Latest NewsIndiaInternational

ബ്രിട്ടീഷ് ക്രിക്കറ്റിൽ വംശീയത ആരോപിച്ച അസീം റഫീഖിനെതിരെ ലൈംഗികാരോപണം : 16 കാരിയുടെ പരാതി

തന്റെ പാക്കിസ്ഥാനി പാരമ്പര്യത്തെ കളിയാക്കുന്ന രീതിയിലുള്ള വംശീയ പദപ്രയോഗങ്ങള്‍ ധാരാളമായി നടത്തിയിട്ടുണ്ടെന്നും അയാള്‍ ആരോപിച്ചിരുന്നു.

ലണ്ടന്‍: പാക്കിസ്ഥാനില്‍ ജനിച്ച്‌ പത്താം വയസ്സില്‍ ബ്രിട്ടനിലെത്തി ഇംഗ്ലീഷ് ക്രിക്കറ്റില്‍ തിളങ്ങിയ വ്യക്തിയാണ് അസീം റഫീഖ്. അണ്ടര്‍ നയന്റീന്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്ന ഇയാള്‍ പിന്നീട് യോര്‍ക്ക്ഷയര്‍ ടീമിന്റെ ക്യാപ്റ്റനായി. 2012 മുതല്‍ യോര്‍ക്ക്ഷയര്‍ ടീമിനെ നയിച്ചിരുന്ന റഫീഖ് 2020 സെപ്റ്റംബറിലാണ് ഇ എസ് പി എന്‍ ചാനലിനു നല്‍കിയ ഒരു അഭിമുഖത്തില്‍ യോര്‍ക്ക്ഷയര്‍ ക്ലബ്ബില്‍ കടുത്ത വംശീയ വിവേചനം നിലനില്‍ക്കുന്നു എന്ന ആരോപണമുയര്‍ത്തിയത്. തന്റെ പാക്കിസ്ഥാനി പാരമ്പര്യത്തെ കളിയാക്കുന്ന രീതിയിലുള്ള വംശീയ പദപ്രയോഗങ്ങള്‍ ധാരാളമായി നടത്തിയിട്ടുണ്ടെന്നും അയാള്‍ ആരോപിച്ചിരുന്നു.

ഇത് ഇംഗ്ലണ്ടിന്റെ സാമൂഹ്യ മേഖലകളില്‍ ഏറെ വിവാദമുയര്‍ത്തിയ ഒരു ആരോപണമായി മാറി. യോര്‍ക്ക്ഷയര്‍ ഇത് അന്വേഷിക്കുവനായി പ്രത്യേക കമ്മീഷനെ നിയമിച്ചു. മാത്രമല്ല, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പോലും ഇതുകൊടുങ്കാറ്റുയര്‍ത്തി.. പാര്‍ലമെന്ററി സബ് കമ്മിറ്റി രൂപീകരിച്ച്‌ ഇക്കാര്യം അന്വേഷിക്കുകയും റഫീഖിനെ പാര്‍ലമെന്റില്‍ വിളിച്ചു വരുത്തി വിശദാംശങ്ങള്‍ കേള്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ക്ലബ്ബിന്റെ അധികാരസ്ഥാനങ്ങളില്‍ ഇരുന്ന പലരും രാജിവെച്ചൊഴിയേണ്ടതായി വന്നു. ക്ലബ്ബ് റഫീഖിനോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

അന്ന് വംശീയതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ വീരനായകനായ അസീം റഫീഖ് ഇപ്പോള്‍ ഒരു ലൈംഗിക ആരോപണത്തിലെ വില്ലനായി മാറിയിരിക്കുകയാണ്. മലയാളിയെന്ന് കരുതുന്ന ഗായത്രി അജിത്താണ് തനിക്ക് 16 വയസ്സുള്ള സമയത്ത് ലൈംഗിക ചുവയുള്ള ടെക്സ്റ്റ് മെസേജുകള്‍ അസീം റഫീഖ് അയച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 2015 ഡിസംബറിലാണ് റഫീഖില്‍ നിന്നും ആദ്യ സന്ദേശം ലഭിച്ചതെന്ന് ഗായത്രി പറയുന്നു. അന്ന് അയാള്‍ക്ക് 24 വയസ്സുണ്ട്. വിമാനത്തില്‍ വെച്ച്‌ നിന്നെ കെട്ടിപ്പിടിച്ച്‌, ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി ചുംബിക്കാന്‍ താന്‍ ആഗ്രഹിച്ചു എന്നായിരുന്നു ആ സന്ദേശമെന്നും ഗായത്രി വെളിപ്പെടുത്തുന്നു.

അതുപോലെ ദുബായില്‍ അത്താഴവിരുന്നിന് കൂടെചെല്ലാന്‍ റഫീഖ് തന്നോട് ആവശ്യപ്പെട്ടു എന്നും അവര്‍ പറയുന്നു. എന്നാല്‍, തനിക്ക് അന്ന് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാര്യം തിരിച്ച്‌ സന്ദേശമയച്ചപ്പോള്‍, അതുകൊണ്ടെന്താ, നിന്നെയൊന്ന് ചുംബിക്കാന്‍ അനുവദിക്കില്ലെ എന്നായിരുന്നു മറുപടി എന്നും ഗായത്രി പറയുന്നു. യോര്‍ക്ക്ഷയര്‍ പോസ്റ്റിനോടാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്. 2015-ല്‍ മാഞ്ചസ്റ്ററില്‍ നിന്നും ദുബായിലേക്കുള്ള ഒരു വിമാനയാത്രയ്ക്കിടെയാണ് ഗായത്രി റഫീഖിനെ പരിചയപ്പെടുന്നതും നമ്പർ നല്‍കുന്നതും.ആ പരുക്കന്‍ ഭാഷയിലുള്ള സന്ദേശം അന്ന് കുട്ടിയായിരുന്ന തന്നെ ശരിക്കും ഭയപ്പെടുത്തി എന്നാണ് ഗായത്രി പറയുന്നത്

അതേസമയം, ഒരിക്കല്‍ വംശീയതയ്ക്കെതിരെ പോരാടിയ റഫീഖ് തന്റെ ഫേസ്‌ബുക്ക് പേജില്‍ യഹൂദ വിരുദ്ധ പോസ്റ്റുകള്‍ ഇട്ടതിനെ ചൊല്ലിയും വിവാദമുയരുന്നുണ്ട്. ഇതിന് കഴിഞ്ഞയാഴ്‌ച്ച റഫീഖ് ഫേസ്‌ബുക്കിലൂടെ മാപ്പു ചോദിക്കുകയും ചെയ്തു. തന്നെ നിര്‍ബന്ധിച്ച്‌ വൈന്‍ കുടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളുമായി ഒരുകാലത്ത് നായകപരിവേഷം ചാര്‍ത്തിനിന്ന റഫീഖിന് ഇപ്പോള്‍ പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വില്ലന്‍ പട്ടമാണ്.
അതേസമയം വിശദമായ പരിശോധനക്ക് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നുമായിരുന്നു റഫീഖിന്റെ അഭിഭാഷക സംഘത്തിന്റെ വക്താവ് അറിയിച്ചത്. കേസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വക്താവ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button