Latest NewsIndia

‘റൊട്ടി വിളമ്പുന്ന പെണ്‍കുട്ടി’; കര്‍ഷക സമരാനുകൂലികള്‍ വ്യാപകമായി പങ്കുവച്ച ചിത്രം വ്യാജം

പ്രക്ഷോഭ സ്ഥലത്ത് കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയാണ് കുട്ടിയുടെ ചിത്രം പകര്‍ത്തിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

‘ഒരു പാത്രത്തില്‍ റൊട്ടികളുമായി ചിരിച്ചു കൊണ്ടു നില്‍ക്കുന്ന കൊച്ചു പെണ്‍കുട്ടി’, ‘കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ വര്‍ദ്ധിത വീര്യത്തോടെ സമരം നയിക്കുന്ന കര്‍ഷകര്‍ക്കുള്ള ആഹാരം വിതരണം ചെയ്യുകയാണ് ഈ കൊച്ചു മിടുക്കി’, ഇത്തരം തലക്കെട്ടുകളോട് കൂടി ഏതാനും ദിവസങ്ങളായി ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കൈയ്യില്‍ റൊട്ടിയുമായി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.

ഷിരോമണി അകാലിദള്‍ നേതാവും പഞ്ചാബിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ദല്‍ജിത് സിംഗ് ചീമയും ഫേസ്ബുക്കില്‍ ചിത്രം പങ്കുവച്ചിരുന്നു. ‘ സമരം നയിക്കുന്ന കര്‍ഷക യോദ്ധാക്കള്‍ക്ക് പഞ്ചാബിന്റെ പുത്രി തന്റെ ചെറിയ കരങ്ങളാല്‍ ഭക്ഷണം നല്‍കുന്നു ‘ എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം ചിത്രം ഷെയര്‍ ചെയ്തത്. പ്രക്ഷോഭ സ്ഥലത്ത് കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയാണ് കുട്ടിയുടെ ചിത്രം പകര്‍ത്തിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തിയ കൊച്ചു കുട്ടിയെന്ന പേരില്‍ നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.എന്നാല്‍, ഇത് ഒരു ലംഗറില്‍ (ഗുരുദ്വാരകളില്‍ എല്ലാവര്‍ക്കും ഭക്ഷണം സൗജന്യമായി നല്‍കുന്ന സമൂഹ അടുക്കള) ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കൊച്ചു കുട്ടിയുടെ പഴയ ചിത്രമാണ്. സത്യത്തില്‍ 2017 മുതല്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയിലുണ്ട്. ‘ഗുരു കാ ലംഗര്‍’ എന്ന ലംഗറിന്റെ ഫേസ്ബുക്ക് പേജില്‍ 2017 ജൂലായ് 14ന് ഈ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു.

ഹിമാചല്‍ പ്രദേശിലെ പാവോണ്ട സാഹിബ് ടൗണ്‍ ആണ് ചിത്രത്തിന്റെ ലൊക്കേഷന്‍ എന്നാണ് കാണിക്കുന്നത്. ഏതായാലും ചിത്രം 2017 മുതല്‍ സോഷ്യല്‍ മീഡിയയിലുണ്ടെന്ന് വ്യക്തമാണ്. ഈ വസ്തുത പുറത്തുവന്നതോടെ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കുട്ടിയെന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജമാണെന്നാണ് തെളിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button