
മുംബൈ : സിനിമാ നടൻ സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്ട്മെന്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ഒരാൾ പിടിയിൽ. മെയ് 20 ന് വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഛത്തീസ്ഗഢ് സ്വദേശിയായ ജിതേന്ദ്ര കുമാർ സിങ്ങിനെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ ബിഎൻഎസ് സെക്ഷൻ 329(1) പ്രകാരം പോലീസ് കേസെടുത്തു.
ഗാലക്‌സി അപ്പാർട്ട്‌മെന്റിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിന് ചുറ്റും സംശയാസ്പദമായ ഒരു വ്യക്തി കറങ്ങുന്നത് കണ്ടു. ഓഫീസർ അദ്ദേഹത്തോട് പോകാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ ദേഷ്യപ്പെടുകയും മൊബൈൽ ഫോൺ നിലത്തേക്ക് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. അതേ ദിവസം, വൈകുന്നേരം 7:15 ഓടെ അയാൾ വീണ്ടും ഗാലക്സി അപ്പാർട്ട്മെന്റിന്റെ പ്രധാന ഗേറ്റിലെത്തി കെട്ടിടത്തിലെ ഒരു താമസക്കാരന്റെ കാറിനെ പിന്തുടർന്ന് ഗേറ്റ് കടക്കാൻ ശ്രമിച്ചു.
സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ, സെക്യൂരിറ്റി ഗാർഡ് എന്നിവർ ഉടൻ തന്നെ ഇയാളെ പിടികൂടി ബാന്ദ്ര പോലീസിന് കൈമാറുകയായിരുന്നു. അതേ സമയം സുരക്ഷാ കാരണങ്ങളാൽ നടന് പോലീസ് സംരക്ഷണം നൽകിയിട്ടുണ്ട്.
Post Your Comments