KeralaLatest NewsNews

പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി: പ്രസിഡന്റിനെതിരെ കേസ്

സെക്രട്ടറി ചുമതലയേറ്റെടുത്തത് മുതല്‍ പഞ്ചായത്തിലെ ഫയലുകളില്‍ നടപടി കൈക്കൊള്ളുന്നതില്‍ കാലതാമസം നേരിട്ടിരുന്നു.

കാസര്‍കോട്: പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തില്‍ വെള്ളരിക്കുണ്ട് ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്. പഞ്ചായത്ത് സെക്രട്ടറി മിഥുന്‍ കൈലാസിനെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, പഞ്ചായത്ത് അംഗം കെആര്‍ വിനു, കണ്ടാലറിയുന്ന രണ്ടുപേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.

പഞ്ചായത്ത് സെക്രട്ടറി ജില്ല പൊലീസ് മേധാവിക്ക് ഇ-മെയില്‍ വഴി അയച്ച പരാതിയിലാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്. അതേസമയം, പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു. സെക്രട്ടറിയുടെ പരാതി അടിസ്ഥാന രഹിതമാണ്. പഞ്ചായത്തിരാജ് നിയമ പ്രകാരം പഞ്ചായത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും നിയന്ത്രിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന് അധികാരമുണ്ട് എന്നിരിക്കെ, പ്രാഥമികാന്വേഷണം പോലും നടത്താതെ തനിക്കെതിരെ എടുത്ത നടപടി ശരിയല്ലെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. പരാതിക്കാരനായ സെക്രട്ടറി കഴിഞ്ഞ ഡിസംബര്‍ 27നാണ് ബളാല്‍ പഞ്ചായത്തില്‍ ചുമതലയേറ്റതെന്നും അദ്ദേഹം പറഞ്ഞു.

Read Also: പെണ്‍കുട്ടികളെ, നിങ്ങള്‍ വിദ്യാഭ്യാസത്തിനോ ഹിജാബിനോ മുന്‍ഗണന നല്‍കുന്നത്,അവരെ ഒന്ന് നേര്‍വഴിക്ക് നടത്തൂ

സെക്രട്ടറി ചുമതലയേറ്റെടുത്തത് മുതല്‍ പഞ്ചായത്തിലെ ഫയലുകളില്‍ നടപടി കൈക്കൊള്ളുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങളില്‍ കാലതാമസം വരുത്തുകയും ധനകാര്യ കമീഷന്‍ ബില്‍, പ്ലാന്‍ ഫണ്ട് ബില്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗുണഭോക്തൃ ലിസ്റ്റുകള്‍ തുടങ്ങിയവയില്‍ സമയബന്ധിതമായി ഇടപെടാതെ വന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച ഭരണസമിതി ഐക്യകണ്‌ഠ്യേന സെക്രട്ടറിയെ മാറ്റാന്‍ തീരുമാനമെടുത്തതെന്ന് പറഞ്ഞ പ്രസിഡന്റ് പാലക്കാട് ജില്ലയിലെ പരുതൂര്‍ പഞ്ചായത്തില്‍നിന്നും സസ്‌പെന്‍ഷന്‍ കാലാവധിക്കുശേഷമാണ് അദ്ദേഹം ഇവിടെയെത്തിയതെന്നും ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച ഓഫിസിലെത്തിയ സെക്രട്ടറി പഞ്ചായത്തിന്റെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉള്‍പ്പെടെയുള്ളവ സൈറ്റില്‍ ബ്ലോക്ക് ചെയ്യുകയും മറ്റു ജീവനക്കാരെക്കൂടി പ്രതിസന്ധിയിലാക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അംഗങ്ങള്‍ക്കൊപ്പം സെക്രട്ടറിയോട് കാര്യങ്ങള്‍ ചോദിച്ചത്. മറിച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയോ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button