Latest NewsNewsFootballSports

വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് നായകന്‍ ഹ്യൂഗോ ലോറിസ്

പാരീസ്: രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് ഫുട്ബോള്‍ ടീം നായകന്‍ ഹ്യൂഗോ ലോറിസ്. 2018ലെ ലോകകപ്പ് ഫ്രാന്‍സിന് നേടിക്കൊടുത്ത നായകനാണ് 36കാരനായ ലോറിസ്. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനലിലെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നും ചെയ്യാനായില്ലെങ്കിലും നിശ്ചിത സമയത്തിന്‍റെ അവസാന മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ലയണൽ മെസി തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ലോറിസ് തട്ടിയകറ്റിയത് ആരാധകര്‍ മറക്കാനിടയില്ല.

ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം കൂടിയാണ് ലോറിസ്. 145 മത്സരങ്ങളില്‍ ലോറിസ് ഫ്രാന്‍സിന്‍റെ ജേഴ്സിയണിഞ്ഞു. 2008ല്‍ 21-ാം വയസിലായിരുന്നു ഫ്രഞ്ച് കുപ്പായത്തിലെ അരങ്ങേറ്റം. അരങ്ങേറ്റം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം ദേശീയ ടീമിന്‍റെ നായകനായ ലോറിസ് പിന്നീട് വിരമിക്കുവോളം 121 മത്സരങ്ങളില്‍ കൂടി ക്യാപ്റ്റന്‍റെ ആംബാന്‍ഡ് കൈയിലണിഞ്ഞു.

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി രണ്ട് മാസമെ അവേശഷിക്കുന്നുള്ളൂ എന്നതിനാല്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് ലോറിസ് പറഞ്ഞു. കഴിഞ്ഞ ആറു മാസമായി വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുകയാണെന്നും ലോകകപ്പ് സമയത്ത് ഈ ചിന്ത ശക്തമായെന്നും ലോറിസ് വ്യക്തമാക്കി.

Read Also:- അമല്‍ എന്ന വ്യാജപേരിൽ പൈലറ്റ് ആണെന്ന് പറഞ്ഞ് വിവാഹാലോചന, യുവതികളിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ: ഫസൽ അറസ്റ്റിലാകുമ്പോൾ

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കാനുള്ള ലോറിസിന്‍റെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഫ്രഞ്ച് ഫുട്ബോളിന്‍റെ മഹനായ കാവല്‍ക്കാരനായിരുന്നു അദ്ദഹേമെന്നും ഫ്രാന്‍സ് പരിശീലകന്‍ ദിദിയെര്‍ ദെഷാം പറഞ്ഞു. ലോറിസിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചുവെന്നത് ബഹുമതിയായി കാണുന്നുവെന്നും ദേശീയ ടീമിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുന്നുവെന്നും ദെഷാം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button