KeralaLatest NewsNews

ഐലന്‍ ഇനി അനാഥനല്ല; അച്ഛനമ്മമാരുടെ സ്നേഹത്തണലില്‍ ഇറ്റലിയില്‍ അവന്‍ വളരും

ഇറ്റലിക്കാരായ ഡിവിറ്റയും ഫെറിയുമാണ് ഐലനെ ഏറ്റെടുക്കുന്നത്

കുഞ്ഞ് ഐലന്‍ ഒമര്‍ ഇനി അനാഥനല്ല. അവന്‍ ഇനി ഇറ്റലിക്കാരായ ദമ്പതികള്‍ക്ക് സ്വന്തമാണ്. ജനിച്ച് ആറാം ദിവസമാണ് ഐലന്‍ രണ്ടത്താണിയിലെ ശാന്തിഭവനിലെത്തുന്നത്. പിന്നീടങ്ങോട്ട് അവിടെയുള്ള ഓരോ അന്തേവാസികളുടെയും മകനായാണ് അലന്‍ വളര്‍ന്നത്. ഇറ്റലിക്കാരായ ഡിവിറ്റയും ഫെറിയുമാണ് ഐലനെ ഏറ്റെടുക്കുന്നത്. നിയമപരമായി ലഭിച്ച രക്ഷിതാക്കള്‍ക്കൊപ്പം വ്യാഴാഴ്ച ഇറ്റലിയിലേക്ക് പറക്കാനൊരുങ്ങുകയാണ് ഐലനിപ്പോള്‍.

കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി മുഖേനയാണ് മക്കളില്ലാത്ത ഇറ്റാലിയന്‍ ദമ്പതിമാര്‍ ഐലനെ ദത്തെടുക്കാനെത്തിയത്. ഫെറി സ്‌കൂള്‍ അധ്യാപികയും ഡിവിറ്റ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനുമാണ്. ദത്തെടുക്കുന്നതിനുള്ള നിയമങ്ങള്‍ സുതാര്യമായതിനാലും ഇന്ത്യക്കാരോടും ഇന്ത്യന്‍ സംസ്‌കാരത്തോടുമുള്ള താത്പര്യവും ഇന്ത്യയില്‍ നിന്ന് കുഞ്ഞിനെ ദത്തെടുക്കാന്‍ പ്രേരിപ്പിച്ചെന്ന് ഇവര്‍ പറയുന്നു. കോഴിക്കോട് സെന്റ് ജോസഫ് ഫൗണ്ടലിങ് ഹോമില്‍നിന്നാണ് ഐലന്റെ രജിസ്ട്രേഷനും യാത്രാനടപടികളും പൂര്‍ത്തിയാക്കിയത്.

2017 സെപ്റ്റംബര്‍ 22-നാണ് ജനിച്ച് ആറാംദിവസം ഐലന്‍ഒമര്‍ ശാന്തിഭവനത്തിലെത്തുന്നത്. മാനസിക വൈകല്യമുള്ള മുപ്പതുകാരി ലൈംഗിക അതിക്രമത്തിലൂടെയാണ് ഐലനെ ഗര്‍ഭം ധരിച്ചത്. രക്ഷിതാക്കള്‍ അറിഞ്ഞപ്പോഴേക്കും വൈകി. തുടര്‍ന്ന് വിവരമറിഞ്ഞ മലപ്പുറം ജില്ല ചൈല്‍ഡ്‌ലൈന്‍ യുവതിയെ ഏറ്റെടുത്തു. പ്രസവശേഷം കുട്ടിയെ സംരക്ഷിക്കാന്‍ നിവൃത്തിയില്ലാത്ത നിലയിലായിരുന്നു കുടുംബം. തുടര്‍ന്നാണ് ശാന്തിഭവനം ഏറ്റെടുത്തത്. ഈ സ്ഥാപനത്തിലെത്തുന്ന ആദ്യകുരുന്നാണ് ഐലന്‍. ദത്തെടുക്കലിന്റെ അവസാനമായി ഡിവിറ്റയും ഫെറിയും സ്ഥാപനത്തിലെ അധികൃതരുടെ കൈകളില്‍നിന്ന് ഐലനെ ഏറ്റുവാങ്ങിയപ്പോള്‍ അവന്‍ ചിണുങ്ങി. 2015ല്‍ ബോട്ട് തകര്‍ന്ന് തുര്‍ക്കി തീരത്തണഞ്ഞ ഐലന്‍ അല്‍ കുര്‍ദിയുടെ ഓര്‍മയ്ക്കായാണ് കുഞ്ഞിന് അധികൃതര്‍ ആ പേരിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button