KeralaLatest News

ചലച്ചിത്ര അവാര്‍ഡ് വിതരണം; സംഘാടനത്തില്‍ പിഴവെന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചങ്ങിന്റെ സംഘാടനത്തില്‍ പിഴവെന്ന് ആരോപണം. ചടങ്ങ് നിയന്ത്രിക്കാന്‍ നാഥനില്ലാതായതോടെ പഴയകാല ചലച്ചിത്ര പ്രവര്‍ത്തകര്‍ വലഞ്ഞു. മലയാള സിനിമയ്ക്ക് നല്‍കിയ അമൂല്യ സംഭാവനകള്‍ പരിഗണിച്ച് അവാര്‍ഡ് വിതരണ ചടങ്ങില്‍ ആദരിക്കുന്നതിനായി പഴയകാല ചലച്ചിത്ര പ്രവര്‍ത്തകരായ ടി.ആര്‍ ഓമന, സി.എസ് രാധാദേവി, നെയ്യാറ്റിന്‍കര കോമളം, ടി.എന്‍ കൃഷ്ണന്‍കുട്ടി നായര്‍, ലതാ രാജു, ശിവന്‍, ബി. ത്യാഗരാജന്‍, രഘുനാഥ്, സ്റ്റാന്‍ലി ജോസ് തുടങ്ങി 13 കലാകാരന്മാര്‍ക്കായിരുന്നു ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. പ്രായാധിക്യവും ശാരീരീക അവശതകളും നേരിടുന്നവരാണ് ഈ കലാകാരന്മാരില്‍ അധികവും. ഇവരെ ആദ്യം തന്നെ വേദിയിലേക്ക് വിളിച്ച് ആദരിക്കേണ്ടതിന് പകരം മുഴുവന്‍ ചലച്ചിത്ര അവാര്‍ഡുകളും രചനാവിഭാഗം അവാര്‍ഡുകളും നല്‍കിയതിന് ശേഷമാണ് വേദിയിലേക്ക് ക്ഷണിച്ചത്.

ഷീലയ്ക്ക് ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കിയതിന് പിന്നാലെ തന്നെ ഷീലയുടെ കാലത്തിന് മുന്‍പേ സിനിമാലോകത്ത് രംഗപ്രവേശം ചെയ്ത ഈ കലാകാരന്മാരെക്കൂടി ആദരിക്കണം എന്ന അഭിപ്രായം സദസ്സില്‍ നിന്നും ഉയര്‍ന്നിരുന്നെങ്കിലും സംഘാടകര്‍ അത് ചെവിക്കൊണ്ടില്ലെന്നും ഷീല ഒഴികെ പുരസ്‌കാര ജേതാക്കളായ മറ്റ് നടീനടന്മാര്‍ക്ക് വേദിയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നതും ചടങ്ങിന്റെ മാറ്റ് കുറച്ചു.

ചടങ്ങ് അവസാനിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വേദി വിട്ടശേഷം സംവിധായകന്‍ സിബി മലയില്‍ അവാര്‍ഡ് ജേതാക്കളായ നടീനടന്മാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മികച്ച നടീനടന്മാര്‍ക്കുള്ള പുരസ്‌കാരം നേടിയ ജയസൂര്യ, സൗബിന്‍ സാഹിര്‍, സംവിധായകനുള്ള പുരസ്‌കാരം നേടിയ ശ്യാമപ്രസാദ് എന്നിവര്‍ പ്രസംഗിച്ചത്. സദസിന്റെ മുന്‍നിരയിലെ സീറ്റുകള്‍ മുഴുവനും ചടങ്ങ് തുടങ്ങുന്നതിന് മുന്‍പ് റിസര്‍വ് ചെയ്തിരുന്നു. ഇതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ്, സാംസ്‌കാരിക മന്ത്രിയുടെ ഓഫീസ് എന്നിങ്ങനെ കസേരകള്‍ക്ക് മുകളില്‍ കടലാസിലെഴുതി ഒട്ടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button