സംസ്‌കാര ചടങ്ങുകൾ എന്നിവയ്ക്ക് പുതിയ മാനദണ്ഡവുമായി സർക്കാർ

വധൂവരന്മാരുടെ രണ്ട് കുടുംബങ്ങളിലെയും ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കുപോലും ചടങ്ങില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണമുണ്ട്.

അബൂദബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ സാമൂഹിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പുതിയ മാനദണ്ഡവുമായി സർക്കാർ. ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമാണ് പുതിയ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചത്.

വിവാഹം, മരണം ഉള്‍പ്പെടെയുള്ള കുടുംബ സംഗമങ്ങള്‍ നടത്തുന്നതിനുമാണ് യൂ എ ഇ ഒട്ടേറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വധൂവരന്മാരുടെ രണ്ട് കുടുംബങ്ങളിലെയും ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കുപോലും ചടങ്ങില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണമുണ്ട്. പത്തുപേരില്‍ കൂടുതല്‍ പ​ങ്കെടുക്കരുത്​.

നിയന്ത്രണങ്ങൾ

  • കോവിഡ് വൈദ്യപരിശോധന 24 മണിക്കൂര്‍ മുൻപ് നടത്തുന്നത് നല്ലതാണ്.
  • ബുഫെ ഭക്ഷണങ്ങള്‍ അനുവദനീയമല്ല.
  • ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ പാത്രങ്ങളും കപ്പുകളും ഒരു പ്രാവശ്യം ഉപയോഗിച്ചശേഷം കളയാവുന്നതാണ്.
  • സാമൂഹിക പരിപാടികൾ നടക്കുന്ന സ്ഥലത്തെ ഉപരിതലങ്ങളും സൗകര്യങ്ങളും നിരന്തരം അണുവിമുക്തമാക്കുന്നതും നല്ലതാണ്.

സാമൂഹിക പരിപാടികള്‍ നിരീക്ഷിക്കുന്നതിനും പ്രോട്ടോകോള്‍ അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അധികാരികള്‍ പ്രതിജ്ഞാബദ്ധരാണെന്നും യൂ എ ഇ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കല്‍, സോപ്പു ലായനി ഉപയോഗിച്ച്‌ കൈകഴുകല്‍, തുമ്മലിന്റെയും ചുമയുടെയും മര്യാദകള്‍, മാസ്‌ക് ധരിക്കല്‍ എന്നിവയെക്കുറിച്ചുള്ള ബോധവത്​കരണവും പ്രധാനമാണ്. രണ്ട് മീറ്ററില്‍ കുറയാത്ത അകലം പാലിക്കണം. ശ്വാസകോശ ലക്ഷണങ്ങളോ പനിയോ അനുഭവപ്പെടുന്നവര്‍ ചടങ്ങുകളില്‍ പങ്കെടുക്കരുത്​. വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകളെയും പ്രായമായവരെയും പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.

Read Also: യുഎഇയിലേക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നവർ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ അറിയിപ്പ്

സംസ്‌കാര ചടങ്ങുകള്‍

ശ്മശാനങ്ങളിലെ തൊഴിലാളികളും മാസ്‌ക് നിർബന്ധമായും ധരിക്കണം. സംസ്‌കാര ചടങ്ങുകൾ പൂര്‍ത്തിയാകുന്നതിന് മുമ്പും ശേഷവും ഉപയോഗിച്ച ഉപകരണങ്ങള്‍ അണുവിമുക്തമാക്കണം. ജലത്തിന്റെ അഭാവത്തില്‍ 60 മുതല്‍ 80 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ അംഗീകൃത അണുനാശിനികള്‍ ഉപയോഗിക്കാം. സംസ്‌കാര ചടങ്ങുകളിലും പത്തില്‍ കൂടുതല്‍ പേര്‍ പ​ങ്കെടുക്കരുത്​.

ഖബറിടം കുഴിക്കാന്‍ രണ്ടുപേരില്‍ കൂടുതല്‍ പാടില്ല. സംസ്‌കാരം നടത്തുന്നവരുടെ എണ്ണം നാലുമുതല്‍ എട്ടുവരെയായി പരിമിതപ്പെടുത്തണം. ശ്മശാനങ്ങളിലെ തൊഴിലാളികള്‍ക്ക് ശ്വാസകോശ ലക്ഷണങ്ങള്‍ വെളിപ്പെടുത്തിയാല്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം. സെമിത്തേരികളുടെ ഗേറ്റില്‍ കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ട ബോധവത്​കരണ പോസ്​റ്ററുകള്‍ പ്രസിദ്ധീകരിക്കണം.

പ്രതിരോധ നടപടികളെക്കുറിച്ച്‌ മരണപ്പെട്ടവരുടെ ബന്ധുക്കളെ ബോധവത്കരിക്കുന്നതിനാണിത്. പ്രതിരോധ നടപടികള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സൂപ്പര്‍വൈസര്‍മാര്‍ ശ്​മശാനങ്ങളില്‍ ഉണ്ടാവണം. തിരക്ക് തടയുന്നതിനും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനും സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ആവശ്യമാണെന്ന് യു.എ.ഇ ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയവും ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശിച്ചു.

shortlink

Post Your Comments


Back to top button