Latest NewsNewsIndia

കുടുംബ സങ്കല്‍പ്പത്തിന് വിരുദ്ധം ; സ്വവര്‍ഗ വിവാഹത്തെ ശക്തമായി എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍

ഹിന്ദു വിവാഹത്തില്‍ സ്വവര്‍ഗ വിവാഹത്തിനും അനുമതി നല്‍കണം എന്ന ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ സത്യവാങ്മൂലം നല്‍കിയത്

ന്യൂഡല്‍ഹി : സ്വവര്‍ഗ വിവാഹത്തെ ശക്തമായി എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. സ്വവര്‍ഗ വിവാഹം കുടുംബ സങ്കല്‍പ്പത്തിന് വിരുദ്ധമെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. രാജ്യത്തെ വിവാഹ നിയമങ്ങള്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയും ഐക്യത്തെ മാത്രം അംഗീകരിക്കുന്നതാണെന്നും എന്നാല്‍ സ്വവര്‍ഗ വിവാഹം ഇതിന് വിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഹിന്ദു വിവാഹത്തില്‍ സ്വവര്‍ഗ വിവാഹത്തിനും അനുമതി നല്‍കണം എന്ന ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ സത്യവാങ്മൂലം നല്‍കിയത്. കേസ് ഇനി ഏപ്രില്‍ മാസത്തിലാണ് കോടതി വീണ്ടും പരിഗണിക്കുക. ഒരേ ലിംഗത്തിലെ പങ്കാളിയുമായി ഒരുമിച്ച് ജീവിക്കുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്നിങ്ങനെയുളള ഇന്ത്യന്‍ കുടുംബം എന്ന ആശയവുമായി അതിനെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

ഒരേ ലിംഗക്കാരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് ഇപ്പോഴുളള നിയമ വ്യവസ്ഥകളെ ലംഘിക്കുന്നതാണ്. സ്വവര്‍ഗ വിവാഹം മൗലിക അവകാശമല്ല. രാജ്യത്തെ വിവാഹ നിയമങ്ങള്‍ എന്നത് മതപരമായ അനുമതി വഴിയും പിന്നീട് പാര്‍ലമെന്റ് രൂപം നല്‍കിയ നിയമങ്ങള്‍ വഴിയും അനുമതി ലഭിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഇടപെടലുകള്‍ രാജ്യത്തെ സൂക്ഷ്മമായ വ്യക്തി നിയമങ്ങളുടെ സന്തുലിതാവസ്ഥ തകര്‍ക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button