KeralaLatest NewsIndia

കിരണിന്റെ ബാങ്ക് ബാലന്‍സ് ആകെ പതിനായിരം രൂപ, വിസ്‌മയയുടെ 42 പവന്‍ സ്വര്‍ണം കണ്ടെടുത്തു

മദ്യപിച്ചാല്‍ കിരണ്‍കുമാറിന്‍റെ സ്വഭാവത്തില്‍ അസാധാരണ മാറ്റമുണ്ടാകുമെന്ന് പൊലീസ്

കൊല്ലം: വിസ്‌മയയെ മര്‍ദിച്ചിരുന്നതായി ഭര്‍ത്താവ് കിരണ്‍കുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. മദ്യപിച്ചാല്‍ കിരണ്‍കുമാറിന്‍റെ സ്വഭാവത്തില്‍ അസാധാരണ മാറ്റമുണ്ടാകുമെന്ന് പൊലീസിന് മനസിലായിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് മനശാസ്ത്രജ്ഞരെ കണ്ട് അഭിപ്രായം തേടും.  കിരണ്‍കുമാറിന്‍റെ ബാങ്ക് അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് പൊലീസിന് വിവരം ലഭിച്ചു. വിസ്‌മയക്ക് സ്‌ത്രീധനമായി ലഭിച്ച 40 പവന്‍ പോരുവഴിയിലെ എസ് ബി ഐ ശാഖയിലെ ലോക്കറിലാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് കിരണ്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു.

കിരണിന്‍റെ സാലറി അക്കൗണ്ടും ഇതേ ബാങ്കിലാണ്. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അക്കൗണ്ടില്‍ പതിനായിരം രൂപ മാത്രമേ ഉള്ളൂവെന്ന് വിവരം ലഭിച്ചത്. പോരുവഴിയിലെ എസ് ബി ഐ ശാഖയില്‍ കിരണിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. 42 പവന്‍ ലോക്കറില്‍ നിന്നും കണ്ടെടുത്തു. അതിനിടെ വിസ്‌മയയെ വിവാഹശേഷം അഞ്ചു തവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് കിരണ്‍കുമാര്‍ മൊഴിനല്‍കിയത്.

പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കിരണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വിസ്‌മയ മരിച്ച അന്ന് മര്‍ദ്ദിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. അതേസമയം കിരണിനെ വീട്ടിലെത്തിച്ചുളള തെളിവെടുപ്പ് അവസാനിച്ചു.

വിസ്‌മയയുടേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന സംശയം നിലനില്‍ക്കുന്നതിനിടെ, പൊലീസ് സര്‍ജന്‍റെയും ഫോറന്‍സിക് ഡയറക്‌ടറുടേയും സാന്നിദ്ധ്യത്തില്‍ കിരണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. 166 സെന്‍റിമീറ്റര്‍ മാത്രം ഉയരമുള്ള വിസ്‌മയ 185 സെന്‍റിമീറ്റര്‍ ഉയരമുള്ള ശുചിമുറിയിലെ ജനാലയില്‍ എങ്ങനെ തൂങ്ങിമരിക്കും എന്ന ചോദ്യമാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്. പൊലീസ് സര്‍ജനും ഫോറന്‍സിക് വിദഗ്ദ്ധരും ഇന്ന് വിസ്‌മയ മരിച്ച കിരണിന്‍റെ വീട്ടിലെത്തിയും തെളിവെടുപ്പ് നടത്തും.

വിസ്‌മയയുടെ ശരീരത്തില്‍ വിഷാംശം ഉണ്ടോ എന്നതറിയാന്‍ വിദഗ്ദ്ധ പരിശോധന ആവശ്യമാണ്. ഇതിന്‍റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും വിസ്‌മയയുടേത് കൊലപാതകമാണോ എന്നതില്‍ അന്തിമ നിഗമനത്തിലെത്താനാകൂ എന്നാണ് പൊലീസ് അധികൃതര്‍ സൂചിപ്പിക്കുന്നത്. എല്ലാ വിധത്തിലുള്ള ശാസ്ത്രീയ തെളിവുകളും ശേഖരിക്കാന്‍ കേസന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന ഐ ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button