KeralaLatest NewsIndia

തിരുവല്ല പാലിയേക്കര ബെസേലിയൻ സിസ്റ്റേഴ്സ് മഠത്തിൽ സംഭവിച്ചത് അമൃതാന്ദമയി മഠത്തിൽ സംഭവിച്ചിരുന്നെങ്കിൽ!! സെലക്ടിവ് പ്രീണനവും പ്രതികരണവും ശാപമായി മാറിയ കേരളീയ പൊതുസമൂഹത്തെ കുറിച്ച്, അഞ്ജു പാർവതി പ്രഭീഷ്

എത്ര സാംസ്കാരികനായകർ ഞെട്ടിത്തരിച്ചു? എത്ര രാഷ്ട്രീയനായകർ പ്രതികരിച്ചു ?

ഈ മാസം ഏഴാം തീയതി കേട്ട വാർത്തയാണ് തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ ദിവ്യയെന്ന സന്യാസിനി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്നത് . സ്ത്രീസുരക്ഷയ്ക്കും ലിംഗതുല്യതയ്ക്കുമായി മതിലുകെട്ടിയ ഈ കേരളത്തിൽ ഒരു സന്യാസിനി വിദ്യാർത്ഥി ദുരൂഹസാഹചര്യത്തിൽ മരിച്ചിട്ട് ഒരാഴ്ചയാകുന്നു. എന്നിട്ട് ആ വാർത്ത എത്ര മലയാളം ചാനലുകൾ ചർച്ചയാക്കി? എത്ര സാംസ്കാരികനായകർ ഞെട്ടിത്തരിച്ചു? എത്ര രാഷ്ട്രീയനായകർ പ്രതികരിച്ചു ?

ഇതേ സംഭവം കൊല്ലത്തെ അമ്യതാനന്ദമയി മഠത്തിലെങ്ങാനുമായിരുന്നെങ്കിൽ ,മറ്റേതെങ്കിലും ആശ്രമത്തിലെ കിണറ്റിലായിരുന്നുവെങ്കിൽ എന്തായിരിക്കും അവസ്ഥയെന്ന് ഒന്ന് ചിന്തിക്കുക. അമൃതാനന്ദമയിമഠത്തെക്കുറിച്ച്‌ എടുത്തുപറയാൻ ഒരു കാര്യം കൂടിയുണ്ട്. കർണ്ണാടകയിലെ അമൃതാനന്ദമയി ഇൻസ്റ്റിറ്റ്യൂട്ടിൽ ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് ഒരു കുട്ടി ആത്മഹത്യ ചെയ്തപ്പോൾ സടകുടഞ്ഞെഴുന്നേറ്റ , ഘോരഘോരം പ്രതികരിച്ച് പോസ്റ്റിട്ട സൈബറിടത്തിലെ ഫോട്ടോസ്റ്റാറ്റ് എഴുത്തുകാരിയൊന്നും ഈ കൊച്ചുകേരളത്തിലെ തിരുവല്ലയെന്ന സ്ഥലത്തെ കിണറ്റിൽ വീണു മരിച്ച ദിവ്യയെ കണ്ടിട്ടേയില്ല. കാണുകയുമില്ല!

കാരണം ദിവ്യയെന്ന സന്യാസിനി വിദ്യാർത്ഥി മരണപ്പെട്ടത് ഹൈന്ദവ ആശ്രമുമായി ബന്ധപ്പെട്ട ഒരു സ്ഥലത്തല്ല എന്നതു തന്നെ. മനോരമന്യൂസിന്റെ FIRലും പറയാതെ വയ്യായിലും പ്രൈം ടൈമിലുലുമൊന്നും ഇതൊരു വാർത്തയേ അല്ലാതെ പോയതെന്തുകൊണ്ടാണ്? ദുരൂഹസാഹചര്യത്തിലെ മരണമെന്ന് വ്യക്തമായിട്ടും അതിനെതിരെ വാർത്ത ചമയ്ക്കാൻ ഷാനിക്കും വേണുവിനും സിന്ധുവിനും പ്രിയയ്ക്കും നാവു പൊന്താത്തത് എന്ത് കൊണ്ട്?

പുറത്തെടുത്ത ശവശരീരത്തിൽ അടിവസ്ത്രവും ചുരിദാർ ബോട്ടവും ഇല്ലാതിരുന്നതിനെ കുറിച്ച് ഏതെങ്കിലും സ്ത്രീപക്ഷവാദികളോ ആക്ടിവിസ്റ്റുകളോ വേവലാതി പൂണ്ടുവോ? തുല്യനീതിക്കായി അഹോരാത്രം പോരാടുന്ന മഹിളാമണികൾ എന്തുകൊണ്ട് ഇരുപത്തൊന്നുകാരിയായ ഈ പെൺകുട്ടിയുടെ മരണത്തെ കണ്ടില്ലെന്നു നടിക്കുന്നു.

വനിതാകമ്മിഷനും തലപ്പത്തിരിക്കുന്ന മാന്യവനിതയും മരണപ്പെട്ട കന്യാസ്ത്രീ ഉയിർത്തെഴുന്നേറ്റു വന്നു പരാതി നല്കിയാൽ മാത്രമേ വാ തുറക്കുകയുള്ളുവെന്നു നടിക്കുന്നതെന്ത്? മാസം ലക്ഷം രൂപ വേതനം വാങ്ങുന്ന യുവജനകമ്മിഷൻ ഈ വിഷയത്തിൽ ചിന്താകുലയാകാത്തത് എന്ത് കൊണ്ട്?

ഇതിന്റെയൊക്കെ ഉത്തരം എനിക്കുമറിയാം! വായിക്കുന്ന നിങ്ങൾക്കുമറിയാം-സെലക്ടീവ് പ്രീണനവും പ്രതികരണവും കേരളീയപൊതുസമൂഹത്തിന്റെ ഭാഗമായിട്ട് വർഷങ്ങൾ ഏറെയായി.

ക്രൈസ്തവമoങ്ങളിലെ കിണറുകളിലും വാട്ടർ ടാങ്കുകളിലുമായി ഇതുവരെ മരണപ്പെട്ട ദൈവമണവാട്ടികളുടെ ലിസ്റ്റ് ഇപ്രകാരമാണ്.

1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ലിൻഡ

1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ അഭയ

1994: പുല്‍പള്ളി മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്

1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്

2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി

2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ

2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റര്‍ സൂസൻ മാത്യു.

ഇപ്പോഴിതാ ഈ നിരയിലേക്ക് തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ എന്ന ഇരുപത്തൊന്നു കാരിയും കൂടി.

ക്രൈസ്തവമഠങ്ങളിലെ കിണറുകളിൽ പൊന്തുന്ന ശവശരീരങ്ങൾ എന്ത്കൊണ്ട് ഒരു ലിംഗവിഭാഗത്തിന്റെ മാത്രമാകുന്നു? അബദ്ധത്താൽ വീഴാൻ മാത്രം ബുദ്ധിമോശം കന്യാസ്ത്രീകൾക്കു മാത്രം കൈവരുന്നതെന്താണ്? മനോരോഗവും ഇവർക്കു മാത്രം വരുന്നതെന്ത്കൊണ്ട്? ഇതിനൊന്നും ഉത്തരം കണ്ടെത്താൻ പ്രബുദ്ധ മലയാളിസമൂഹം ശ്രമിക്കാത്തത് എന്ത് കൊണ്ട്? ഈ മരണപ്പെട്ടവർക്ക് മനുഷ്യാവകാശങ്ങളൊന്നും ബാധകമല്ലേ?
ഈ മരണങ്ങൾക്കുപിന്നിലെ കുറ്റവാളികൾ പൊതുസമൂഹത്തിനു മുന്നിൽ എന്ത് കൊണ്ട് സമർത്ഥമായി മറയ്ക്കപ്പെടുന്നു?
ഇവരുടെയൊക്കെ മാതാപിതാക്കന്മാർ ജീവിതകാലം മുഴുവൻ നീതി കിട്ടാതെ അലയുന്ന കാഴ്ച എത്രയോ വട്ടം കണ്ടിട്ടും ഇവിടുത്തെ നീതിന്യായസംവിധാനങ്ങൾക്ക് ശബ്ദിക്കാനോ ഇത്തരം പടുമരണങ്ങൾ തടയാനോ കഴിയാത്തത് എന്ത് കൊണ്ട്?

അഞ്ജു പാർവതി പ്രഭീഷ്

shortlink

Related Articles

Post Your Comments


Back to top button