KeralaLatest NewsNews

പെരിയാറില്‍ ചാടി മുങ്ങി മരിച്ചെന്ന് വരുത്തി തീര്‍ത്ത് യുവാവിന്റെ നാടകം : പഞ്ചാബി ഹൗസ് സിനിമയിലേത് പോലെ ജീവിതത്തിലെ തിരക്കഥ

ആലുവ: പെരിയാറില്‍ ചാടി മുങ്ങി മരിച്ചെന്ന് വരുത്തി തീര്‍ത്ത് യുവാവിന്റെ നാടകം , പഞ്ചാബി ഹൗസ് സിനിമയിലേത് പോലെ ജീവിതത്തിലെ തിരക്കഥ . പെരിയാറില്‍ ചാടി മരിച്ചെന്ന് കരുതിയ യുവാവ് കോട്ടയത്ത് ‘പൊങ്ങി’. ‘ജീവനോടെ’ പിടികൂടി പൊലീസ്. ആലുവ മണപ്പുറത്ത് പുഴയില്‍ ചാടി ജീവനൊടുക്കിയെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച ശേഷം നാടുവിട്ട മുപ്പത്തടം കീലേടത്ത് വീട്ടില്‍ സുധീറിനെ(38)യാണ് കോട്ടയത്തുനിന്ന് ആലുവ പൊലീസ് കയ്യോടെ പിടികൂടിയത്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത കാരണമാണ് ഇത്തരമൊരു നാടകം കളിച്ച് നാടുവിട്ടതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

Read Also : തന്റെ അവിഹിത ബന്ധം കണ്ടെത്തിയതിന് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം പുറംലോകമറിഞ്ഞതോടെ ന്യായീകരണവുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍

വെള്ളിയാഴ്ചയാണ് മണപ്പുറം ഭാഗത്തെ പെരിയാറിന്റെ കരയില്‍ നിന്നും വസ്ത്രങ്ങളും ചെരിപ്പും മൊബൈല്‍ ഫോണുമടക്കം കണ്ടെത്തിയത്. ഇതുകണ്ട് ആരോ പുഴയില്‍ ചാടിയെന്ന് കരുതിയതോടെ നാട്ടുകാര്‍ പുഴയിലിറങ്ങി തിരച്ചില്‍ ആരംഭിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈകാതെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിലില്‍ പങ്കാളികളായി.

ഇതിനിടെ വസ്ത്രങ്ങളും ഫോണും മുപ്പത്തടം സ്വദേശി സുധീറിന്റെയാണെന്ന് തിരിച്ചറിഞ്ഞു. വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാല്‍ സുധീര്‍ പെരിയാറില്‍ ചാടി ജീവനൊടുക്കി എന്നുതന്നെയായിരുന്നു നിഗമനം. എന്നാല്‍ മണിക്കൂറുകളോളം പെരിയാറില്‍ തിരച്ചില്‍ നടത്തിയിട്ടും സുധീറിനെ കണ്ടെത്താനായില്ല.

ശനിയാഴ്ചയും നാട്ടുകാരുടെ പ്രത്യേകസംഘം തിരച്ചിലിനിറങ്ങി നിരാശരായി മടങ്ങി. ഒപ്പം അഗ്നിരക്ഷാസേനയും തിരച്ചില്‍ അവസാനിപ്പിച്ചു. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടതോടെയാണ് യുവാവ് പുഴയില്‍ ചാടിയ സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. കാണാതായ സുധീര്‍ വീട്ടിലേക്ക് ഫോണ്‍വിളിച്ച് താന്‍ കോട്ടയത്തുണ്ടെന്ന് പറഞ്ഞതായി ഇയാളുടെ സഹോദരനും ഭാര്യയും പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞയുടന്‍ ആലുവ സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോട്ടയത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

സ്ഥിരമായി വലിയ തുകയ്ക്ക് ലോട്ടറി എടുക്കുന്നയാളായിരുന്നു സുധീര്‍. ഇതിലൂടെ എട്ട് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. കടക്കാരില്‍നിന്ന് രക്ഷപ്പെടാനായാണ് പെരിയാറില്‍ ചാടി മരിച്ചെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച പുതിയ വസ്ത്രങ്ങളെല്ലാം വാങ്ങി മണപ്പുറം ഭാഗത്ത് എത്തിയ യുവാവ് നേരത്തെ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അവിടെ അഴിച്ചുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ വസ്ത്രങ്ങളണിഞ്ഞ് കോട്ടയം ഭാഗത്തേക്ക് കടക്കുകയും ചെയ്തു. എന്നാല്‍ രണ്ട് ദിവസമായി തനിക്ക് വേണ്ടി നാട്ടുകാര്‍ ഒന്നടങ്കം തിരച്ചില്‍ നടത്തുന്നതും കോട്ടയത്ത് താമസിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലാതായതോടും കൂടി വീട്ടിലേക്ക് വിളിച്ച് സത്യം വെളിപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button