KeralaLatest News

പ്രസ് ക്ലബ്ബിന് കിട്ടിയ ലക്ഷങ്ങൾ മുക്കി! ന്യൂസ് 18 , ദേശാഭിമാനി മാധ്യമപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണം

സ്വദേശാഭിമാനി സ്മാരക ട്രസ്റ്റിന്റെ പേരില്‍ രഹസ്യമായി രണ്ടോ അതിലധികമോ അക്കൗണ്ടുകള്‍ തുറന്ന് തുക ഭാരവാഹികള്‍ തട്ടിയെടുത്തതായാണ് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ സ്വദേശാഭിമാനി ഹബ്ബിന് കിട്ടിയ 35 ലക്ഷം മുക്കിയതായി ഗുരുതര ആരോപണം. സ്വദേശാഭിമാനി സ്മാരക ട്രസ്റ്റിന്റെ പേരില്‍ രഹസ്യമായി രണ്ടോ അതിലധികമോ അക്കൗണ്ടുകള്‍ തുറന്ന് തുക ഭാരവാഹികള്‍ തട്ടിയെടുത്തതായാണ് ഫേസ്‌ബുക്ക് പോസ്റ്റിലെ ആരോപണം:

എസ്‌ക്‌ളൂസീവ് ഡെയ്‌ലിയുടെ ചീഫ് എഡിറ്റർ ജഗദീഷ് ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,

സ്വദേശാഭിമാനി ഹബ്ബിന് കിട്ടിയ 35 ലക്ഷം മുക്കി.  നെയ്യാറ്റിന്‍കരയില്‍ സ്വദേശാഭിമാനി മീഡിയ ഹബ്ബ് സ്ഥാപിക്കാന്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന് കിട്ടിയ 35 ലക്ഷം രൂപ മുക്കി. ന്യൂസ് 18 ചാനല്‍ മേധാവി പ്രദീപ് പിള്ള പ്രസിഡന്റും ദേശാഭിമാനിയിലെ അജയന്‍ സെക്രട്ടറിയുമായിരുന്ന ഭരണസമിതിയുടെ കാലത്തു ലഭിച്ച 35 ലക്ഷം രൂപയ്ക്കാണ് കണക്കില്ലാത്തത്. തുക പ്രസ് ക്ലബ്ബ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനു പകരം സ്വദേശാഭിമാനി ട്രസ്റ്റിന്റെ പേരിലുള്ള അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. ഇതില്‍ ഒരു അക്കൗണ്ടില്‍ അഞ്ചു ലക്ഷം രൂപ ലഭിച്ച കണക്കുണ്ട്.

അതേസമയം സംസ്ഥാന സര്‍ക്കാരില്‍ നിന്നു ലഭിച്ച 20 ലക്ഷം രൂപ, കെ.പി.സി.സി നല്‍കിയ അഞ്ചു ലക്ഷം രൂപ, അന്‍സലന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നു ലഭിച്ച 10 ലക്ഷം രൂപ തുകകള്‍ ഏത് അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്ന കാര്യമാണ് മറച്ചു വയ്ക്കുന്നത്. സ്വദേശാഭിമാനി സ്മാരക ട്രസ്റ്റിന്റെ പേരില്‍ രഹസ്യമായി രണ്ടോ അതിലധികമോ അക്കൗണ്ടുകള്‍ തുറന്ന് തുക ഭാരവാഹികള്‍ തട്ടിയെടുത്തതായാണ് സൂചന.

ഐ.പി.ആര്‍.ഡി വകുപ്പില്‍ അക്കൗണ്ടന്റ് ജനറല്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടില്‍ സ്വദേശാഭിമാനി മീഡിയ ഹബ്ബിനായി അനുവദിച്ച 20 ലക്ഷം രൂപയ്ക്ക് വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തുകയെക്കുറിച്ച് തങ്ങള്‍ക്ക് വിവരമില്ലെന്നാണ് പ്രസ് ക്ലബ്ബിലെ പുതിയ ഭാരവാഹികളുടെ നിലപാട്. അന്‍സലന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ എവിടെ പോയെന്നും നെയ്യാറ്റിന്‍കര നിവാസികള്‍ ചോദിക്കുന്നു.

സ്വദേശാഭിമാനി സ്മാരകത്തിന്റെ പേരില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് മുക്കിയ ഫണ്ടിനെ കുറിച്ച് അന്വേഷിക്കണമെന്നും സ്മാരകം എത്രയും വേഗം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടു നെയ്യാറ്റിന്‍കര നഗരസഭയിലെ നാലു കൗണ്‍സിലര്‍മാര്‍ സ്വദേശാഭിമാനിയുടെ ജന്മഗൃഹത്തിനു മുന്നില്‍ ഉപവാസം നടത്തി. പ്രക്ഷോഭം ശക്തമാക്കാനാണ് ബി.ജെ.പിയുടെ നീക്കം. സുരേഷ് ഗോപി 12 ലക്ഷം രൂപ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ബന്ധുക്കള്‍ക്കു വില നല്‍കിയാണ് ജന്മഗൃഹവും ഏഴര സെന്റു സ്ഥലവും വാങ്ങി പ്രസ് ക്ലബ്ബിന് കൈമാറിയത്. നവീകരണത്തിനായി അഞ്ചു ലക്ഷം രൂപയും അനുവദിച്ചു.

ഈ തുക സ്വദേശാഭിമാനി ട്രസ്റ്റിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ചു. അതില്‍ 1.6 ലക്ഷം രൂപ ചെലവിട്ട് മേല്‍ക്കൂര നിര്‍മ്മിച്ചു. ബാക്കി 3.4 ലക്ഷം രൂപ അക്കൗണ്ടില്‍ ബാക്കിയുണ്ട്. സംസ്ഥാന സര്‍ക്കാരും കെ.പി.സി.സിയും എം.എല്‍.എ ഫണ്ടുമാണ് അപ്രത്യക്ഷമായത്. തുക മറ്റേതെങ്കിലും അക്കൗണ്ടില്‍ രഹസ്യമായി നിക്ഷേപിച്ച് ഭാരവാഹികള്‍ അടിച്ചു മാറ്റിയെന്നാണ് സംശയം.

വിജിലന്‍സോ ക്രൈംബ്രാഞ്ചോ അന്വേഷിച്ച് തട്ടിപ്പു കണ്ടുപിടിക്കണമെന്ന നിലപാടാണ് പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്കുള്ളത്. എന്നാല്‍ മുന്‍ ഭാരവാഹികളുടെ സ്വാധീനം കാരണം ഇക്കാര്യത്തില്‍ പൊലീസിനോ, വിജിലന്‍സിനോ പരാതി നല്‍കാന്‍ നിലവിലെ ഭാരവാഹികള്‍ തയാറാകുന്നുമില്ല. മുന്‍ ഭാരവാഹികളുടെ സമ്മര്‍ദ്ദം കാരണമാണ് ഫണ്ടു വെട്ടിപ്പു മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button