
റിയാദ്: സിറിയയിലെ പ്രസിഡന്റ് അഹ്മദ് അല്‍ ഷരായെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡ്ന്റ് ഡോണാള്‍ഡ് ട്രംപ്. ഷരാ വളരെ ചുറുചുറുക്കുള്ള, കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനാണെന്നും, ശക്തമായ ഭൂതകാലമാണ് ഉള്ളത് എന്നുമാണ് ട്രംപ് പറഞ്ഞത്. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനിടെ സിറിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ട്രംപിന്റെ പുകഴ്ത്തല്‍.
സിറിയയിലെ വിമത ഗ്രൂപ്പായ എച്ച്ടിഎസിന്റെ നേതാവായ അഹ്മദ് അല്‍ ഷരാ നേരത്തെ യുഎസ് കൊടുംഭീകരനായി പ്രഖ്യാപിച്ച ആളായിരുന്നു. അല്‍ അല്‍ ഖ്വയ്ദ ബന്ധമായിരുന്നു ഭീകരമായി പ്രഖ്യാപിക്കാനുള്ള കാരണം. വിവരം തരുന്നവര്‍ക്ക് പത്ത് മില്യണ്‍ ഡോളര്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭീകര ബന്ധങ്ങള്‍ വിട്ടെറിഞ്ഞു എന്ന് അവകാശപ്പെട്ട ശേഷം സിറിയയുടെ താത്കാലിക പ്രസിഡന്റ് പദവിയിലേക്ക് വരെ അല്‍ ഷരാ എത്തിയതോടെയാണ് ട്രംപ് നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.
അല്‍ ഷരായെ ട്രംപ് ‘പോരാളി’ എന്നും വിളിക്കുന്നുണ്ട്. വര്‍ഷങ്ങളായി സിറിയയ്ക്ക് മേലുണ്ടായിരുന്ന യുഎസ് ഉപരോധങ്ങള്‍ ട്രംപ് നേരത്തെ പിന്‍വലിച്ചിരുന്നു. 1979 മുതല്‍ക്ക് യുഎസ് ചുമത്തിയ ഉപരോധങ്ങള്‍, സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ട്രംപ് പിന്‍വലിച്ചത്. ഉപരോധങ്ങള്‍ സിറിയയെ മോശം നിലയിലാക്കിയെന്നും ഇനി സിറിയ തെളിയിക്കട്ടെ എന്നും ട്രംപ് ആശംസിച്ചിരുന്നു.
25 വര്‍ഷത്തിന് ശേഷമായിരുന്നു ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടന്നത്. സിറിയയോട് ഇസ്രയേലുമായി നല്ല ബന്ധം ഉണ്ടാക്കാനും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സിറിയന്‍ മണ്ണ് വിട്ടുനല്കരുതെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷാ ഉറപ്പാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments