KeralaLatest News

ശ്രീലക്ഷ്മിക്കു വന്ന മൂന്നുനാലു വിവാഹങ്ങൾ പ്രതി നേരത്തെ മുടക്കി, എന്നാൽ വരൻ വിവാഹത്തിൽ ഉറച്ചു നിന്നതോടെ അക്രമം

വർക്കല വടശ്ശേരിക്കോണത്ത് മകളുടെ വിവാഹത്തലേന്ന് ഗൃഹനാഥൻ്റെ കൊലപാതകത്തിൽ അവസാനിച്ച പ്രശ്നങ്ങളിലൂടെ പ്രതികൾ ലക്ഷ്യമിട്ടത് ശ്രീലക്ഷ്മിയുടെ വിവാഹം മുടക്കാനും അതിനു കഴിഞ്ഞില്ലെങ്കിൽ കൊലപ്പെടുത്താനും. താനമായുള്ള സൗഹൃദത്തിൽനിന്നും പെൺകുട്ടി പിന്മാറിയതും വിവാഹാലോചന വീട്ടുകാർ നിരസിച്ചതുമാണ് വിവാഹത്തലേന്ന് പെൺകുട്ടിയുടെ വീട്ടിൽക്കയറി ആക്രമണം നടത്താൻ പ്രേരിപ്പിച്ചതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിനോടു പറഞ്ഞു.

പെൺകുട്ടിയുടെ പിതാവിനെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതികളായ വടശ്ശേരിക്കോണം സ്വദേശി ജിഷ്ണു (26), സഹോദരൻ ജിജിൻ (25), സുഹൃത്തുക്കളായ മനു (26), ശ്യാംകുമാർ (26) എന്നിവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ശ്രീലക്ഷ്മിയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കാൻ താൻ അനുവദിക്കില്ലെന്ന് പ്രതി ജിഷ്ണു നേരത്തെ പെൺകുട്ടിയുടെ കുടുംബത്തിനോട് ഭീഷണി ഉയർത്തിയിരുന്നു. ഇതിനിടെ ശ്രീലക്ഷ്മിക്കു വന്ന മൂന്നുനാലു വിവാഹ ആലോചനകൾ പ്രതിയും സംഘവും ചേർന്ന് മുടക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ചെറുന്നിയൂർ സ്വദേശിയുടെ ആലോചന വരുന്നത്. ഈ ആലോചനയിൽ വിവാഹം നശ്ചയിച്ചതോടെ ഇതു മുടക്കാനും ഇവർ ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ ചെറുന്നിയൂർ സ്വദേശി ഉറച്ചു നിന്നതോടെ ഇക്കാര്യത്തിൽ പ്രതികൾ പരാജയപ്പെടുകയായിരുന്നു. ഒടുവിൽ പിറ്റേന്ന് വിവാഹം നടക്കുമെന്ന് ഉറപ്പായതോടെയാണ് അത് എങ്ങനേയും മുടക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രതികൾ രാത്രി വധു ഗൃഹത്തിൽ എത്തിയത്. നാട്ടുകാർ അറിയുന്ന രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് പിറ്റേന്ന് വിവാഹം മുടക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം.

പ്രതികൾ വധുഗൃഹത്തിൽ എത്തി പ്രശ്നമുണ്ടാക്കിയതോടെ കാര്യങ്ങൾ കെെവിട്ടു പോയി. ശ്രീലക്ഷ്മിയെ മർദ്ദിച്ച് കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നു ജിഷ്ണുവിൽ നിന്നും ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. അതിനിടയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് രാജുവിൻ്റെ കൊലപാതകം നടക്കുന്നത്. പ്രതികളെ തുടരന്വേഷണത്തിനും തെളിവെടുപ്പിനും കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് വെള്ളിയാഴ്ച അപേക്ഷ നൽകുമെന്നാണ് സൂചനകൾ. അറസ്റ്റിലായ നാലുപേർ മാത്രമാണ് കേസിൽ പ്രതികളെന്നാണ് പോലീസ് നൽകുന്ന വിവരം.

അതേസമയം വിവാഹവീട്ടിൽ അർധരാത്രി ആസൂത്രിതമായി സംഘം എത്തിയതിനാൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നുള്ള കാര്യം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. വിവാഹത്തലേന്ന് സത്കാരം കഴിഞ്ഞ് ഏവരും പോയ ശേഷമാണ് വധു ഗൃഹത്തിൽ പ്രതികളുടെ ആക്രമണമുണ്ടാകുന്നത്. ബുധനാഴ്ച പുലർച്ചെ 12.30-ഓടെയാണ് പ്രതികൾ വധുഗൃഹത്തിൽ എത്തിയത്. വർക്കല വടശ്ശേരിക്കോണം വലിയവിളാകം ശ്രീലക്ഷ്മിയിൽ ജി.രാജു (63) വാണ് കൊല്ലപ്പെട്ടത്. വധു ശ്രീലക്ഷ്മിക്കും അമ്മ ജയയ്ക്കും രണ്ട് ബന്ധുക്കൾക്കും ക്രൂരമർദനമേൽക്കുകയും ചെയ്തിരുന്നു.

ഇതിനിടെ രാജു മരണപ്പെട്ട സംഭവത്തിൽ ഭീഷണിയുള്ളതായി സാക്ഷി ഗുരുപ്രിയ വ്യക്തമാക്കി. മരിച്ച രാജുവിൻ്റെ സഹോദരീ ഭർത്താവ് ദേവദത്തൻ, മകൾ ഗുരുപ്രിയ എന്നിവർ കൊലപാതകത്തിന് ദൃക്‌സാക്ഷികളായിരുന്നു. തൊട്ടടുത്ത വീട്ടിലാണ് ഇവർ താമസിക്കുന്നത്. രാജുവിനെയും കുടുംബത്തെയും മർദിക്കുന്നത് കണ്ട് ഓടിയെത്തിയ ഇരുവർക്കും അക്രമിസംഘത്തിന്റെ മർദനമേറ്റിരുന്നു.

അതേസമയം, വ്യാഴാഴ്ച രാത്രി അജ്ഞാതരായ രണ്ടുപേരെ ഇവരുടെ വീടിന് പരിസരത്ത് കണ്ടതാണ് ആശങ്കയ്ക്ക് കാരണമായതെന്നാണ് വിവരം. രാജുവിന്റെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ് ആൾക്കാർ പിരിഞ്ഞുപോയശേഷമാണ് രാത്രിയിൽ രണ്ടുപേരെ ഇവരുടെ വീടിനു സമീപം കണ്ടതെന്നാണ് വിവരം. ആരാണെന്ന് അന്വേഷിച്ചപ്പോൾ മരണമറിഞ്ഞ് വന്നതാണെന്നാണ് മറുപടി നൽകിയത്.എന്നാൽ, ഇവർ മരണവീട്ടിൽ കയറാത്തത് സംശയമുയർത്തിയിരുന്നു. കൂടുതൽ അന്വേഷിക്കുന്നതിനിടെ ഇവർ സ്ഥലം വിടുകയും ചെയ്തുവെന്നാണ് വീട്ടുകാർ പറയുന്നത്. കുടുംബത്തിന് പൊലീസ് സുരക്ഷ വേണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button