KeralaLatest NewsNews

ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവം : കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി

കുട്ടികൾ ഇപ്പോഴുള്ളത് കുടകിലെ അച്ഛൻറെ സഹോദരിയുടെ വീട്ടിലാണ്

കണ്ണൂർ : ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ച കേസിൽ സർക്കാർ ഇടപെടലിന് പിന്നാലെ കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി. എട്ടും പത്തും വയസ്സുള്ള രണ്ടു കുട്ടികളെയും കൗൺസിലിങ്ങിന് വിധേയരാക്കാനും തീരുമാനമുണ്ട്. മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം.

പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനും സംഭവത്തിൽ ഇടപെട്ടു. കേസ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്‌ചയുണ്ടായില്ലെന്ന് എംഎൽഎ പ്രതികരിച്ചു. കുട്ടികൾ ഇപ്പോഴുള്ളത് കുടകിലെ അച്ഛൻറെ സഹോദരിയുടെ വീട്ടിലാണ്. അവിടെ നിന്നും ഇവരെ ചെറുപുഴയിലേക്ക് കൊണ്ടുവരുന്നുണ്ട്. പൊലീസ് നടപടികൾ കഴിഞ്ഞാൽ ഉടൻ കുട്ടികളുടെ സംരക്ഷണം സി ഡബ്ല്യു സി ഏറ്റെടുക്കും.

വിശദമായി പഠിച്ച ശേഷം മാത്രം അമ്മയ്ക്ക് കുട്ടികളെ വിട്ടുകൊടുക്കണം എന്നതും തീരുമാനിക്കുകയുള്ളൂവെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ രവി വ്യക്തമാക്കി. കുട്ടികളെ ഉപദ്രപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ എട്ടുവയസുകാരിയെ അച്ഛൻ മർദ്ദിക്കുന്നത് മുൻപ് തന്നെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മയുടെ സഹോദരി അനിത പ്രതികരിച്ചു. അമ്മയ്ക്കൊപ്പമായിരുന്ന കുട്ടികളെ അമ്മ ജോലിക്ക് പോയ സമയത്ത് അച്ഛനെത്തി കൂട്ടിക്കൊണ്ടുപോയതാണ്. പ്രതിയായ അച്ഛൻ കുട്ടികളുടെ അമ്മയെയും മർദിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ടുണ്ടെന്നും അനിത പറഞ്ഞു.

കുട്ടികൾക്ക് ഉറക്കമില്ലെന്നും പഠിത്തം പോലും നടക്കുന്നില്ലെന്നും അനിത പൊലീസിനോട് പറഞ്ഞു. ഇതെല്ലാം കണക്കിലെടുത്താണ് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനും കുട്ടികൾക്ക് കൗൺസിലിങ് നൽകാനും തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button