KeralaLatest NewsArticleNewsWomen

പിടി ഉഷ: കായിക ലോകത്തെ പയ്യോളി എക്‌സ്പ്രസ്

ഉഷയുടെ കായിക ജീവിതത്തിന് കരുത്തുറ്റ പിന്തുണ നല്‍കിയത് പരിശീലകന്‍ ഒ എം നമ്പ്യാരാണ്

കായികലോകത്തെ ഇന്ത്യയുടെ അഭിമാന താരമാണ് പിടി ഉഷ. ലോക അത്‌ലറ്റിക്‌സിലെ മികച്ച 10 താരങ്ങളിലൊരാളാകുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കിയ പിടി ഉഷയുടെ ജന്മദിനമാണ് ജൂൺ 27.

കോഴിക്കോട് ജില്ലയിലെ പയ്യോളിയെന്ന ഗ്രാമത്തില്‍ വസ്ത്ര കച്ചവടക്കാരനായ പൈതലിന്റെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ രണ്ടാമതായാണ് പിടി ഉഷയുടെ ജനനം. തൃക്കോട്ടൂര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉഷയുടെ കായിക ജീവിതത്തിന് കരുത്തുറ്റ പിന്തുണ നല്‍കിയത് പരിശീലകന്‍ ഒ എം നമ്പ്യാരാണ്.

read also: രോഗപ്രതിരോധത്തിനാണ് ഏറ്റവും പ്രാധാന്യമുള്ളതെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

1977ൽ കോട്ടയത്ത് നടന്ന കായിക മേളയില്‍ 100 മീറ്റര്‍ 13 സെക്കന്റുകൊണ്ട് പൂര്‍ത്തിയാക്കി ഉഷ ദേശീയ റെക്കോഡിട്ടു. 13.1 എന്ന റെക്കോഡ് തിരുത്തിയ ഉഷ 1978ലെ ദേശീയ അത്‌ലറ്റിക് മീറ്റിൽ ഓട്ടത്തിലും ഹൈജംപിലുമായി നാല് സ്വര്‍ണ്ണമാണ് സ്വന്തമാക്കിയത്. ഹൈജംപില്‍ 1.35 മീറ്റര്‍ ചാടിയായിരുന്നു ഉഷയുടെ സുവര്‍ണ്ണ നേട്ടം. 1979ലെ ദേശീയ സ്‌കൂള്‍ കായികമേളയില്‍ നാല് സ്വര്‍ണ്ണം നേടിയ ഉഷ രണ്ട് ദേശീയ റെക്കോഡും കുറിച്ചു. 100 മീറ്റര്‍ 12.8 സെക്കന്റില്‍ ഓടിയെത്തിയും 200 മീറ്റര്‍ 25.9 സെക്കന്റില്‍ ഫിനിഷ് ചെയ്തുമാണ് ഉഷ പുതിയ ദേശീയ റെക്കോഡ് കുറിച്ചത്. ഇതേ വര്‍ഷം ഹൈദരാബാദില്‍ നടന്ന ദേശീയ അത്‌ലറ്റിക് മീറ്റില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ഉഷ 80 മീറ്റര്‍ ഹര്‍ഡില്‍സ് 13.5 സെക്കന്റുകൊണ്ട് പൂര്‍ത്തിയാക്കി റെക്കോഡിട്ടു. 200 മീറ്റര്‍ 26 സെക്കന്റ്‌കൊണ്ട് പൂര്‍ത്തിയാക്കി മഹാരാഷ്ട്രയുടെ മെര്‍ട്ടിന്‍ ഫെര്‍ണാണ്ടസിന്റെ (26.4) റെക്കോഡ് ഉഷ തിരുത്തി. 1981ലെ അമച്വര്‍ അത്‌ലറ്റിക് മീറ്റില്‍ 100 മീറ്റര്‍ 12.3 സെക്കന്റുകൊണ്ട് പൂര്‍ത്തിയാക്കി തന്റെ തന്നെ റെക്കോഡ് തിരുത്താനും ഉഷയ്ക്ക് സാധിച്ചു.

1980ല്‍ കറാച്ചി ഗെയിംസില്‍ പങ്കെടുത്ത് നാല് സ്വര്‍ണ്ണം നേടി ഉഷയെ 1980ലെ മോസ്‌കോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടുത്തി. 16-ആം വയസിൽ ഒളിംപിക്‌സ് ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഉഷ സ്വന്തം പേരിലാക്കി. 1984ല്‍ ലോസ് ആഞ്ചല്‍സ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അവസാന റൗണ്ടിൽ എത്തിയെങ്കിലും നാലാം സ്ഥാനക്കാരിയായിപ്പോയി. ഉഷയ്ക്ക് നേരിയ വ്യത്യാസത്തില്‍ വെങ്കലം നഷ്ടമായത് ഇന്ത്യന്‍ അത്‌ലറ്റിക് ചരിത്രത്തിൽ കണ്ണീര്‍ ഓര്‍മയാണ്.

ഇന്ത്യക്കകത്തും പുറത്തും നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ ഉഷ 2000ലാണ് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 1984ല്‍ പത്മശ്രീയും അര്‍ജുന അവാര്‍ഡും നല്‍കി ഉഷയെ ആദരിച്ചു. ഭാവിയിലെ കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്സ് എന്ന സ്ഥാപനത്തിലൂടെ കഠിന പരിശ്രമത്തിലാണ് താരമിപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button