Latest NewsUAEGulf

ഇങ്ങനെ റോഡ് മുറിച്ച് കടക്കരുത്; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎഇ പോലീസ്

അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കരുതെന്നും റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും കനത്ത പിഴ ഈടാക്കുമെന്നും മുന്നറിയിപ്പു നല്‍കി അബുദാബി പോലീസ്. കാല്‍നടയാത്രക്കാര്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതിന്റെ നിരവധി സിസിടിവി ദൃശ്യങ്ങളും പോലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അഞ്ച് ഭാഷകളില്‍ നടത്തിയ ഈ ക്യാംപയ്‌നിലൂടെ റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തതിന്റെ പേരില്‍ ക്യാമറയില്‍ കുടുങ്ങിയ നിരവധി പേരുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കാല്‍നട യാത്രക്കാര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിലൂടെയല്ലാതെ നടക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പുണ്ട്. കൂടാതെ ശരിയായ സുരക്ഷയ്ക്കായി സീബ്ര ക്രോസിംഗുകള്‍, അണ്ടര്‍പാസ്, പാലങ്ങള്‍ എന്നിവ ഉപയോഗിക്കാനും ഈ ക്യാംപയിനിലൂടെ പോലീസ് പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ട്രാഫിക് നിയമം പാലിക്കാനും സീബ്ര ക്രോസിംഗുകള്‍ ഉപയോഗിക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാനും വാഹനയാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാല്‍നട യാത്രക്കാര്‍ക്ക് വഴിയൊരുക്കാത്ത വാഹനമോടിക്കുന്നവര്‍ക്കെതിരെ യുഎഇ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 43 അനുസരിച്ച് 500 ദിര്‍ഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും നല്‍കുമെന്നും പറയുന്നു. കാല്‍നടയാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന അല്ലെങ്കില്‍ അവരുടെ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ വാഹനം നിര്‍ത്തിയാല്‍ ട്രാഫിക് ചട്ടലംഘനം ആര്‍ട്ടിക്കിള്‍ 111 പ്രകാരം 200 ദിര്‍ഹം പിഴയും മൂന്ന് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും നല്‍കും. അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവരെ പിടികൂടാന്‍ പുതിയ റഡാറുകള്‍ സ്ഥാപിക്കുമെന്ന് ഈ വര്‍ഷം ആദ്യം അബുദാബി പോലീസ് പ്രഖ്യാപിച്ചിരുന്നു .

https://www.instagram.com/p/B0anP7FgqDS/?utm_source=ig_web_button_share_sheet

റഡാറില്‍ രണ്ട് ക്യാമറകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാരുടെ സുരക്ഷിതയാത്രയ്ക്ക് സഹായകരമാകും വിധമാണ് ഇതിന്റെ പ്രവര്‍ത്തനം. അതോടൊപ്പം, ആളുകള്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനം നിര്‍ത്താനും വഴി നല്‍കാനും ഉപകരണം മുന്നറിയിപ്പ് നല്‍കും. വാഹനമോടിക്കുന്നവര്‍ കാല്‍നടയാത്രക്കാര്‍ക്ക് വഴിമാറിക്കൊടുക്കുന്നില്ലെങ്കില്‍ സ്മാര്‍ട്ട് ഉപകരണത്തിലെ ക്യാമറകളിലൊന്ന് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്ത് അബുദാബി പോലീസ് ആസ്ഥാനത്തെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലേക്ക് വിവരം കൈമാറും.

പുതിയ സ്മാര്‍ട്ട് റഡാര്‍ സംവിധാനമായ ‘ഹതര്‍’ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് അബുദാബി പൊലീസിലെ സെന്‍ട്രല്‍ ഓപ്പറേഷന്‍ സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ അലി ഖല്‍ഫാന്‍ അല്‍ ധഹേരി പറഞ്ഞു. നിയമലംഘനങ്ങളുടെ എണ്ണം നിയന്ത്രിക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button