KeralaLatest News

വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം; ഹോട്ടല്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം

ചെങ്ങന്നൂര്‍: ഹോട്ടലിൽ പാചക വാതക സിലിണ്ടര്‍ ചോര്‍ന്നുണ്ടായ അഗ്നിബാധയെ തുടർന്ന് ജീവനക്കാരി വെന്തുമരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കടയ്‌ക്കേത്ത് അയ്യത്തു വീട്ടില്‍ ചന്ദ്രന്‍പിളളയുടെ ഭാര്യ ഇന്ദിര സി.പിളള (48)യാണ് മരിച്ചത്. ബഥേല്‍ ജംഗ്ഷന് സമീപം കൊച്ചുപുരയ്ക്കല്‍ സുഭാഷ് ഗോപാലിന്റെ ഉടമസ്ഥതയിലുളള മോനായിയുടെ കട എന്ന ഹോട്ടലിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന വലിയ സിലണ്ടറിന്റെ അടപ്പ് തുറന്നതോടെ ഗ്യാസ് ശക്തമായി പുറത്തേക്ക് ചീറ്റി. ഗ്യാസ് കുറ്റി സൂക്ഷിച്ചിരുന്ന മുറിയുടെ എതിര്‍ വശത്തെ മുറിയിലാണ് ഇന്ദിര ഇരുന്നത്. രണ്ടുമുറിക്കും മദ്ധ്യത്തിലുളള മുറിയില്‍ അടുപ്പ് കത്തുന്നുണ്ടായിരുന്നു. ഇവിടെ നിന്ന് പടര്‍ന്ന തീ ഇന്ദിര ഇരുന്ന മുറിയിലേക്ക് ആളിക്കത്തി. മറ്റു ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും ഇന്ദിരയ്ക്ക് പുറത്തു കടക്കാന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ഹോട്ടലിലേക്കുള്ള ചെറിയ റോഡിലേക്ക് വാഹനം എത്തിക്കാനായില്ല.

തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ ചെറിയവാഹനം എത്തിച്ച്‌ 8.30ഒാടെയാണ് തീ നിയന്ത്രിച്ചത്. ഗുരുതരമായി പൊളളലേറ്റ ഇന്ദിരയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകന്‍: അരുണ്‍ സി.

shortlink

Related Articles

Post Your Comments


Back to top button