KeralaLatest News

‘ജോസഫ് മാഷിന് പുരസ്കാരം നൽകരുതായിരുന്നു, അത് ടൂൾ ആക്കി മുസ്ലീങ്ങളെ വേട്ടയാടും’: ആരോപണവുമായി ശ്രീജ നെയ്യാറ്റിൻകര

തിരുവനന്തപുരം: തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചതിൽ എതിർപ്പുമായി എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് അനുകൂലികൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അബ്ദുൽ നാസർ മദനിയുടെ പ്രസംഗത്തിൽ നബി നിന്ദ നടത്തുന്നവർക്കെതിരെ വാളെടുക്കണം എന്ന ഭാഗമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനു പിന്നാലെ സംഭവത്തിൽ എതിർപ്പുമായി ശ്രീജ നെയ്യാറ്റിൻകരയും രംഗത്തെത്തി. ജോസഫ് മാഷിന് പുരസ്കാരം നൽകിയത് ഇസ്ലാമോഫോബിയ കൂട്ടാൻ ഉപകരിക്കുമെന്ന് ഇവർ കുറിക്കുന്നു.

ശ്രീജയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ഈ ഹിന്ദുത്വ കാലത്ത് പ്രൊഫ ടി ജെ ജോസഫിനെ എനിക്ക് തള്ളിപ്പറഞ്ഞേ പറ്റൂ …
സുഹൃത്ത് : പ്രൊഫ ടി ജെ ജോസഫിന്റെ ആത്മ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് അറിഞ്ഞില്ലേ?
ഞാൻ : അറിഞ്ഞു
സുഹൃത്ത് : എന്ത് തോന്നുന്നു?
ഞാൻ : അദ്ദേഹത്തിന് ആ പുരസ്കാരം നൽകാൻ പാടില്ലായിരുന്നു എന്ന് തോന്നുന്നു
സുഹൃത്ത് : എന്തു കൊണ്ട് പാടില്ല? മത തീവ്രവാദികൾ ആ മനുഷ്യന്റെ കൈ വെട്ടി കളഞ്ഞില്ലേ? ആ മനുഷ്യൻ ജീവിതത്തിൽ അനുഭവിച്ചതൊക്കെ എഴുതിയതിന് കിട്ടുന്ന പുരസ്കാരം അദ്ദേഹത്തിന് കിട്ടാൻ പാടില്ലായിരുന്നു എന്ന് തോന്നുന്നത് മത തീവ്രവാദികളെ പിന്തുണക്കുന്നു എന്നത് കൊണ്ടല്ലേ..

ഞാൻ : പ്രവാചക നിന്ദയുടെ പേരിൽ ഒരു മനുഷ്യന്റെ കൈ വെട്ടുക എന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത കൊടിയ ക്രിമിനൽ കുറ്റമാണ് എന്ന് മാത്രമല്ല ഒരു ആധുനിക ജനാധിപത്യ കാലത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്തതും… എന്നാൽ അദ്ദേഹം ആത്മകഥ എഴുതി പ്രസിദ്ധീകരിക്കുമ്പോൾ അതിന് പുരസ്കാരം നൽകുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്.. ആ രാഷ്ട്രീയം അത്ര നിസാരമല്ല എന്ന് ബോധ്യമുള്ളത് കൊണ്ട് ആ പുരസ്കാരത്തെ വാഴ്ത്താൻ എനിക്കാകില്ല… അങ്ങനെ വാഴ്ത്തി കിട്ടുന്ന മതേതര പട്ടം എന്നെ കൊതിപ്പിക്കുന്നേയില്ല …

സുഹൃത്ത് : എന്ത് ബോധ്യം?
ഞാൻ : ആകെ മൊത്തം ഇസ്‌ലാമോഫോബിയയിൽ മുങ്ങി നിൽക്കുന്ന ഒരു സ്റ്റേറ്റിൽ ആ പുരസ്കാരം കൊണ്ട് ഒന്നേ സംഭവിക്കാനുള്ളൂ വീണ്ടും അതിന്റെ പേരിൽ മുസ്ലീങ്ങളെ മുൾ മുനയിൽ നിർത്താം അതിനപ്പുറം ഒന്നുമില്ല… സംഘ പരിവാർ കാലത്തെ സസൂക്ഷ്‌മം സമീപിക്കുന്ന ഒരാൾക്കും ആ പുരസ്കാര ജേതാവിനെ ആശംസിക്കാൻ കഴിയില്ല …
സുഹൃത്ത് : എനിക്ക് കഴിയും ..

ഞാൻ : ആയിക്കോട്ടെ ആശംസിച്ചോളൂ … മതേതര പൊതുബോധം ചാർത്തി നൽകുന്ന ‘തീവ്രവാദികളെ പിന്തുണയ്ക്കുന്നവൾ’ എന്ന പട്ടത്തെ ഞാൻ ഭയപ്പപ്പെടുന്നില്ല എന്നാൽ ടി ജെ ജോസഫിനെ അഭിനന്ദിക്കുന്നതിലൂടെ കിട്ടുന്ന മതേതര പട്ടത്തെ ഞാൻ ഭയക്കുന്നു കാരണം ആ മതേതര പട്ടം ഹിന്ദുത്വയ്ക്കുള്ള വളമാണ് …അതുകൊണ്ട് എനിക്കതിനാകില്ല
സുഹൃത്ത് : ഇത് ശരിയല്ല ശ്രീജാ
ഞാൻ : ഇതെന്റെ ശരിയാണ് …
സുഹൃത്ത് എന്നെ ബ്ലോക്ക് ചെയ്യുന്നു .. നിലപാടിന്റെ പേരിൽ അവൾ എന്നെ ബ്ലോക്ക് ചെയ്തതിൽ എനിക്ക് ദുഃഖമില്ല ♥️…

ക്ഷമിക്കണം ടി ജെ ജോസഫ് …
താങ്കളുടെ കൈയ്യെക്കാൾ താങ്കൾ അനുഭവിച്ച വേദനയേക്കാൾ ഞാൻ ആശങ്കപ്പെടുന്നത് താങ്കളുടെ ആത്മകഥയേയും അതിന് ലഭിച്ച പുരസ്കാരത്തേയും ടൂൾ ആക്കി മുസ്ലീങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്ന ഹിന്ദുത്വയെയാണ് …
ജോസഫ് താങ്കൾ ചെയ്ത ക്രിമിനൽ കുറ്റകൃത്യത്തെ മറ്റൊരു ക്രിമിനൽ കുറ്റകൃത്യം കൊണ്ട് നേരിട്ട ക്രിമിനലുകളെ മാത്രമല്ല താങ്കളേയും തള്ളിപ്പറയുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ ശരി എന്നാണ് എന്റെ വിശ്വാസം …
ഈ ഹിന്ദുത്വ കാലത്ത് ടി ജെ ജോസഫിന് നൽകിയ കേരള സാഹിത്യ അക്കാദമി പുരസ്കാരം രാഷ്ട്രീയ തെറ്റാണ് എന്ന് ബോധ്യമുള്ളത് കൊണ്ട് പൊതുബോധത്തോടൊപ്പം കിതച്ചോടാൻ ഞാനില്ല …

shortlink

Related Articles

Post Your Comments

Related Articles


Back to top button