KeralaNews

ചിതാഭസ്മത്തിൽ നിന്നും ഒരുനുള്ള് വെടിയേറ്റുമരിച്ച മാവോയിസ്റ്റുകൾക്ക് വായ്ക്കരി കൊടുത്താൽ അവർക്ക് മോക്ഷം ലഭിക്കും: അഡ്വ. എ ജയശങ്കർ

പിണറായിയും രമേശനുമൊക്കെ കാസ്ട്രോയുടെ വിപ്ലവ വീര്യത്തെ പിന്തുണയ്ക്കുമ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ മാവോയിസ്റ്റ് വിപ്ലവകാരികൾ കുപ്പു ദേവരാജന്റെയും അജിതയുടെയും ജഡങ്ങൾ പോസ്റ്റുമാർട്ടം കാത്തുകിടക്കുകയാണെന്ന് അഡ്വ. എ ജയശങ്കർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാസ്ട്രോയുടെ ശവദാഹത്തിൽ പങ്കെടുക്കാൻ നമ്മുടെ പ്രാക്കുളം ചെഗുവേര ക്യൂബയിലേക്ക് പോയിട്ടുണ്ടെന്നും ചിതാഭസ്മത്തിൽ നിന്നും ഒരുനുള്ള് പോലീസിന്റെ വെടിയേറ്റുമരിച്ച മാവോയിസ്റ്റുകൾക്ക് വായ്ക്കരി കൊടുത്താൽ അവർക്ക് മോക്ഷം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

1970 ൽ ഈജിപ്തിലെ കേണൽ നാസർ അന്തരിച്ചപ്പോൾ അന്ന് കേരളം ഭരിച്ചിരുന്ന അച്യുതമേനോൻ സർക്കാർ സ്‌കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. 1980 ൽ യൂഗോസ്ലോവിയയിലെ മാർഷൽ ടിറ്റോ മരിച്ചപ്പോൾ നായനാർ സർക്കാരും 82 ൽ സോവിയറ്റ് യൂണിയനിലെ ബ്രഷ്നെവ്‌ നാടുനീങ്ങിയപ്പോൾ കരുണാകരൻ സർക്കാരും അവധി നൽകി.ടിറ്റോ മരിച്ചപ്പോൾ യൂഗോസ്ലോവിയയിലോ ബ്രഷ്നേവ് പോയപ്പോൾ സോവിയറ്റ് യൂണിയനിലോ അവധിയുണ്ടായില്ല എന്ന കാര്യം പിന്നീട് വെളിപ്പെട്ടു. ലോകനേതാക്കൾ മരിച്ചാൽ അവധികൊടുക്കുന്ന പതിവ് അതോടെ അവസാനിച്ചു.

ക്യൂബൻ ജനതയുടെ അഭിവന്ദ്യ നേതാവ് സഖാവ് ഫിദൽ കാസ്ട്രോ തീപ്പെട്ടത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തായിരുന്നെങ്കിൽ ഒരുപക്ഷെ സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും അവധി നൽകുമായിരുന്നു. പിണറായി വിജയന് സർക്കാർ ഉദ്യോഗസ്ഥരോടും അദ്ധ്യാപക വിദ്യാർത്ഥി സുഹൃത്തുക്കളോടും അത്ര മമതയില്ലാത്തതുകൊണ്ട് അവധി കിട്ടിയില്ല.
കേരളസർക്കാർ തിരുവനന്തപുരത്തു യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ കാസ്ട്രോ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. സ്പീക്കർ ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, മാത്യു ടി തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും എം.എൽ.എ.മാരായ എം.ഉമ്മർ, ഒ.രാജഗോപാൽ എന്നിവരും കാസ്‌ട്രോയെ അനുസ്മരിച്ചു.

പി.കെ.കുഞ്ഞാലികുട്ടി, കെ.എം.മാണി, അനൂപ് ജേക്കബ്, കെ.ബി.ഗണേഷ്‌കുമാർ, പി.സി.ജോർജ്ജ്, എൻ.വിജയൻ പിള്ള എന്നീ ധീരവിപ്ലവകാരികളുടെ പേരും നോട്ടീസിലുണ്ടായിരുന്നുവെങ്കിലും അവരെ യോഗത്തിൽ കണ്ടില്ല. കേരള കാസ്ട്രോ എന്ന് കേൾവികേട്ട സഖാവ് വി.എസ്.അച്യുതാനന്ദന്റെ പേര് നോട്ടീസിൽപോലും കണ്ടില്ല.

പിണറായിയും രമേശനുമൊക്കെ കാസ്ട്രോയുടെ വിപ്ലവ വീര്യത്തെ സ്തുതിക്കുമ്പോൾ, അങ്ങകലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ മാവോയിസ്റ്റ് വിപ്ലവകാരികൾ കുപ്പു ദേവരാജന്റെയും അജിതയുടെയും ജഡങ്ങൾ പോസ്റ്റുമാർട്ടം കാത്തുകിടക്കുകയാണ്.
കാസ്ട്രോയുടെ ശവദാഹത്തിൽ പങ്കെടുക്കാൻ നമ്മുടെ പ്രാക്കുളം ചെഗുവേര ക്യൂബയിലേക്ക് പോയിട്ടുണ്ട്. ചിതാഭസ്മത്തിൽ നിന്നും ഒരുനുള്ള് പോലീസിന്റെ വെടിയേറ്റുമരിച്ച മാവോയിസ്റ്റുകൾക്ക് വായ്ക്കരി കൊടുത്താൽ അവർക്കും മോക്ഷം ലഭിക്കും. വധശിക്ഷ നിർത്തലാക്കണം എന്ന് വാതോരാതെ പറയുന്ന ബേബി സഖാവ് അത്രയെങ്കിലും കരുണകാണിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button