KeralaLatest NewsNews

മധ്യവയസ്കനെ വിളിച്ചുവരുത്തി പണവും കാറും കവര്‍ന്നു: ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേർ പിടിയില്‍ 

തലശ്ശേരി: കണ്ണൂരിലെ മധ്യവയസ്കനെ തലശ്ശേരിയിൽ വിളിച്ചുവരുത്തി പണവും കാറും തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേർ പിടിയില്‍. തലശ്ശേരി റെയിൽവേസ്റ്റേഷൻ പരിസരം നടമ്മൽ ഹൗസിൽ സി ജിതിൻ (25), ജിതിന്റെ ഭാര്യ മുഴപ്പിലങ്ങാട് യൂത്തിന് സമീപം ശ്രീലക്ഷ്മിയിൽ വി അശ്വതി (19), കതിരൂർ വേറ്റുമ്മൽ കേളോത്ത് വീട്ടിൽ കെ സുബൈർ (33), മൊകേരി മുത്താറിപ്പീടിക കണ്ണച്ചാംകണ്ടി വീട്ടിൽ കെ.ഷഫ്‌നാസ് (29) എന്നിവരെയാണ് തലശ്ശേരി പോലീസ് ഇൻസ്പെക്ടർ എം അനിൽ പിടികൂടിയത്.

കണ്ണൂർ ചിറക്കലിലെ മോഹൻദാസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. അമ്മ മുഖേന യുവതിക്ക്‌ മോഹൻദാസിനെ അറിയാം. മുൻപരിചയത്തിൽ യുവതി മോഹൻദാസിനോട് തലശ്ശേരിയിൽ എത്താൻ പറഞ്ഞു. ഓട്ടോറിക്ഷയ്ക്ക് കൊടുക്കാൻ പണമില്ലെന്ന് പറഞ്ഞാണ് മോഹൻദാസിനെ തലശ്ശേരിയിലേക്ക് വിളിച്ചത്.

മോഹൻദാസ് കാർ തലശ്ശേരി ബിഇഎംപി സ്കൂൾ പരിസരത്ത്‌ നിർത്തി യുവതിയുള്ളിടത്ത് പോയി. ഓട്ടോവിന് പണം നൽകി തിരിച്ചുപോകാൻ ശ്രമിക്കുമ്പോൾ യുവതിയുടെ ഭർത്താവും കൂടെയുള്ളവരും ചേര്‍ന്ന് ഇയാളെ ബലമായി ഓട്ടോയിൽ കയറ്റി. അതിനുശേഷം മോഹൻദാസിന്റെ കാറെടുത്ത് മോഹൻദാസിനെ കയറ്റി തലശ്ശേരിയിൽ നിന്ന് കാടാച്ചിറ, മമ്പറം എന്നിവിടങ്ങളിൽ പോയി.

മോഹൻദാസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തി 6000 രൂപയും കാറും തട്ടിയെടുത്തെന്നുമാണ് പരാതി. കാർ തിരിച്ചു നൽകാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. മോഹൻദാസ് തലശ്ശേരി പോലീസിൽ നൽകിയ പരാതിയെ തുടർന്ന്‌ നാലംഗസംഘത്തെ കോടിയേരി ഇടയിൽപ്പീടികയ്ക്ക് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഒരു യുവതി കൂടി സംഘത്തിലുണ്ടായിരുന്നു. ഇവരെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button