Latest NewsKeralaNewsHealth & Fitness

ഡെങ്കിപ്പനി : മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു നിർദേശം

കോഴിക്കോട് : ജില്ലയില്‍ കൂരാച്ചുണ്ട്, പന്നിക്കോട്ടൂര്‍, വാണിമേല്‍, മേപ്പയ്യൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ജൂണ്‍ 23 മുതല്‍ 30 വരെ ഊര്‍ജ്ജിത ഡെങ്കിപ്പനി പ്രതിരോധവാരാചരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുകയും നടപ്പിലാക്കിയ പ്രതിരോധ നടപടികള്‍ വിലയിരുത്തുകയും ചെയ്തു. ജില്ലാതല വെക്ടര്‍ സര്‍വ്വെലന്‍സ് ടീം പ്രദേശത്തെ വീടുകളും തോട്ടങ്ങളും സന്ദര്‍ശിച്ച് ഈഡിസ് കൊതുകുകളുടെ സാന്ദ്രതാപഠനം നടത്തി.

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇത്തരം കൊതുകുകളുടെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയാണ് ഡെങ്കിപ്പനി പ്രതിരോധത്തിന്റെ പ്രധാനമാര്‍ഗം. വീടുകളിലും പരിസരങ്ങളിലും ഈഡിസ് ലാര്‍വകളുടെ ആധിക്യം കൂടുതലാണ്. വീടുകളിലെ ഫ്രിഡ്ജിന്റെ പിറകിലെ വെള്ളത്തിലും ഈഡിസ് ലാര്‍വകള്‍ കൂടൂതലായി വളരുന്നുണ്ടെന്ന് സര്‍വ്വെ ടീം കണ്ടെത്തി. കൂടാതെ അലക്ഷ്യമായി വലിച്ചെറിയുന്ന ചിരട്ടകള്‍, കപ്പുകള്‍, മുട്ടതോടുകള്‍, ടയറുകള്‍ എന്നിവകളിലും തങ്ങി നില്‍ക്കുന്ന വെള്ളത്തിലും ഈഡിസ് ലാര്‍വകള്‍ വളരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തോട്ടങ്ങളിലെ പാളകളിലും ചിരട്ടകളിലും തങ്ങിനിര്‍ക്കുന്ന വെള്ളത്തില്‍ ലാര്‍വകള്‍ ഉണ്ട്. വീടിന്റെ ടെറസ്സിനുമുകളിലും സണ്‍ഷേഡിലും മഴവെള്ളം കെട്ടിനിന്ന് അതില്‍ ഈഡിസിന്റെ ലാര്‍വകള്‍ വളരുന്നതായും സര്‍വ്വെ ടീം കണ്ടെത്തി.

രോഗലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാകുന്ന കഠിനമായ ശരീരവേദന, തലവേദന, നേത്രഗോളത്തിനു പിന്നില്‍ വേദന, വിശപ്പില്ലായ്മ, ഛര്‍ദ്ദി, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്നും രക്തസ്രാവം പ്ലേറ്റ്ലറ്റുകളുടെ എണ്ണംകുറയല്‍.

ചികില്‍സ

പ്രധാനമായും പനി കുറയാനുള്ള മരുന്നും പൂര്‍ണ്ണ വിശ്രമവുമാണ് വേണ്ടത്. ഡെങ്കു വൈറസുകള്‍ക്കെതിരെ ആന്റി ബയോട്ടിക്സ് ലഭ്യമല്ല. സ്വയംചികില്‍സ അരുത്. തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ ചികില്‍സ തേടുക.

പ്രതിരോധമാര്‍ഗങ്ങള്‍

കൊതുകിന്റെ ഉറവിട നശീകരണം നടത്തുക. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക. ടെറസിലും സണ്‍ഷേഡിലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. പാഴ് വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയാതെ വെള്ളം തങ്ങിനില്‍ക്കാത്തവിധം സൂക്ഷിക്കുക.

ഫ്രിഡ്ജിന് പിന്നിലെ ട്രെയിലെ വെളളം ആഴ്ചയില്‍ ഒരിക്കലെങ്കിലും നീക്കം ചെയ്യുക.റബ്ബര്‍തോട്ടങ്ങളില്‍ ചിരട്ടകള്‍ ഉപയോഗത്തിനുശേഷം വെള്ളം തങ്ങി നില്‍ക്കാത്തവിധം സൂക്ഷിക്കുക.കവുങ്ങിന്‍ തോട്ടങ്ങളിലെ പാളകള്‍ എടുത്തുമാറ്റുകയോ വെള്ളം തങ്ങി നില്‍ക്കാത്തവിധം കയര്‍കെട്ടി തൂക്കിയിടുകയോ ചെയ്യുക.കെട്ടിടങ്ങളോടനുബന്ധിച്ച് വലിച്ചുകെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകളില്‍ വെള്ളംകെട്ടിനിന്ന് കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക.തുറസായ സ്ഥലങ്ങളില്‍ കിടന്നുറങ്ങാതിരിക്കുക.കൊതുകു നിയന്ത്രണം അനിവാര്യം. കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളായ കൊതുകുവലയോ കൊതുകുതിരിയോ ഉപയോഗിക്കുക. ലേപനങ്ങല്‍ പുരട്ടുക. ദേഹം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button