KeralaLatest NewsNews

അക്രമരാഷ്ട്രീയത്തിനെതിരെ ഇന്ത്യ മനസ് തുറക്കുന്നു ദേശീയ സംവാദം കോഴിക്കോട്ട് , സംഘടിപ്പിക്കുന്നത് ‘ഓർഗനൈസർ’ വാരിക; കെവിഎസ് ഹരിദാസ് എഴുതുന്നു

കേരളത്തിൽ നടന്നുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കണം എന്ന ചിന്തയുമായി കോഴിക്കോട് ഒരു ഒത്തുചേരലിന് വേദി ഒരുങ്ങുകയാണ്. ദൽഹിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘ഓർഗനൈസർ’ എന്ന ഇംഗ്ലീഷ് വാരികയാണ് അതിന്റെ സംഘാടകർ. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന് ദേശീയ തലത്തിൽ എത്രത്തോളം പ്രാധാന്യം കിട്ടുന്നുണ്ട് എന്നതിന് തെളിവായി ഈ ഉദ്യമത്തെ കാണാമെന്നു തോന്നുന്നു. ശരിയാണ്, സംഘ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള പ്രസിദ്ധീകരണമാണ് ‘ഓർഗനൈസർ’. ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് വാരികകളിൽ ഒന്ന്. എൽകെ അദ്വാനിയും കെആർ മൽക്കാനിയും മറ്റും പത്രാധിപത്യം വഹിച്ച മാധ്യമം എന്നതും അതിന്റെ പ്രത്യേകതയാണ്. ‘ഓർഗനൈസർ’ ഇന്നിപ്പോൾ ഇതിന് തയ്യാറാവുമ്പോൾ അതിൽ സാധാരണയിലധികം പ്രസക്തിയുണ്ടുതാനും. ഇതിൽ ആര് ആരെ കൊന്നൊടുക്കി, ആരെയെല്ലാം ആക്രമിച്ചു എന്നതൊക്കെ വിശദമായി ചർച്ചചെയ്യേണ്ടതില്ല. എന്നാൽ ഒരു കാര്യം പറയാതെയും വയ്യ, ഇത്തരം സംഭവങ്ങളിൽ ഒരു പക്ഷത്ത് എന്നും മാർക്സിസ്റ്റ് പാർട്ടി ഉണ്ടായിരുന്നു എന്നതാണത്. ആർഎസ്എസോ ബിജെപിയെ ബിഎംഎസോ മാത്രമല്ല സിപിഐ, മുസ്ലിം ലീഗ്, കോൺഗ്രസ് അങ്ങിനെ വേരോട്ടമുള്ള എല്ലാ പ്രസ്ഥാനങ്ങളും അത്തരം ആക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ട്. അവരുടെയൊക്കെ പ്രവർത്തകരും കുടുംബങ്ങളും ബന്ധുക്കളും എത്രയോ തവണ ആക്രമണങ്ങൾക്ക് വിധേയരായി. എത്രയോ കാര്യാലയങ്ങൾ, സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടു. ഒരു നാടിന്റെ ശാപമായി മാറുന്ന കാലത്താണ് ഇത്തരമൊരു നീക്കവുമായി ഒരു ദേശീയ വാരിക ഇറങ്ങിപ്പുറപ്പെടുന്നത്. അവർക്ക് വ്യക്തിപരമായി ഭാവുകങ്ങൾ നേരുന്നതിനൊപ്പം, കേരളത്തിന്റെ മനസാക്ഷിയെ ഉണർത്താൻ അവർക്കാവട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.

കേരളം എത്രയോ തവണ ഈ വിഷയം വിശകലനം ചെയ്തിട്ടുണ്ട് എന്നത് പറയാൻ തന്നെ പ്രയാസമാകും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ പലരും ആത്മാർഥമായി ആഗ്രഹിച്ചിരുന്നു എന്നതും പറയാതെ വയ്യ. എന്നാൽ അതൊന്നും നടപ്പിലായില്ല. ഒറ്റപ്പെട്ട സംഭവങ്ങളെ പോലും രാഷ്ട്രീയവൽക്കരിച്ചതും അത് പിന്നീട് വലിയ അക്രമങ്ങളിൽ കലാശിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ചിലർക്ക് സ്വന്തം അണികളിലുള്ള അവിശ്വാസമാണ് പലപ്പോഴും അതിലേക്കൊക്കെ കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചത് എന്നതും മറന്നുകൂടാ. എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത് എന്നതിന് വലിയ വാഗ്വാദങ്ങൾ ഒന്നും വേണ്ടതില്ലല്ലോ; ഒറ്റവാക്കിൽ അതിനുത്തരമുണ്ട്, ആശയപരമായ ദയനീയത, പാപ്പരത്തം. പിൽക്കാലത്ത് പലപ്പോഴും ഇത്തരം ക്രിമിനൽ നടപടികൾ, മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ ഒരു കൂട്ടരുടെ സ്ഥിരം പരിപാടിയായി മാറുകയായിരുന്നു എന്നതും എടുത്തുപറയേണ്ടതുണ്ട്. കൊലപാതക രാഷ്ട്രീയം കൈകാര്യം ചെയ്യാൻ, ആസൂത്രണം ചെയ്യാൻ, ഒരു പാർട്ടിയിൽ പ്രത്യേകം പരിചയമുള്ളവരുണ്ടായിരുന്നു എന്നത് അടുത്തിടെ കോഴിക്കോട് ജില്ലയിൽ നടന്ന ഒരു മനുഷ്യത്വരഹിതമായ കൊലപാതകം ഓർമ്മപ്പെടുത്തിയില്ലേ?. കുഞ്ഞനന്ദന്മാർ എന്താണ് ചെയ്തിരുന്നത് എന്നതും നമ്മെ ബോധ്യപ്പെടുത്തിയത് ആ കേസാണല്ലോ. ഭരണകൂടം മാറുന്നതിനനുസരിച്ച് അക്രമത്തിന്റെയും അക്രമികളുടെയും രീതിയിൽ മാറ്റമുണ്ടാവുന്നതും ഇക്കാലങ്ങളിൽ നാമൊക്കെ കണ്ടിട്ടുണ്ട്. ഇത്തരം കേസുകളും അതിനെത്തുടർന്നുണ്ടാവുന്ന രാഷ്ട്രീയ ചർച്ചകളും മറ്റും പലരുടെയും മനസ് മാറ്റിയിട്ടുണ്ട് എന്നത് വ്യക്തമാണ്. പക്ഷെ അതൊന്നും ഏശാതെ കഴിയുന്നവർ കുറച്ചുപേർ ഇന്നുമുണ്ട്. എനിക്ക് തോന്നുന്നു ഇത്തരം സംവാദങ്ങൾ ലക്ഷ്യമിടുന്നത് അവരെയാവണം, അവർക്ക് സദ്‌ബുദ്ധി തോന്നിപ്പിക്കുന്നതിനാവണം.

ഞാൻ നേരത്തെ സൂചിപ്പിച്ചുവല്ലോ, ‘സമാധാന ചർച്ച’കൾക്ക് എത്രയോ തവണ കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആർഎസ്എസിലെ തന്നെ മുതിർന്ന നേതാക്കൾ അതിന്‌ വേണ്ടതിലധികം മുൻകയ്യെടുത്തതും ചരിത്രത്തിന്റെ ഭാഗമാണ്. 1980 -കളിലെ കാര്യം തന്നെയെടുക്കാമല്ലോ. അന്ന് ദേശീയ തലത്തിൽ ഒരു നീക്കം നടന്നതിന് ചുക്കാൻ പിടിച്ചത് പി പരമേശ്വരനും ആർ വേണുഗോപാലും ഒക്കെയാണ്. കേരളത്തിലെ ആർഎസ്എസിന്റെ മുതിർന്ന നേതാക്കളാണ് അവരിരുവരും. പി പരമേശ്വരൻ അക്കാലത്ത് ദൽഹിയിൽ ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യു ട്ടിന്റെ ഡയറക്ടർ ആയി പ്രവർത്തിക്കുകയായിരുന്നു. ആർ വേണുഗോപാൽ ബിഎംഎസിലും ദേശീയ തലത്തിലുണ്ടായിരുന്നു. അവർക്ക് രണ്ടുപേർക്കും ഇടതു പക്ഷ നേതാക്കളുമായുണ്ടായിരുന്ന നല്ല ബന്ധമാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇഎംഎസ് നമ്പുതിരിപ്പാട്, ഇ ബാലാനന്ദൻ എന്നിവർ തന്നെയാണ് അക്കാലത്ത് സിപിഎം പക്ഷത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ടത്. ചരിത്രത്തിലേക്ക് കടന്നിറങ്ങിയാൽ ഇഎംഎസിന്റെ രാഷ്ട്രീയ ചിന്തയാണ് കണ്ണൂരിലും മറ്റ് സ്ഥലങ്ങളിലും അക്രമ രാഷ്ട്രീയം തുടങ്ങാൻ കാരണം എന്നത് കാണാൻ കഴിയും. അടിയന്തരാവസ്ഥക്ക് ശേഷം, 1977 ന് ശേഷം, ആർഎസ്എസിലേക്കും മറ്റും സഖാക്കൾ ഗണ്യമായി കടന്നുവരാൻ തുടങ്ങിയപ്പോഴാണ് എന്താണ് പോംവഴി എന്ന് സിപിഎം ചിന്തിച്ചത്. ആശയപരമായ പോരായ്മയാണ് യഥാർത്ഥ കാരണം എന്നത് തിരിച്ചറിയാഞ്ഞിട്ടാണോ അതോ അതിലും നല്ലത് അക്രമാണ് എന്ന് തീരുമാനിച്ചതിനാലാണോ എന്നത് വ്യക്തമല്ല.

പക്ഷെ, സമാധാന നീക്കങ്ങൾക്ക് സിപിഎം അന്ന് സഹായവും സഹകരണവും വാഗ്ദാനവും നൽകി. ജസ്റ്റിസ് വിആർ കൃഷ്ണയ്യർ, ജസ്റ്റിസ് ടി ചന്ദ്രശേഖര മേനോൻ എന്നീ മുൻ ന്യായാധിപന്മാർ അതിന്‌ മാധ്യസ്ഥം വഹിക്കാൻ തയ്യാറായി. കെ ഭാസ്കർ റാവു, ആർ ഹരി, അഡ്വ ടിവി അനന്തൻ തുടങ്ങിയ ആർഎസ്എസിന്റെ നേതാക്കൾ അതുമായി വേണ്ടതിലധികം സഹകരിച്ചു. ആർഎസ്എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ ടിവി അനന്തന് പൊതു സമൂഹത്തിലുണ്ടായിരുന്ന അംഗീകാരവും അത്തരമൊരു നീക്കത്തിന് വളരെയധികം സഹായകരമായി. ഓരോ അക്രമവും അന്ന് ഈ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ വിലയിരുത്തപ്പെട്ടു; അത് തുടരുന്നത് തടയാൻ ചില നീക്കങ്ങളും ശ്രമങ്ങളുമൊക്കെ നടന്നു. പക്ഷെ അവസാനം അതുകൊണ്ടൊന്നും പ്രയോജനമില്ല എന്ന് ആ ന്യായാധിപന്മാർക്കും ബധ്യപ്പെട്ടു. ഇടതുപക്ഷ സഹയാത്രികരായിരുന്ന കൃഷ്ണയ്യരും ചന്ദ്രശേഖര മേനോനും വേണ്ടാന്ന് വെച്ചിടത്ത് വേറെ ആരും രംഗപ്രവേശം ചെയ്തതുമില്ല. ഇന്നിപ്പോൾ സിപിഎമ്മിൽ ഇഎംഎസിന്റെയോ ബാലാനന്ദന്റെയോ നിലവാരത്തിലുള്ള നേതാക്കളും ഉണ്ടോയെന്നതിൽ സഖാക്കൾക്ക് പോലും സംശയമുണ്ടാവില്ലല്ലോ.

എന്നാൽ ഇതൊക്കെയാണെങ്കിലും ഇപ്പോഴും ചില സമാധാന ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോഴത്തെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ കയ്യെടുത്തുകൊണ്ട് ആരംഭിച്ചതാണ് അത്. സർക്കാർ സംവിധാനമാണ് അത് ചെയ്യുന്നത്. സിപിഎം – ആർഎസ്എസ് -ബിജെപി നേതാക്കൾ തിരുവനന്തപുരത്ത് ഒന്നിച്ചിരുന്നത് ഓർമ്മിക്കുക. എന്നാൽ അത് വേണ്ടവിധം ഫലപ്രദമായി എന്ന് സിപിഎമ്മിന് പോലും അഭിപ്രായമുണ്ടാവാനിടയില്ല. കാരണം വ്യക്തമാണ്; പ്രശ്നങ്ങൾ ഉണ്ടാവുന്നത് അവരിൽനിന്ന് തന്നെയാണല്ലോ. സമാധാന നീക്കങ്ങൾക്ക് ശേഷവും അക്രമവും കൊലപാതകവും നടക്കുകയായിരുന്നുവല്ലോ. ഒരു കാര്യം വ്യക്തം, എന്തൊക്കെ അക്രമങ്ങൾ നടന്നാലും, പൊലീസിന് നിഷ്പക്ഷമായി ഇടപെടാൻ കഴിഞ്ഞാൽ കാര്യങ്ങൾ നിയന്ത്രണവിധേയമാവും. അതിനുപകരം പോലീസ് ഉദ്യോഗസ്ഥർ തന്നെ പ്രതികളെ സൃഷ്ടിക്കാനും ഭരണകക്ഷിയുടെ ദല്ലാളന്മാരാവാനുമൊക്കെ തയ്യാറായാൽ ഒന്നും എവിടെയുമെത്താനിടയില്ലല്ലോ. അതൊക്കെ അറിയാത്തയാളല്ല നമ്മുടെ മുഖ്യമന്ത്രി. എന്നിട്ടും …….

കേരളം ‘ദൈവത്തിന്റെ സ്വന്തം നാടാ’ണ് എന്നതിൽ ആർക്കാണ് സംശയം. ആ നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കാൻ കൂട്ടായ പരിശ്രമം കൂടിയേ തീരൂ. കൊലപാതക രാഷ്ട്രീയം തീർച്ചയായും ആ മഹനീയ അവസ്ഥക്ക് കളങ്കം തീർക്കുകയാണ്. ഇതൊക്കെയോന്ന് അവസാനിക്കണ്ടേ. അതിനുള്ള മറ്റൊരു പുതിയ ഉദ്യമമാണ് കോഴിക്കോട്ട് ജൂലൈ ഒന്നിന് നടക്കുന്നത്. കോഴിക്കോട്ടെ മലബാർ പോലീസ് ഹോട്ടലിൽ ആണ് പരിപാടി. ബിജെപി ദേശീയ ഉപാധ്യക്ഷൻ വിനയ് സഹസ്രബുദ്ധെ, മുതിർന്ന മാധ്യമ പ്രവർത്തകനും കോളമിസ്റ്റും രാജ്യസഭാംഗവുമായ സ്വപൻ ദാസ് ഗുപ്ത, മുതിർന്ന മാധ്യമ പ്രവർത്തകനും ചിന്തകനുമായ എംഡി നാലപ്പാട്ട് എന്നിവർ അതിൽ സംബന്ധിക്കും. കോൺഗ്രസ്, സി.പി.എം, സി.പി.ഐ , ബി.ജെ.പി., ആർ.എസ്.എസ്., മുസ്ലിം ലീഗ് തുടങ്ങി ഒട്ടെല്ലാ പ്രസ്ഥാനങ്ങളുടെയും നേതാക്കളും മാധ്യമ പ്രവർത്തകരുമൊക്കെ എത്തുമെന്നാണ് കരുതപ്പെടുന്നത്. അവരിൽ ഒറ്റെല്ലാവരെയും ഓർഗനൈസർ വാരികയുടെ പത്രാധിപർ പ്രഭുല്ല കേത് കർ നേരിൽ കണ്ടിരുന്നു. അദ്ദേഹം നേരിട്ടുവന്നാണ് ഇത്തരമൊരു സംവാദത്തിനു അരങ്ങൊരുക്കുന്നത് എന്നതാണ് പ്രധാനം. കേരളത്തിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ സാന്നിധ്യവും അവിടെയുണ്ടാകുമെന്നർത്ഥം. അതുതന്നെയാണ് ഈ പരിപാടിയുടെ പ്രത്യേകത.

ഞാൻ നേരത്തെ സൂചിപ്പിച്ചുവല്ലോ, 1980 കളിൽ ഇത്തരമൊരു സമാധാന ദൗത്യം ആരംഭിച്ചത് ദൽഹിയിൽ നിന്നാണ്. ഇന്നിപ്പോൾ വീണ്ടും അവിടെനിന്നുതന്നെ മറ്റൊരു ഉദ്യമം. ഒറ്റ ദിവസം കൊണ്ട് അത് ലക്ഷ്യത്തിലെത്തുമെന്ന് ആരും കരുതുന്നുണ്ടാവില്ല; അതായത് അക്രമം ഇവിടെനിന്നും ഉടനെ വണ്ടികേറുമെന്ന്. പക്ഷെ അതിലേറെ ഈ പരിപാടിക്ക്, സംവാദത്തിന്‌ , ഒരു സന്ദേശം കേരളത്തിന് നൽകാനാവും എന്നതിൽ സംശയമില്ല. സാക്ഷരരായ മലയാളികൾക്ക് ചിന്തിക്കാൻ, മനസുതുറക്കാൻ അത് സഹായകരമാവും അല്ലെങ്കിൽ അതിനൊക്കെ ഈ സംവാദം വഴിതുറക്കണം എന്നതുമാത്രമാണ് ചിന്ത, ആഗ്രഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button