Latest NewsIndia

ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ മരണകാരണം കണ്ടെത്താനായില്ലെന്ന് ഡോക്ടര്‍മാര്‍: തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

നിലവിലെ സാഹചര്യത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായോ ഇല്ലയോ എന്ന് കണ്ടെത്തല്‍ പ്രയാസകരമാണെന്നും ഡോക്ടമാര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന ആരോപണമുന്നയിക്കുന്ന കേസില്‍ സുപ്രധാന വിവരം വെളിപ്പെടുത്തി മെഡിക്കൽ സംഘം. പെൺകുട്ടിയുടെ മരണകാരണം കണ്ടെത്താനായില്ലെന്ന് ഡോക്ടമാരുടെ സമിതി പറഞ്ഞു. മൂന്ന് ഡോക്ടര്‍മാരടങ്ങിയ സമിതിയാണ് വിശദമായ പരിശോധനയ്ക്ക് ശേഷം ഈ വിവരം പോലീസിനെ അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായോ ഇല്ലയോ എന്ന് കണ്ടെത്തല്‍ പ്രയാസകരമാണെന്നും ഡോക്ടമാര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതിനാല്‍ പോലീസിനോ ഫൊറന്‍സിക് സംഘത്തിനോ തെളിവുകളൊന്നും ശേഖരിക്കാനായില്ല. കണങ്കാലും ശ്വാസകോശത്തിന്റെ ചില ഭാഗങ്ങളും മാത്രമാണ് മൃതദേഹത്തില്‍നിന്ന് ലഭിച്ചിട്ടുള്ളത്. ഇതാണ് ഡോക്ടര്‍മാരുടെ സമിതിക്ക് പരിശോധനയ്ക്കായി കൈമാറിയത്. എന്നാൽ ശ്‌മശാനത്തിൽ കൂളറിൽ നിന്ന് വൈദ്യുതി പ്രവഹിച്ചിരുന്നു എന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചിരുന്നു.

അതേസമയം സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതോടെ കേസ് വിവാദമായിരിക്കുകയാണ്. അതിനിടെ, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡി.സി.പി. മോണിക്ക ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാകും കേസില്‍ ഇനി അന്വേഷണം നടത്തുക.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പുരോഹിതന്റെ നേതൃത്വത്തില്‍ ആരുമറിയാതെ മൃതദേഹം ദഹിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. ഷോക്കേറ്റ് മരിച്ചെന്ന് പറഞ്ഞാണ് വേഗത്തില്‍ മൃതദേഹം ദഹിപ്പിച്ചതെന്നും സംഭവം പോലീസിനെ അറിയിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പുരോഹിതനടക്കം നാലു പേരെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button