KeralaLatest NewsArticleNews

ചോപ്പൻ പാറ്റയോ പച്ചത്തവളയോ ചൂണ്ടലിൽ കൊടുത്താ ‘ബ്ലും’ എന്നൊരു ചാടിപ്പിടുത്തം- ഒരു വരാലിൻ്റെ കഥ

അന്നാമ്മച്ചേടത്തീടെ അടുക്കളേലായാലും മാമ്മൻമാപ്പിളേടെ മനോരമ പാചകക്കുറിപ്പിലാന്നേലും കുടംപുളി മസ്റ്റാന്നേ

‘ഒരു കഥയെെ സൊല്ലട്ടുമാ’ എന്ന് സിനിമാ ഡയലോഗ് പറയാൻ എളുപ്പവാന്നേ….എന്നായാലും പറയാം.

പള്ളത്തി കഴിഞ്ഞാ പിന്നെ വരാലാ ബെസ്റ്റ് … ചിലർക്കാന്നേ വരാലു മാത്രമാ ഇഷ്ടം ..
എന്നാ രുചിയാന്നേ …

നല്ല പെടയ്ക്കണ വരാലിനെ വെട്ടി ചെതുമ്പ ലൊക്കെ കളഞ്ഞ് വൃത്തിയാക്കിയെടുത്ത് തുണ്ടം തുണ്ടമായി മുറിച്ച് നല്ല കുരുമുളകു പൊടി ചേർത്ത് വറുത്തെടുത്താലേ ഭയങ്കര മാന്നേ .വറവിൻ്റെ മണമടിച്ചാ തന്നേ കഴിക്കാൻ കൊതിയാകുമെന്നേ ….

read also : കുലസ്ത്രീ/ കുടുംബസ്ത്രീ, ശുദ്ധി/വൃത്തിബോധങ്ങളൊന്നുമില്ലാത്ത പള്ളത്തി.. ഒരു കോട്ടയം കുറിപ്പ്

പെടയ്ക്കണ വരാലിന്നെ പാകപ്പെടുത്തുന്നത് വല്യ പണിയാന്നേ. തലേം വാലും വെട്ടി ക്ലിയറാക്കിയതിനു ശേഷം പ്രധാന പണി കറുപ്പും വെളുപ്പും ചേർന്ന ചെതുമ്പലുകൾ കളയുന്നത് ഇച്ചിരെ പാടാ. ചില രാന്നേ പിച്ചാത്തിക്കു വടിച്ചേനു ശേഷം ചാരം പുരട്ടി അലക്കു കല്ലിൻമേലിട്ട് തേച്ചൊരയ്ക്കു വല്ലിയോ … അപ്പോപ്പിന്നെ വരാല് തുടുതുടാ വെളുക്കൂന്നേ .. ചില രാന്നേ തേച്ചൊരയ്ക്കാൻ കാരം കൂടി ഉപയോഗിക്കാറുണ്ട് ‘പ്രത്യേകിച്ച് വാലിൻ്റെ ചേറ്റുമണം പോവാനാന്നേ…

വരാലു കറിയാന്നേ നല്ല ചോപ്പൻ മുളകരച്ച് നല്ല യെമണ്ടൻ പുളിയുള്ള കുടമ്പുളീം ഇട്ട് ചട്ടിയിൽ വെക്കണം. . പാതകത്തേന്നു വാങ്ങിയിറക്കിക്കഴിഞ്ഞ് മൂടി തുറന്നു നോക്കിയാ കാണാം നെയ്യും പുളീം മീൻചാറിൻ്റെ മണ്ടേൽ കിടന്നു തുള്ളിയോടുന്നത് .. പിന്നെ പുളീന്നു പറഞ്ഞാ നല്ല സൊയമ്പൻ കുടംപുളിയാകണം .കോട്ടേത്ത് കുടംപുളി മസ്റ്റാ അതിപ്പോ മണിപ്പുഴഷാപ്പിലായാലും കുമരോത്തെ ഷാപ്പിലായാലും അതിരമ്പുഴെ ലേ അന്നാമ്മച്ചേടത്തീടെ അടുക്കളേലായാലും മാമ്മൻമാപ്പിളേടെ മനോരമ പാചകക്കുറിപ്പിലാന്നേലും കുടംപുളി മസ്റ്റാന്നേ ..വാളൻപുളി യങ്ങ് വടക്കരല്ലിയോ മീനേലിടുന്നത് .. തെക്ക രാന്നേൽ തക്കാളീം കൂടെ ഇച്ചിരെ മുരിങ്ങക്കായും കൂടെ കൂട്ടിയ്ങ്ങ് ഇട്ടേക്കും ….

read also: ആൾക്കൂട്ടങ്ങളിൽ, കല്യാണ വീടുകളിൽ, പിറന്നാൾ വീടുകളിൽ, മരണവീടുകളിൽ ഒക്കെയും കളിയാക്കൽ നേരിട്ട അമ്മ: ആന്‍സി വിഷ്ണു

കറിക്കായാലും പൊരിക്കാനാന്നേലും പറയുന്ന പോലെ വരാലിനെ പിടിക്കുന്നത് അത്ര എളുപ്പമല്ലാന്നേ .. കാരണം കക്ഷി അത്ര പെട്ടെന്നൊന്നും ചൂണ്ടേല് കയറുകേലാന്നേ .. ഇനിയിപ്പം വല്ല ചോപ്പൻ പാറ്റായേയോ ഇച്ചിരെ കിളുന്ത് ആയ പച്ചത്തവളയെയോ ചൂണ്ടലിൽ കൊടുത്താ തന്നെ ആളങ്ങ് ഗമ കാണിച്ച് മാറിനിക്കത്തേ ഉളള് .

ഹും

ഞാനിപ്പോ വരുകേലാന്നേ ഒരു മൂഡില്ലാന്ന എന്ന മട്ടിൽ ഒരുമാതിരി ജാഡയാന്നേ, പ്രത്യേകിച്ചും സിംഗിൾസ് ആയി നിൽക്കുന്ന വരാലുകൾക്ക് …

ഇമ്മാതിരി വരാലുകളെ വരാൽ കണ്ണനെന്ന് കോട്ടേത്ത് ,പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലേ ഉള്ളവരു പറയാറുണ്ടേ…. എന്നാ പിന്നെ പെയർ ആയി ,കുട്ട്യേളുമായി നിക്കുന്ന വരാൽസോ ?
അവരെങ്ങനാന്നേ?

അത് അടിപൊളിയാ…. ചൂണ്ട കണ്ടാന്നേരമേ ചാടി വെട്ടു വല്ലിയോ ? … അതെന്നാ പറയാനാ അതിപ്പോ പാറ്റയായാലും പച്ച മാക്രി ആയാലും മണ്ണിരയായാലും ഇനിയിപ്പോ പച്ച തുമ്പി ആയാലും ചാടി വീഴുമെന്നേ .. ചിലപ്പോ വിശപ്പിൻ്റെ ആകുമെന്നേ…

കുട്ട്യോളുമായി നിക്കുന്ന വരാലുകളെ കാണാനെന്നാ ഭംഗിയാന്നോ.. നല്ല ചോപ്പൻ കളറിൽ തീരെ പൊടിക്കുഞ്ഞുങ്ങൾ .ഒരു കൂട്ടത്തി പത്തമ്പത് കുഞ്ഞുങ്ങളേലും ഉണ്ടാവും …. അവയെ പാർപ്പുകൾ എന്നാ പറഞ്ഞു വരുന്നേ… അവ വളർന്നാണ് അടുത്ത തലമുറയുണ്ടാകുന്നത്.

പാർപ്പിൻ്റെ കൂടെള്ള വരാലുകൾക്ക് വിശപ്പ് കൂടുതലാകുമെന്നതിനാൽ അവ ഏത് ഇര കണ്ടാലും ചാടി വെട്ടിക്കളയും…..കുഞ്ഞുങ്ങൾ ഒറ്റയ്ക്കാകുന്നത് സങ്കടമാ പക്ഷേ ? ചട്ടീലു തുളുമ്പുന്ന നെയ്യും … കുരുമുളക് പൊടിയുടെ വറവ് ടേസ്റ്റും ഓർക്കുമ്പോ ആ സങ്കട മങ്ങ് മാറൂന്നേ….. പിന്നല്ലാതെ

read also: ആധാർ കാർഡുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ ആയിരം രൂപ പിഴ, അവസാന ദിവസം മാർച്ച് 31: വിശദവിവരങ്ങൾ

പണ്ട് കാർന്നോമ്മാര് നല്ല ചോന്ന മുളകിട്ടാന്നേ വരാലിനെ പിടിച്ചിരുന്നെ ..തീറ്റയാന്നു കരുതി പാവം ചാടി കൊത്തുമ്പോ ചൂണ്ടലി വീഴുമെന്നേ ….പണ്ട് ചോന്ന മുളക് കാട്ടി കാർന്നോമ്മാര് വരാലിനെ പറ്റിച്ചെങ്കി

ന്യൂജനറേഷൻ കാര് ‘ പുതിയ ചൂണ്ടലിൽ പ്ലാസ്റ്റിക് തവളേനെ ഇട്ട് കാസ്റ്റ് ചെയ്ത് വരാലിനെ പറ്റിക്കുന്നു ….. ഓ അതെന്നാ പറയാനാ ഓരോ ന്യൂ ജെൻ ചൂണ്ടക്കാര്… ഒരു റോഡും റീലും..

പണ്ടാന്നേൽ ഏതേലും പൂവരശിൻ്റെയോ പരുത്തി യിടെയോ നീളൻ കമ്പ് മുറിച്ചെടുത്താ ചൂണ്ട ക്കമ്പ് ആയേനേ. അതുമല്ലേൽ പനയുടെ കയിൽ നിന്നും തണ്ട് മുറിച്ച് ഒരുക്കി ചൂണ്ട ക്കമ്പ് ഒരുക്കുമായിരുന്നു. പനങ്കോൽ കൊണ്ടുള്ള ചൂണ്ടക്കണ കളിലധികവും തറവാടിയായ കരിമീന്നെ പിടിക്കാനായിരുന്നു ഉപയോഗിച്ചിരുന്നേ. പരുത്തീം പൂവരശും പിന്നെ പാണലിൻ്റെ കമ്പും ചൂണ്ടക്കണ ആയി ഉപയോഗിച്ചിരുന്നത് വരാൽ ഉൾപ്പെടെ ഉള്ളവയെ പിടിച്ചാ നായിരുന്നു.

ചൂണ്ടലിൽ അല്ലാതേം വരാലിനെ പിടിക്കാമ്പറ്റോ?
പിന്നേ… പിടിക്കാം പറ്റൂന്നേ

അതിപ്പം ഇഞ്ചൻ ചാലിലാന്നേ തപ്പി പിടിക്കാലോ … നമ്മളീ പടിഞ്ഞാട്ടുകാര് ഇഞ്ചൻ ചാലെന്നു പറയുന്നത് പാടത്തെ വെള്ളം പറ്റിക്കുന്ന വല്യ’ ചാലിനെയാ.. അതിൻ്റെ അങ്ങേ അറ്റത്തല്ലിയോ വെള്ളം വറ്റിക്കുന്ന ഇഞ്ചൻ ഇരിക്കുന്നേ … അതു കൊണ്ടാന്നേ ചാലിന് ഇഞ്ചൻ ചാലെന്നു പേരു വന്നേ ..

ഇഞ്ചൻ ചാലിലാന്നേ മീൻ്റെ പെരളിയാ … എന്നു പറഞ്ഞാ തുറയിലാശാൻമാരു പറയുന്ന പോലെ ചാകര … അദ് തന്നെ.

ചാലീ കിടന്ന് പുളയ്ക്കു വല്ലിയോ മീൻ.. കാരി കൂരി കല്ലട ചേറുമീൻ ,വരാൽ മുഷി ,തളാപ്പൻ ,ആരകൻ .ഉൾപ്പെടെ അനവധി മീൻ .. പുഴയി വളരുന്ന പള്ളത്തി പരൽ കോലാ മീൻ വയമ്പ് ഉൾപ്പെടെയുള്ളവ ഇഞ്ചൻ ചാലീ കാണത്തില്ലാന്നേ കാരണം അവയ്ക്ക് തെളിവെള്ളം ആവശ്യമാന്നേ .. കലക്കവെള്ളത്തിൽ ,ചേറ്റുവെള്ളത്തി അവയ്ക്കങ്ങ് നിക്കാം പറ്റൂലാന്നേ അതാ.. കാരി കുരി വരാ ലാന്നേ ചെളിവെള്ളത്തി തിമിർത്തു കളിച്ചോളുമെന്നേ ….

ചാലി ൽ തപ്പി വരാല് പിടിക്കുകാന്നു പറഞ്ഞാ അതിച്ചിരെ കഷ്ടപ്പാടാ .ഒരു മാതിരി ചാക്കോ മാഷിൻ്റെ ദ്വിമാന സമവാക്യം പഠിക്കുന്ന പോലാ.. കരയി കിട്ടുന്ന വരാല് ദുർബലനാന്നേൽ വെള്ളത്തി ആള് പുലിയാ കേട്ടോ .വഴുതി വഴുതി മാറിക്കളയും ചിലപ്പോഴാന്നേ ചേറിൽ പുല്ലിക്കളയും.. അപ്പോ പിന്നെ കക്ഷിയെ കിട്ടുകേലാ…. വാലിൻ മേലോ നടുത്തണ്ടിലോ പിടിച്ചാലോ ?

ഒരു കാര്യവുമില്ലന്നേ പുള്ളി വഴുതിക്കളയും.. ഉറപ്പ് .പിന്നെ പിടിക്കാനെന്നാ വഴി .തലയിൻമേൽ ചേർത്തമർത്തി യങ്ങ് പിടിച്ചേക്കുക .വേണേൽ ചെകിള ചേർത്ത് അള്ളിപ്പിടിക്കുകയുമാകാം..
പിടി കിട്ടിയാ പിന്നെ ഒന്നും നോക്കി മെനക്കെടല്ല് .. ആളെ അപ്പഴേ പായ്ക്ക് ചെയ്തേക്കണം. ഒന്നു കീ
കുടത്തിലേക്ക് വലിച്ചെറിഞ്ഞേക്കണം അല്ലെങ്കി കരയിലേക്ക് … കരയിലേക്കാണെങ്കി സൂപ്പർ .മണ്ണിൽ പിരണ്ട് പുള്ളിയങ്ങ് ഒതുങ്ങിക്കിടന്നോളും ഒരു മാതിരി മര്യാദ രാമനെപ്പോലെ… അല്ലേൽ ഒരു ഒടുവിലുണ്ണികൃഷ്ണൻ ലൈനിൽ…. കുടത്തിലോ കലത്തിലോ ആണേൽ അത് ഇടിച്ച് കമിഴ്ത്താനുള്ള ശ്രമങ്ങൾ വരാലുകൾ നടത്താറുണ്ടേ…

വെള്ളത്തീ വെച്ചാണേൽ വരാൽ മീൻപിടുത്ത ക്കാരനെ ഇടിച്ച് മറിക്കാൻ നോക്കാറുണ്ട്… പ്രത്യേകിച്ച് കാൽമുട്ടിന് താഴെ ഉള്ള ഭാഗത്ത്. … വരാലിനെ ക്കാൾ വലിയ ഒരു ഇടിയൻ മീനുണ്ട് .. ആള് സൂപ്പർ ജെറ്റുപോലെ വെള്ളത്തിക്കൂടെ പറന്നു വരും. നല്ല ചിമുട്ടൻ ഇ ടി യങ്ങ് കാച്ചുവേം ചെയ്യും. പറഞ്ഞു വരുമ്പോ ആള് നന്മുടെ വരാലിൻ്റെ മൂത്താപ്പ ആയി വരും.. ചേറുമീൻ…

പടിഞ്ഞാട്ട് ചേറുമീൻന്നു തന്നെയാ അതിൻ്റെ പേര്. വേറേ ചിലോടത്ത് അതിനെ ചേറാനെന്നും വാഹയെന്നും പുലിവാഹയെന്നും വിളിക്കാറുണ്ട്. പണ്ടാന്നേ ഒറ്റാലുവെച്ചും വെട്ടിയും ഇമ്മാതിരി മീനുകളെ പിടിക്കുമായിരുന്നു. അതൊക്കെ ഒരാഘോഷമല്ലായിരുന്നോ…

പെണ്ണാള് പാടത്തു കട്ട നെരത്തുമ്പോ ആണാള് ചേറ്റുവെള്ളത്തിലെ മീൻ തപ്പുമായിരുന്നു. ചില രാന്നേ ഒറ്റാലിന് ഒറ്റിയെടുക്കുമായിരുന്നു. മീനുണ്ടെന്ന് കരുതപ്പെടുന്ന ഇടത്ത് ഒറ്റാലു കുത്തി
അതിനുള്ളില് കയ് ഇട്ടു തപ്പി മീനെ പുറത്തെടുക്കുവാരുന്നു …

ഇന്നാ വട്ടേ ഒറ്റാലൊക്കെ പുരാവസ്‌തുവായി മാറി… ഏതെങ്കിലും വീടിൻ്റെ അടുക്കളപ്പുറത്ത് ഭിത്തിയിൻമേൽ ഇരിക്കാനാണ് അവയ്ക്ക് വിധി.. കൃഷി രീതികൾ മാറിയപ്പോ വരാൽ സമ്പത്തിലും കുറവ് വന്നു.. പിറകെ രോഗ ഭീഷണിയും .. പണ്ട് ഏത് വെള്ളച്ചാലിലും വരാലുണ്ടായിരുന്നേൽ ഇപ്പോഴങ്ങനല്ലാതായി മാറി….

അനിൽകുമാർ (തുടരും )

shortlink

Related Articles

Post Your Comments


Back to top button