Latest NewsIndia

ബെഗുസരായില്‍ കനയ്യ കുമാറിന് വോട്ട് തേടി ശബാന ആസ്മി

പറ്റ്‌ന: ബിഹാറിലെ ബെഗുസരായിയില്‍ മത്സരിക്കുന്ന കനയ്യ കുമാറിന് വോട്ട് തേടി നടി ശബാന ആസ്മി. കനയ്യ കുമാറിന് എതിരെയുള്ള രാജ്യദ്രോഹക്കുറ്റം തെറ്റാണെന്നും അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും ശബാന ആസ്മി പറഞ്ഞു.

ബെഗുസരായിയില്‍ കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.കനയ്യ കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയപരമാണ്. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിന് കനയ്യ കുമാര്‍ പോരാടുകയാണ്. ഭരണഘടന സംരക്ഷിക്കാന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നും ശബാന പറഞ്ഞു.

ചാമരായിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ശബാന ഉന്നയിച്ചത്.2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ബിജെപി തുടക്കമിട്ടിരുന്നതായും ശബാന പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍ നിറവേറ്റിയിട്ടില്ലെന്ന് ബിജെപിക്ക് നന്നായിട്ട് അറിയാം. ഇത്തവണയും ജയിക്കുന്നതിനായി ബിജെപി അവരുടെ പഴയ അടവായ വര്‍ഗീയ സംഘര്‍ഷത്തിന് തുടക്കമിടും. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ച് ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടേയും വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് ബിജെപിയെന്നും ശബാന ആസ്മി പറഞ്ഞു.

ബെഗുസരായി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിംഗാണ് കനയ്യ കുമാറിന്റെ എതിരാളി.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് ബെഗുസരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button