Latest NewsIndia

തെലങ്കാനയില്‍ സ്‌കൂള്‍ ആക്രമിച്ച സംഭവം: സ്‌കൂള്‍ അധികൃതര്‍ക്കും ഹനുമാന്‍ സേനയ്ക്കുമെതിരെ കേസ്

ഹൈദരാബാദ് : തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് മദര്‍ തെരേസ സ്‌കൂള്‍ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും അക്രമികൾക്കുമെതിരെ കേസെടുത്ത് പോലീസ്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ചില രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പരാതിയില്‍ അക്രമികള്‍ക്കെതിരെയും ഡണ്ഡെപള്ളി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ 153 (എ), 295 (എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323, 427, 452, 143, 149 എന്നിവ ചുമത്തിയാണ് അക്രമികള്‍ക്കെതിരെ കേസ്. ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ സ്‌കൂള്‍ മാനേജരായ മലയാളി വൈദികന്‍ ഫാ.ജെയിംസ് ജോസഫിനെ അക്രമിച്ചെന്നും പരാതിയിൽ പറയുന്നു.

ഹനുമാന്‍ ദീക്ഷ സ്വീകരിക്കുന്നവര്‍ ധരിക്കുന്ന വസ്ത്രം ധരിച്ചു വന്നതിന് നാലാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകനെയും സഹപാഠികളായ രണ്ട് വിദ്യാര്‍ത്ഥികളെയും സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ മനപ്പൂര്‍വ്വം മത വികാരം വ്രണപ്പെടുത്തിയെന്നും മത സ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

എന്നാൽ, ഇത് സ്‌കൂൾ അധികൃതർ നിഷേധിച്ചു. ഹനുമാന്‍ ദീക്ഷ സ്വീകരിക്കുന്നവര്‍ ധരിക്കുന്ന വസ്ത്രം മാറ്റി വരണമെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പരന്നതിനെ തുടര്‍ന്ന് ഹനുമാന്‍സേന പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ അക്രമിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button