
അട്ടപ്പാടി: നീണ്ട അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ നീതി ലഭിച്ചതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും ആണ് മധുവിന്റെ അമ്മ ചന്ദ്രികയും സഹോദരി മല്ലിയും. കേസിലെ അവസാന വിധി വന്നപ്പോള്‍ ഇരുവരുടെയും മുഖത്ത് നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു. വിധി കേട്ട് തുടങ്ങിയപ്പോള്‍ തന്നെ ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിഴലുകള്‍ ആ മുഖങ്ങളില്‍ മിന്നിമറഞ്ഞു. വിധി കേട്ടതോടെ മല്ലി ഫോണെടുത്ത് അടുത്ത ആളുകളെയെല്ലാം വിളിച്ച് വിവരങ്ങള്‍ അറിയിച്ചു തുടങ്ങി.
പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു മധുവിന്റെ കുടുംബം.
കേസ് ഇല്ലാതായിപ്പോകുമെന്ന ആശങ്കയുണ്ടായിരുന്നുവെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞിരുന്നു. ‘ആദ്യം വക്കീലൊക്കെ കയ്യൊഴിഞ്ഞപ്പോള്‍ തകര്‍ന്നു പോയി. അതിനുശേഷമാണ് രാജേഷ് സാര്‍ ദൈവത്തെ പോലെ വന്നത്. അപ്പോഴാണ് സമാധാനമായത്. കുറേ നടന്നു. കുറേ അനുഭവിച്ചു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ എന്നാണ് അമ്മ പറഞ്ഞത്.
അട്ടപ്പാടി മധുകൊലക്കേസിൽ കോടതിയിൽ നിന്നുണ്ടായത് നീതി പൂർവ്വമായ വിധിയെന്ന് അഭിഭാഷകൻ സിദ്ദിഖ് പ്രതികരിച്ചു. മനപ്പൂർവ്വം മധുവിനെ കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. എസ് സി,എസ്ടി വകുപ്പുപ്രകാരവുമാണ് ശിക്ഷയെന്നും അഭിഭാഷകൻ സിദ്ദിഖ് പറഞ്ഞു.
വെറുതെ വിട്ട രണ്ടു പേരുടേയും കേസിലെ കുറ്റം വളരെ ചെറുതാണ്. 304(2) ൽ പരമാവധി പത്തുവർഷം വരെയാണ് ശിക്ഷ ലഭിക്കുക. ഓരോരുത്തരും ചെയ്ത കുറ്റങ്ങൾ വെവ്വേറെയാണ് കോടതിയിൽ വിചാരണ നടന്നത്. വ്യത്യസ്ഥമായ ശിക്ഷയാണ് ഓരോ പ്രതികൾക്കും ലഭിക്കുക. കോടതിയുടെ മുന്നിൽ വന്ന എല്ലാ തെളിവുകളും പരിഗണിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം മനപൂർവ്വമുള്ള കൊലപാതകമാണെന്ന് തെളിഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ സിദ്ദിഖ് കൂട്ടിച്ചേർത്തു.
കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് ആണ് കോടതി കണ്ടെത്തിയത്. ഇവര്‍ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിനഞ്ചും പതിനാറും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും.
Post Your Comments