KeralaLatest NewsNews

‘ഞങ്ങൾ തുടങ്ങാൻ പോകുന്നത് നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകൊണ്ടായിരിക്കും’: അഞ്ജു പാർവതിയുടെ കുറിപ്പ്

'ഇസ്ലാമിലേക്ക് മതം മാറുക, പലായനം ചെയ്യുക, അല്ലെങ്കിൽ വെടിയുണ്ടയ്ക്കിരയായി കൊല്ലപ്പെടുക'

പതിനാലാം നൂറ്റാണ്ട് വരെ സനാതന ധർമ്മത്തിൻ്റെയും ശൈവഭക്തിയുടെയും പുണ്യം മാത്രമറിഞ്ഞ കശ്മീരിൻ്റെ മണ്ണിൽ അധിനിവേശം ആരംഭിച്ചതോടെ സ്വന്തം ദേശത്ത് നിന്നും പലായനം ചെയ്യേണ്ടിവന്ന കശ്മീരിലെ പ്രമുഖരായ പണ്ഡിറ്റ് കുടുംബങ്ങളെക്കുറിച്ചു അഞ്ജു പാർവതി. 32 വർഷം മുമ്പ് കാശ്മീർ എന്ന സ്വർഗ്ഗഭൂമികയിൽ നടന്ന ചോരയിറ്റുന്ന വംശഹത്യയുടെയും കൂട്ടപലായനത്തിന്റെയും നേരനുഭവങ്ങൾ അവതരിപ്പിച്ച ജേർണലിസ്റ്റ് രാഹുലിന്റെ Our moon has blood clots എന്ന ബുക്കിനെക്കുറിച്ചും അഞ്ജു പങ്കുവയ്ക്കുന്നു.

read also: അവള്‍ സൗന്ദര്യം കാണിക്കാന്‍ പോയിട്ടല്ലേ പണി കിട്ടിയതെന്നു ബന്ധുക്കള്‍: അപമാനത്തെക്കുറിച്ചു സിന്‍സി അനില്‍
കുറിപ്പ് പൂർണ്ണ രൂപം

Our moon has blood clots-The exodus of Kashmiri Pandits’. ഈ പുസ്തകം ഞാൻ 2014 ൽ വായിക്കുന്നത് മാലദ്വീപിലെ എന്റെ അദ്ധ്യാപന ജീവിതത്തിനിടെയാണ്.

കാമ്പസ് ലൈബ്രറിയുടെ ഒരു മൂലയിൽ ഒതുങ്ങി പതുങ്ങി കിടന്ന പുസ്തകത്തിന്റെ തലക്കെട്ടിലെ The exodus of Kashmiri Pandits എന്ന ഭാഗം കണ്ട് എങ്ങനെ മാലദ്വീപിലെ ലൈബ്രറിയിൽ ഈ പുസ്തകം എത്തി എന്നന്വേഷിക്കുകയായിരുന്നു ആദ്യം . അപ്പോഴാണ് ലൈബ്രേറിയൻ മറിയത്ത് പറയുന്നത് ഡൽഹിയിൽ പഠിക്കുവാൻ പോയ അവളുടെ കസിൻ തിരികെ വന്നപ്പോൾ ഐലൻഡ് ലൈബ്രറിക്കായി കോൺട്രിബ്യൂട്ട് ചെയ്ത പതിനഞ്ചു പുസ്തകങ്ങളിൽ ഒന്നാണ് രാഹുൽ പണ്ഡിതയുടെ Our moon has blood clots-എന്ന പുസ്തകം എന്നറിഞ്ഞു. 250 ലേറെ പേജുകളുളള ആ പുസ്തകം വായിച്ചു തീർത്തത് വല്ലാത്ത ഹൃദയനൊമ്പരത്തോടെയാണ്.

ഇന്നേയ്ക്ക് 32 വർഷം മുമ്പ് കാശ്മീർ എന്ന സ്വർഗ്ഗഭൂമികയിൽ നടന്ന ചോരയിറ്റുന്ന വംശഹത്യയുടെയും കൂട്ടപലായനത്തിന്റെയും നേരനുഭവങ്ങളായിരുന്നു രാഹുൽ എന്ന ജേർണലിസ്റ്റ് ആ പുസ്തകത്തിൽ കോറിയിട്ടിരുന്നത്. 1990 ജനുവരി 19 നു വെറും പതിനാലു വയസ്സുണ്ടായിരുന്ന ഒരു കാശ്മീരി ബ്രാഹ്മണൻ അഥവാ കാശ്മീരി ഭട്ട് നേരിട്ടറിഞ്ഞ പലായനത്തിന്റെ ചൂട് നോവും, കണ്ടറിഞ്ഞ മനുഷ്യക്കുരുതിയുടെ രക്തചുവപ്പും ആ വരികളിലുണ്ടായിരുന്നു . ഒരു വംശീയകലാപം കടന്നുപോന്നതിന്റെ ചോരച്ചൂട് ആറാൻ അനുവദിക്കാതെ കോറിയിട്ട അക്ഷരങ്ങൾ വായിക്കെ പലപ്പോഴും എൻ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. കശ്മീർ താഴ്‌വരയിൽ താമസിച്ചിരുന്ന, അവിടത്തെ ന്യൂനപക്ഷവും സദാ സമാധാനകാംക്ഷികളുമായിരുന്ന ഒരുകൂട്ടം കശ്മീരി പണ്ഡിറ്റുകൾക്ക് അവർ ജനിച്ചുവളർന്ന നാടുവിട്ട്, അന്നോളമുള്ള സമ്പാദ്യങ്ങൾ ഒക്കെയും ഇട്ടെറിഞ്ഞ് എങ്ങോട്ടെന്നില്ലാതെ ഓടിപ്പോരേണ്ടി വന്നതിൻ്റെ നേർ സാക്ഷ്യം രാഹുൽ പണ്ഡിതയൂടെ പുസ്തകത്തിൽ ഉണ്ടായിരുന്നു. അതേ സംഭവത്തെ കുറിച്ച് ഇപ്പോഴിതാ കാശ്മീർ ഫൈൽസ് എന്ന ചിത്രം നമുക്ക് മുന്നിൽ വരാൻ പോകുന്നു. ചിത്രത്തിൻ്റെ ആദ്യ സ്ക്രീനിംഗ് കണ്ട് കരഞ്ഞു കലങ്ങിയ മുഖങ്ങൾ കണ്ടപ്പോൾ ഒട്ടും അത്ഭുതം തോന്നിയില്ല. കാരണം എട്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ നോവവും വിങ്ങലും അക്ഷരങ്ങളിലൂടെ ഞാൻ വായിച്ചറിഞ്ഞതായിരുന്നുവല്ലോ.

പതിനാലാം നൂറ്റാണ്ട് വരെ സനാതന ധർമ്മത്തിൻ്റെയും ശൈവഭക്തിയുടെയും പുണ്യം മാത്രമറിഞ്ഞ കശ്മീരിൻ്റെ മണ്ണിൽ അധിനിവേശത്തിൻെറ വരവോടെ അധിനിവേശമതവും സ്ഥാനം പിടിച്ചു. പിന്നിട് 1990ഓടെ പിറന്ന മണ്ണും സംസ്കൃതിയും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന ആ മണ്ണിൻ്റെ യഥാർത്ഥ അവകാശികൾ കാശ്മീരി പണ്ഡിറ്റുകൾ. 1986-ലെ അനന്ത് നാഗ് കലാപത്തോടെയാണ് 1990 ജനുവരി 19 ലെ പലായനത്തിനു തുടക്കമാവുന്നത്. ഇന്ത്യ ഒരു ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ചപ്പോൾ ഒരുകൂട്ടർ വന്ന് പണ്ഡിറ്റുകളുടെ ജനൽച്ചില്ലുകൾ എറിഞ്ഞുതകർത്തു. അന്നു തുടങ്ങിയ മതസ്പർദ്ധ ആളി കത്തിച്ചത് അവിടെ വേരുറച്ച ഇസ്ലാമിക തീവ്രവാദമായിരുന്നു.

ഇസ്ലാമിലേക്ക് മതം മാറുക, പലായനം ചെയ്യുക, അല്ലെങ്കിൽ വെടിയുണ്ടയ്ക്കിരയായി കൊല്ലപ്പെടുക’ (Raliv, Galiv ya Chaliv ) എന്നിങ്ങനെ മൂന്ന് വഴികൾ നിർദേശിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ താഴ്‌വരയിൽ എങ്ങും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് 1989കളോടെയാണ്. അതിനു പിന്നാലെയായി, ഇനി ഇല്ലാതാക്കാൻ പോകുന്ന കശ്മീരി പണ്ഡിറ്റുകളുടെ ഒരു ലിസ്റ്റും തീവ്രവാദസംഘടനകൾ പുറത്തിറക്കുന്നു. അതോടെ താഴ്വരയിലെ കശ്മീരി പണ്ഡിറ്റ് ജനത ആകെ പരിഭ്രാന്തരാകുന്നു. ഏറ്റവും ഒടുവിലായി, ഒരു പ്രാദേശിക പത്രത്തിൽ ഒരു അന്ത്യശാസനം കൂടി അച്ചടിച്ചു വന്നതോടെ എല്ലാം പൂർണമാകുന്നു.

ആയിടെ കശ്മീരിലെ പ്രമുഖരായ പണ്ഡിറ്റ് കുടുംബങ്ങൾക്ക് വന്ന പല ഭീഷണി സന്ദേശങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു, ‘മുന്നറിയിപ്പുകൾ അവഗണിച്ച് ഇവിടെ തുടർന്നാൽ, ഞങ്ങൾ തുടങ്ങാൻ പോകുന്നത് നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകൊണ്ടായിരിക്കും’. തുടക്കത്തിൽ വന്ന ഈ ഭീഷണികൾക്ക് പിന്നാലെ, ആദ്യ കൊലപാതകം നടക്കുന്നത് 1989 സെപ്റ്റംബർ 13 -നാണ്. ടീകാ ലാൽ ടപ്‌ലു എന്ന താഴ്വരയിലെ പ്രസിദ്ധനായ ബിജെപി നേതാവ് ഭീകരവാദികളുടെ വെടിയേറ്റ് മരിക്കുന്നു. JKLF നേതാവായ മഖ്ബൂൽ ഭട്ടിന് വധശിക്ഷ വിധിച്ച ജഡ്ജ്, നീൽ കാന്ത് ഗുൻജു, നവംബർ നാലാം തീയതി, ശ്രീനഗർ കോടതിക്ക് പുറത്തുവെച്ച് തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്നു. ഡിസംബർ 27 സുപ്രസിദ്ധ ജേർണലിസ്റ്റും അഭിഭാഷകനുമായ പ്രേം നാഥ് ഭട്ട് വെടിയേറ്റ് കൊല്ലപ്പെടുന്നു.

1990 ജനുവരി 19,
കാര്യങ്ങൾ വല്ലാതെ വഷളായ ദിവസമായിരുന്നു അത്. പ്രദേശത്തുള്ള നിരവധി ലൗഡ് സ്പീക്കറുകളിൽ നിന്ന് കശ്‍മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീഷണികൾ മുഴങ്ങിത്തുടങ്ങി. വർഗീയ വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങൾക്ക് തെരുവുകൾ സാക്ഷ്യം വഹിച്ചു. ഇസ്ലാമിക മതവാദികൾ വീടുകൾ കയറി കൊള്ളയും കൊലയും ബലാത്സംഗവും തുടങ്ങി. എങ്ങും കലാപരംഗങ്ങൾ മാത്രം.

ഒടുവിൽ നിൽക്കക്കള്ളിയില്ലാതെയായി എന്ന് ബോധ്യപ്പെട്ടതോടെ കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ടുപോകാനുള്ള ശ്രമങ്ങൾ തുടങ്ങി. ജനുവരി 20 -ന്, കയ്യിൽ കിട്ടിയതെല്ലാം ഭാണ്ഡത്തിലാക്കി കശ്മീരി പണ്ഡിറ്റുകളുടെ ആദ്യസംഘം താഴ്‌വര വിട്ടു. അതിനുശേഷവും അവിടെ തുടർന്ന പണ്ഡിറ്റുകളിൽ പലരും പിന്നീടുള്ള ദിവസങ്ങളിൽ താഴ്‌വരയിൽ വധിക്കപ്പെട്ടു. ആ വധങ്ങൾ സൃഷ്‌ടിച്ച ഭീതി ആദ്യത്തേതിനേക്കാൾ വലിയതോതിലുള്ള മറ്റൊരു കൂട്ടപ്പലായനത്തിന് വഴിവെച്ചു. ആദ്യത്തേതിന്റെ ഇരട്ടി പണ്ഡിറ്റുകൾ മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടന്ന ഈ പലായനത്തിൽ നാടുവിട്ടോടി. ഭാരതത്തിന്റെ രാഷ്ട്രീയ നേതൃത്വം അവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടു.

ആ പലായനത്തിന്റെ കറുത്ത ഓർമ്മകൾക്ക് മുപ്പത്തിരണ്ടു വർഷത്തിനിപ്പുറം ദൃശ്യ ഭാഷ്യം വരുന്നു. ഒരു ജനാധിപത്യ രാജ്യത്ത് നടന്ന വംശീയഹത്യയെ കുറിച്ച് ചലച്ചിത്ര ഭാഷ്യം ചമയ്ക്കാൻ വേണ്ടി വന്ന കാലദൈർഘ്യം അമ്പരപ്പിക്കുന്നു. പിറന്ന മണ്ണും വീടും സമ്പാദ്യവും വിട്ട് സ്വന്തം രാജ്യത്തിന്റെയും ലോകത്തിന്റെയും പല രാജ്യങ്ങളിൽ ചേക്കേറേണ്ടി വന്നുവെങ്കിലും അവർ തോറ്റു പോയില്ല. അറിവുകൊണ്ട്. നൂറുശതമാനം സാക്ഷരത നേടി അവർ. ജീവിതത്തിൽ എന്തൊക്കെ നഷ്ടപ്പെട്ടാലും പഠനവും അറിവിന്റെ സമ്പാദനവും അവർ മുടക്കിയില്ല. പട്ടിണികിടന്നാലും അവർ പഠിച്ചുകൊണ്ടേയിരുന്നു. ബുദ്ധിയുടെ എല്ലാ മേഖലകളിലും ഇന്നു തിളങ്ങി നില്ക്കുന്നവരിൽ പണ്ഡിറ്റുകളുണ്ട്. അറിവാണ് അവരുടെ പ്രതിരോധം. ആ പ്രതിരോധത്തിൽ വിശ്വസിക്കുന്നതിനാൽ അവർ രഹസ്യ അജണ്ടയുണ്ടാക്കി പിറന്ന നാടിനെതിരെ പോരാടുന്നില്ല. ഒറ്റികൊടുക്കുന്നില്ല. ആസാദി വേണമെന്ന് അലറുന്നില്ല. പട്ടാളക്കാർക്കെതിരെ കല്ലെറിയുന്നില്ല. ബോംബും ഷെല്ലുകളും തിരസ്കരിച്ച് നീതിയും ധർമ്മവും എന്ന ആയുധം കൊണ്ട് പ്രത്യാശയുടെ നീതിസാരം കുറിക്കുന്നു.

സ്വന്തം രാജ്യത്ത് മേല്‍വിലാസം നഷ്ടപ്പെട്ട അവരെ നമ്മൾ മറക്കരുത്. അവരുടെ നഷ്ടങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. നിങ്ങൾ ഒരിന്ത്യക്കാരനാണെങ്കിൽ , മതവും രാഷ്ട്രീയവും തിമിരമായി ബാധിക്കാത്ത ഒരിന്ത്യനാണെങ്കിൽ മാത്രം കാശ്മീരി പണ്ഡിറ്റുകളുടെ വേദന നിങ്ങളുടേതെന്നറിയുക. അപ്പുറത്തുള്ള കുര്‍ദുകളും, അര്‍മീനിയക്കാരും, ബംഗാളികളും, റൊഹിയങ്കകളും അഫ്ഗാനികളും ഉക്രൈനികളും മാത്രമല്ല അഭയാർത്ഥികൾ മറിച്ച് നമ്മുടെ സംസ്കൃതിയുടെ ഭാഗമായ നമ്മുടെ സഹോദരങ്ങളും പിറന്ന നാട്ടിലെ അഭയാർത്ഥികളെന്നറിയുക. ഇല്ലാക്കഥകളുടെ , നുണപ്രചാരണങ്ങളുടെ , കെട്ടുക്കഥകളുടെ അഭയാർത്ഥി മായികകാഴ്ചകളല്ലാ 1990 ജനുവരി 19 ൽ നടന്ന രക്തം ചിന്തിയ വംശഹത്യയും പലായനവും. ഓരോ ഇന്ത്യക്കാരനും അറിയണം അവരുടെ സഹോദരങ്ങളെ കുറിച്ച്, അവർ പിറന്ന മണ്ണ് വിട്ട് അഭയാർത്ഥി കളായി പലായനം ചെയ്യേണ്ടി വന്ന ആ കെട്ട ക്കാ ലത്തെ കുറിച്ച്. കണ്മുന്നിൽ ലോകം സാക്ഷിയാവുന്ന ഒരു യുദ്ധകാലത്ത്, പിറന്ന മണ്ണ് വിട്ട് ഉക്രൈനിൽ നിന്നും പലായനം ചെയ്യേണ്ടി വരുന്ന പാവം മനുഷ്യർ കണ്ണീർ ക്കാഴ്ചയാകുന്ന ഈ നേരത്ത് നമ്മൾ കാണണം, അറിയണം മുപ്പത്തിരണ്ട് വർഷം മുമ്പു് പലായനത്തിൻ്റെ കയ്പുനീർ ആവോളം കുടിച്ച ഒരു കൂട്ടരെ കുറിച്ച്.

shortlink

Related Articles

Post Your Comments

Related Articles


Back to top button