Latest NewsKeralaNews

ഫോൺവിളി വന്നതും വെളുപ്പിനെ പുറപ്പെട്ടു, ചുമര്‍ ഇടിഞ്ഞ് ശരീരത്തിലേക്ക് വീണു: നൊമ്പരമായി രഞ്ജിത്തിന്റെ മരണം

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനുണ്ടായ തീപിടുത്തത്തിൽ അഗ്നിശമന സേനാംഗം മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. അഗ്നിശമന സേനാംഗമായ രഞ്ജിത്താണ് മരിച്ചത്. തീയണക്കാനുള്ള ശ്രമത്തിനിടെയായിരുന്നു രഞ്ജിത്തിന്റെ മരണം.

ഇന്ന് പുലർച്ചെ ഏകദേശം 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ആ സമയത്ത് സുരക്ഷാ ജീവനക്കാരൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. രണ്ട് മണിയോടെ അഗ്നിശമന സംഘത്തിന് വിവരം ലഭിക്കുകയും രഞ്ജിത്ത് അടക്കമുള്ളവർ ഇവിടേക്ക് എത്തുകയും ചെയ്തു. തീ അണയ്ക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ തീയ്ക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥനായിരുന്നു.

അതേസമയം, ബ്ലീച്ചിംഗ് പൗഡറിന് തീ പിടിച്ചതാണ് ഇത്രയും വ്യാപകമായി തീ പടരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. സംഭരണ കേന്ദ്രത്തിലെ കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. സിറ്റിപോലീസ് കമ്മീഷ്ണർ സപർജൻ കുമാർ സ്ഥലത്തെത്തിയിട്ടുണ്ട്. തീ പൂര്‍ണമായും അണയ്ക്കാനുളള ശ്രമം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button