Latest NewsFood & CookeryLife Style

മഴക്കാലത്ത് ഭക്ഷണസാധനങ്ങള്‍ കേടാകാതെ സൂക്ഷിക്കാം; ഇതാ ചില വിദ്യകള്‍

ഇത് മഴക്കാലമാണ്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ള സമയമായതിനാല്‍ തന്നെ ഭക്ഷണ സാധനങ്ങള്‍ എളുപ്പത്തില്‍ കേടായിപ്പോകാനുള്ള സാധ്യതയും ഏറെയാണ്. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചുവെക്കുന്നതിലെ പോരായ്മകളാണ് ഇതിന് ഇടയാക്കുന്നത്. മഴക്കാലം വന്നെത്തുന്നതോടെ ഭക്ഷ്യവസ്തുക്കള്‍ കേടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ പഴങ്ങളും പച്ചക്കറികളും ധാന്യപ്പൊടിയും മസാലകളുമൊക്കെ ശരിയായ രീതിയില്‍ സൂക്ഷിച്ചു വെക്കേണ്ടതുണ്ട്.

എളുപ്പത്തില്‍ കേടാകുന്ന പഴങ്ങള്‍, പച്ചക്കറികള്‍ പോലുള്ളവയ്ക്കും കുറച്ചുനാള്‍ കേടുകൂടാതിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ക്കും
കൂടുതല്‍ നാള്‍ കേടു കൂടാതിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കും സൂക്ഷിച്ചുവെക്കാന്‍ പ്രത്യേക രീതികള്‍ അവലംബിക്കേണ്ടതുണ്ട്.

പച്ചക്കറികളും പഴവര്‍ഗങ്ങളുമൊക്കെ മഴക്കാലത്ത് കടുതല്‍ അളവില്‍ വാങ്ങി സൂക്ഷിക്കരുത്. കഴുകിത്തുടച്ച പച്ചക്കറികള്‍ ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് വായുകടക്കാത്ത ബാഗിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഈര്‍പ്പമില്ലാത്ത പോളിത്തീന്‍ കവറിലാക്കി വായു കടക്കാത്ത വിധം പൊതിഞ്ഞും സൂക്ഷിക്കാം. പഴവര്‍ഗങ്ങള്‍ നന്നായി കഴുകിത്തുടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

മഴക്കാലത്ത് അന്തരീക്ഷത്തിലെ ജലാംശം കൂടുതലായതിനാല്‍ ധാന്യങ്ങളില്‍ കീടശല്യം കൂടുതലായിരിക്കും. സൂക്ഷിച്ചുവെച്ച ധാന്യങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വെയില്‍ കൊള്ളിക്കാന്‍ ശ്രമിക്കുക. വായുകടക്കാത്ത പാത്രങ്ങളില്‍വേണം ഇവ സൂക്ഷിക്കാന്‍. ഒരു ചെറിയ കഷണം കര്‍പ്പൂരം ഇട്ടുവെക്കുന്നത് കീടങ്ങളെ അകറ്റുന്നതിനും സഹായിക്കും.

ഉപ്പ്, പഞ്ചസാര എന്നിവ മഴക്കാലത്ത് അലിഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്. ഇത് സൂക്ഷിക്കുന്നതിന് പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം വായുകടക്കാത്ത ഗ്ലാസ് ജാറുകള്‍ ഉപയോഗിക്കുക. ഉപ്പും പഞ്ചസാരയുമൊക്കെ സൂക്ഷിക്കുന്ന പാത്രത്തില്‍ ഇത്തിരി പച്ചരി ഇട്ടുവെച്ചാല്‍ ഈര്‍പ്പം വേഗം വലിച്ചെടുക്കും.

ധാന്യങ്ങളെപ്പോലെത്തന്നെ മസാലപ്പൊടികളിലും കീടാക്രമണം കൂടും. വായുകടക്കാത്ത കുപ്പിയിലാക്കുന്നതിനുമുന്‍പ് പാനില്‍ ഇട്ട് ചെറുതായി ചൂടാക്കിയശേഷം പൊടികള്‍ സൂക്ഷിക്കുക. മസാലപ്പൊടി ഒരിക്കലും നനഞ്ഞ സ്പൂണ്‍ ഉപയോഗിച്ച് എടുക്കരുത്. ഇത് പൂപ്പല്‍ ഉണ്ടാകാന്‍ ഇടയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button