KeralaLatest NewsNewsPrathikarana Vedhi

ആചാരങ്ങളോടും വിശ്വാസങ്ങളോടും, ചരിത്രത്തോടുപോലും നെറികേട് കാട്ടുന്ന ഭ്രാന്തമായ പ്രത്യയശാസ്ത്രം നാടുഭരിക്കുന്ന ഈ അവസരത്തില്‍ ഇന്നത്തെ സുപ്രീംകോടതി വിധിയുടെ പ്രസക്തിയെക്കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്

അഞ്ജു പാര്‍വതി പ്രഭീഷ്

നവോത്ഥാനനായകർ അധോലോകത്തിന്റെ വക്താക്കളായി മാറുന്ന ഇന്നിന്റെ തലസ്ഥാനത്ത് ഒരു മഹാരാജാവ് നിശബ്ദനായി ജീവിച്ചിരുന്നു 1992 വരെ. മുതിര്‍ന്ന തലമുറകളുടെ ഭക്ത്യാദരങ്ങളും ഈ തലമുറയുടെ കൗതുകവും കലര്‍ന്ന നോട്ടങ്ങളും ഏറ്റുവാങ്ങി ഒരു ഇളയരാജാവ് 2013 വരെ നമുക്കൊപ്പമുണ്ടായിരുന്നു ഈ തിരുവനന്തപുരത്ത്. വഞ്ചീശ മംഗളത്തിന്റെ ചേണുറ്റശീലകള്‍ ഇരുപുറവും തിങ്ങിനിറഞ്ഞുനില്‍ക്കുന്ന മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ സുഗന്ധം തേകാനെത്തുന്ന ഓർമ്മകളാണ് മഹാരാജാവും ഇളയരാജാവുമെങ്കിൽ ഞാൻ ഉൾപ്പെടുന്ന തലമുറയ്ക്ക് മഹാരാജാവും ഇളയരാജാവും പ്രൗഢഗംഭീരമായ ഒരു പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. രാജവാഴ്ചയുടെ നന്മതിന്മകള്‍ നേരിട്ടനുഭവിച്ചറിയാന്‍ അവസരം കിട്ടാതെ ജനാധിപത്യത്തിന്റെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്ന തിരുവനന്തപുരത്തെ തലമുറയ്ക്കു് ജീവിച്ചിരുന്ന കൗതുകമായിരുന്നു ശ്രീചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവും ശ്രീഉത്രാടംതിരുന്നാൾ മാർത്താണ്‌ഡവർമ്മയും. എന്റെ അമ്മുമ്മയ്ക്കൊക്കെ കണ്‍കണ്ടദൈവമായിരുന്നു മഹാരാജാവും ഇളയരാജാവും .നൂറ്റാണ്ടുകളുടെ സഞ്ചിത സംസ്ക്കാരത്തിന്റെ പ്രതീകമാണ് ഞങ്ങൾക്ക് ശ്രീപത്മനാഭസ്വാമിക്ഷേത്രവും തിരുവിതാംകൂർ രാജകുടുംബവും. ആചാരങ്ങളോടും വിശ്വാസങ്ങളോടും എന്തിന്, ചരിത്രത്തോടുപ്പോലും നന്ദികേടുകാട്ടുന്നതില്‍ ഒരുതരം ഭ്രാന്തമായ വ്യഗ്രതപ്രകടിപ്പിക്കുന്ന പ്രത്യയശാസ്ത്രം നാടുഭരിക്കുന്ന ഇന്ന് ഒരിക്കലും അവഗണിക്കാനാവാത്ത കാലത്തിന്റെ മനോഹരമായ കാവ്യനീതിയാണ് ഇന്നത്തെ സുപ്രീം കോടതി വിധി.

ഒരു മഹാപൈതൃകത്തിന്റെ പ്രൗഢവിശുദ്ധിയിൽ മുങ്ങിനില്‍ക്കുന്ന കവടിയാര്‍ കൊട്ടാരത്തിന്റെ അടുത്ത് താമസിക്കുന്ന നന്തൻകോടുകാരിയായ എനിക്ക് രാജകുടുംബത്തിലെ അംഗങ്ങൾ ഒരിക്കലും രാജപരമ്പരപ്രമേയമാക്കുന്ന ചലച്ചിത്രങ്ങളിലും കഥകളിലും വർണ്ണിക്കുന്ന തരത്തിൽ പ്രൗഢതയുടെയും ആഢംബരത്തിന്റെയും പ്രതീകമായിരുന്നില്ല. മറിച്ച് എളിമയുടെയും ലാളിത്യത്തിന്റെയും പ്രതീകങ്ങളായിരുന്നു . കവടിയാറിലെ ക്രൈസ്തവ സ്കൂളുകളായ നിർമ്മലഭവനിലെയും ക്രൈസ്റ്റ്നഗറിലെയും വിദ്യാർത്ഥികളായിരുന്നു രാജകുടുംബത്തിലെ കുട്ടികളിൽ മിക്കവരും. പേരിനൊപ്പം ചേർത്തിരുന്ന വർമ്മയെന്ന വാലിൽ മാത്രമായിരുന്നു അവരിലെ രാജപാരമ്പര്യം നിലനിന്നിരുന്നത്. ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഹൃദയമിടിപ്പുകളെ നിയന്ത്രിച്ചിരുന്ന കൊട്ടാരത്തിൽ നിന്നും വരുന്നവരാണ് തങ്ങളെന്ന് അവരൊരിക്കലും പറയുകയോ കാണിക്കുകയോ ചെയ്തിട്ടില്ല.
ഭൂതകാലം അദൃശ്യസാന്നിദ്ധ്യമായി കവടിയാര്‍ കുന്നില്‍ മുഴങ്ങിനില്ക്കുന്നുണ്ട് ഇന്നും.രാജവീഥിയിൽ ഇന്നും നഷ്ടപ്രതാപത്തോടെ നില്ക്കുന്ന വിളക്കുക്കാലുകൾക്ക് പറയാനുണ്ട് ഒരുപാട് കഥകൾ.

ജനാധിപത്യത്തിന്റെ ചുവപ്പന്‍ പ്രകടനമുണ്ടാക്കിയ ഗതാഗതച്ചൊരുക്കില്‍ കുരുങ്ങി രാജവീഥിയില്‍ ചലനമററുകിടന്ന വാഹനങ്ങൾക്കിടയിൽ എത്രയോവട്ടം കണ്ടിട്ടുണ്ട് ശംഖുമുദ്രപതിപ്പിച്ച ചന്ദനനിറത്തിലുളള ആ ബെന്‍സ്‌കാറും
അതിനുളളില്‍ തൊഴുകൈയോടെ ഇരിക്കുന്ന ഇളയരാജാവെന്ന ഒരു വൃദ്ധനെയും. ക്ലിഫ്ഹൗസിൽ നിന്നും വെള്ളയമ്പലത്തിലേയ്ക്ക് പോകുന്ന സ്റ്റേറ്റ്കാറിനും അകമ്പടികാറുകൾക്കും വഴിയൊതുങ്ങിക്കൊടുക്കുന്ന നമ്പര്‍ വണ്‍ പ്രസിഡന്‍സ് കാർ ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് പുതുമയില്ലാത്ത കാഴ്ചയായിരുന്നു.

ഒരു ജന്മത്തില്‍ രണ്ടുജീവിതം ജിവിക്കേണ്ടിവന്ന ഒരു രാജർഷി ഞങ്ങളുടെ മാത്രം സ്വന്തമാണ്.ചെങ്കോലേന്തി നാടുവാണ മഹാരാജാവായും വോട്ടവകാശം രേഖപ്പെടുത്തി ജനാധിപത്യകടമ നിര്‍വഹിക്കാന്‍ ചെല്ലുന്ന പൗരനായും ശ്രീപത്മനാഭന്റെ മക്കൾ ഒരാളെ കണ്ടിട്ടുണ്ട്. അതാണ് ഞങ്ങളുടെ പൊന്നുതമ്പുരാൻ.തിരുവിതാംകൂര്‍ കൊച്ചിയിലെ രാജപ്രമുഖന്‍, പൗരമുഖ്യന്‍, ഇന്ത്യാരാജ്യത്തിലെ പൗരന്‍– ഈ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയപ്പോഴും രാഷ്ട്രീയമാറ്റത്തിന്റെ കൊടും നൊമ്പരം തൊഴുകൈയോടെ ഏറ്റുവാങ്ങിയ മഹാതിശയനാണ് ശ്രീചിത്തിരതിരുനാള്‍ തിരുമനസ്സ്. ജനാധിപത്യം പെരുമ്പറകൊട്ടിയ കാലം മുതൽ ആള്‍ക്കൂട്ടങ്ങളില്‍നിന്നും പബ്ളിസിറ്റിയില്‍ നിന്നുമെല്ലാം അകന്നുമാറി പ്രാര്‍ത്ഥനയിലും വായനയിലും ജീവകാരുണൃപ്രവർത്തനങ്ങളിലും മാത്രം മുഴുകിജീവിച്ചവരാണ് മഹാരാജാവും ഇളയരാജാവും മറ്റു രാജകുടുംബാംഗങ്ങളും. പത്മനാഭദാസരായ അവരുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ക്ഷേത്രദർശനത്തോടെയായിരുന്നു.

സ്വന്തം സുഖസൗകര്യങ്ങളെപ്പോലും ഗണ്യമാക്കാതെ ʻʻഎന്റെ പ്രജകള്‍, അവരുടെ ഐശ്വര്യം, എന്റെ രാജ്യം, അതിന്റെ ശ്രേയസ്സ്ˮ എന്ന ഏകവിചാരത്തോടുകൂടി പതിനെട്ടുവര്‍ഷം രാജ്യം ഭരിച്ച ആശ്രിതവത്സലനായ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് തിരുമനസ്സിന്റെ ഭരണനന്മകളെ അനുസ്മരിക്കാതെ ഒരു തിരുവനന്തപുരത്തുകാരന്റെ ഒരു ദിവസം കടന്നുപ്പോകില്ല തന്നെ. തിരുവിതാംകൂർ എന്നത് തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരുങ്ങുന്ന ഒന്നായിരുന്നില്ല ആ ഭരണകാലത്ത്.
തിരുവിതാംകൂര്‍ ചരിത്രത്തിലെ അവിസ്മരണീയമായ കാലഘട്ടമാണ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഭരണകാലം. ഭരണതലത്തിലെ പരിഷ്ക്കരണങ്ങളും സാമൂഹ്യമാറ്റത്തിനുതകുന്ന നിയമനടപടികളും ഒട്ടേറെ ഉണ്ടായിട്ടുണ്ട് രാജവാഴ്ചയുടെ ആ അന്ത്യഘട്ടത്തില്‍. ഇക്കാലത്ത് തിരുവിതാംകൂര്‍ കൈവരിച്ച വ്യാവസായിക പുരോഗതി അഭൂതപൂര്‍വമായിരുന്നു. രാജകുടുംബത്തിന്റെ പ്രജാക്ഷേമനിരതത്വം അതിന്റെ പാരമ്യത്തിലെത്തിയത് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്താണ്.

ട്രാവന്‍കൂര്‍ ടൈറ്റാനിയംപ്രോഡക്റ്റ്സ്, എഫ്.എ.സി.റ്റി ട്രാവന്‍കൂര്‍ സിറാമിക്സ് (കുണ്ടറ), ആലുവായിലെ ദ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ലിമിറ്റഡ്, ട്രാവന്‍കൂര്‍–കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്, സൗത്ത് ഇന്ത്യാ റബ്ബര്‍ വര്‍ക്സ്, ശ്രീചിത്രാമില്‍സ്, കുണ്ടറയിലെയും ആലുവായിലെയും അലുമിനിയം ഫാക്ടറികള്‍, ദ ട്രാവന്‍കൂര്‍ ഒഗേയ്ല്‍ഗ്ളാസ് മാനുഫാക്ച്ചറിങ് കമ്പനി, ട്രാവന്‍കൂര്‍ റയോണ്‍സ് ലിമിറ്റഡ് (പെരുമ്പാവൂര്‍), ബാലരാമവര്‍മ്മടെക്സ്റ്റയ്ല്‍സ് ലിമിറ്റഡ് (ചെങ്കോട്ട), വിജയ മോഹിനി മില്‍, ക്വയിലോണ്‍ പെന്‍സില്‍ ഫാക്ടറി, വഞ്ചിനാട് മാച്ചസ് ആന്‍റ് ഇന്‍ഡസ്ട്രീസ് (പെരുമ്പാവൂര്‍), ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ് (ചാക്ക), പുനലൂര്‍ പേപ്പര്‍ മില്‍സ് തുടങ്ങിയ വ്യവസായശാലകള്‍ സ്ഥാപിച്ച് കേരളത്തില്‍ വ്യാവസായീകരണത്തിന്റെ അടിത്തറ പാകിയത് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്താണ്. ഇന്ത്യയില്‍ ആദ്യത്തെ സിമന്റ് ഫാക്ടറി തിരുവിതാംകൂറില്‍ സ്ഥാപിതമായതും അക്കാലത്താണ്.പള്ളിവാസല്‍ജലവൈദ്യുതപദ്ധതി, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് തുടങ്ങിയവ പ്രവര്‍ത്തനമാരംഭിച്ചു.

തിരുവിതാംകൂര്‍ സര്‍വ്വകലാശാല 1937 നവംബര്‍ ഒന്നിനു ജന്മംകൊണ്ടു. ( പിന്നീടത് കേരളസർവ്വകലാശാലയായി.1937ൽ തന്നെ
ചിത്രാലയം ആര്‍ട്ട് ഗ്യാലറി, സ്വാതിതിരുനാള്‍ സംഗീത കോളേജ് എന്നിവ സ്ഥാപിതമായി. ഏഷ്യയില്‍ ആദ്യമായി വധശിക്ഷ നിര്‍ത്തല്‍ ചെയ്തത് തിരുവിതാംകൂറിലായിരുന്നു, 1944 നവംബര്‍ 11-ആം തീയതി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് പുറപ്പെടുവിച്ച ഒരു വിളംബരത്തിലൂടെ അതും പ്രാവർത്തികമായി. സംസ്കാരത്തിന്റെ പുതിയ കാറ്റിനും വെളിച്ചത്തിനും കടന്നുവരാനായി രാജ്യത്തിന്റെ വാതിലുകള്‍ തുറന്നിടുകമാത്രമല്ല മഹാരാജാവ് ചെയ്തത്. കടലുകള്‍ കടന്ന് ചെന്ന് വിഭിന്ന സംസ്ക്കാരങ്ങളെ മനം തുറന്നു മനസ്സിലാക്കാന്‍ മുതിരുകയും ചെയ്തു. കടലുകള്‍ താണ്ടിച്ചെന്ന് ഗ്രേറ്റ് ബ്രിട്ടണിലെത്തി അധികാരത്തിന്റെ പരമോന്നതസ്ഥാനവുമായി നേരിട്ട് സമ്പര്‍ക്കപ്പെട്ട ആദ്യത്തെ മഹാരാജാവാണ് ശ്രീചിത്തിരതിരുനാള്‍. 1932 ലെ യൂറോപ്യന്‍ പര്യടനത്തില്‍ മഹാരാജാവ് ലണ്ടന്‍, ബ്രസ്സല്‍സ്, ബെര്‍ലിന്‍, ജനീവ, മിലാന്‍, വെനീസ്, റോം തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിച്ചു. വത്തിക്കാനില്‍ ചെന്ന് പോപ്പ് പിയൂസ് പതിനൊന്നാമനെ കണ്ടു സംസാരിച്ചു. തിരുവിതാംകൂറിന്റെ പെരുമയും മഹിമയും വിദേശങ്ങളില്‍ വിലമതിക്കപ്പെടാന്‍ ആ പര്യടനം ഏറെ ഉപകരിച്ചു.

ജനങ്ങളുടെ രാജഭക്തി കൊടുമ്പിരിക്കൊണ്ടു ഇന്നും നിലനിന്നുപോരാൻ കാരണം ഈ രാജർഷിതുല്യനായ എളിമയുടെ ഉദാഹരണമായ ഈ കുറിയമനുഷ്യൻ തന്നെയാണ്.ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യര്‍ക്കെതിരെ ജനരോഷം തിളച്ചു മറിഞ്ഞപ്പോഴും രാജഭക്തിക്ക് ഒരു ഊനവും തട്ടിയിരുന്നില്ലായെന്നത് ചേർത്തുവായിക്കണം.

തിരുവിതാംകൂറിനെ സംബന്ധിച്ചുള്ള മറ്റെല്ലാകാര്യവും മറവിയിലാണ്ടുപോയാലും മഹാരാജാവിന്റെ ഈ ഒരൊറ്റ പ്രവൃത്തിയെ വരും തലമുറകള്‍ നന്ദിപുരസ്സരം ഓര്‍ക്കുകതന്നെ ചെയ്യും എന്ന് മഹാത്മാഗാന്ധി പറഞ്ഞ ക്ഷേത്രപ്രവേശനവിളംബരത്തെക്കാളും ഓരോ തിരുവനന്തപുരത്തുകാരന്റെയും ജീവിതത്തിന്റെ ഭാഗമായി കാണുന്ന കാണുന്ന നൂറുകൂട്ടം കാര്യങ്ങൾ തിരുവിതാംകൂർ രാജാക്കന്മാരുടെ സംഭാവനയായി ഇവിടുണ്ട്. രാജഭരണം അവസാനിക്കുകയും മുന്‍രാജാക്കന്മാര്‍ക്ക്‌ നല്‍കിവന്ന `പ്രിവിപഴ്‌സ്‌’ നിര്‍ത്തലാക്കുകയും ചെയ്‌ത്‌ പതിറ്റാണ്ടുകള്‍കഴിഞ്ഞിട്ടും തിരുവിതാംകൂര്‍ രാജവംശം നാട്ടുകാരെ സംബന്ധിച്ച്‌ ഇന്നും രാജകുടുംബം തന്നെയാണ്‌. അതിനാലാണ് ഇന്നത്തെ സുപ്രീംകോടതി വിധി ഓരോ തിരുവനന്തപുരത്തുകാരന്റേയും വിജയമായി മാറുന്നതും.

കോടതി വിധി വന്നപ്പോൾ കണ്ണിരോടെ ആലിംഗനം ചെയ്യുന്ന ഒരമ്മയെയും മകനെയും കാണുമ്പോൾ ഓരോ തിരുവനന്തപുരത്തുകാരന്റേയും കണ്ണ് അറിയാതെ നിറഞ്ഞുപ്പോവുന്നത് അവരെ അറിയാവുന്നതിലാണ്. നൂറ്റാണ്ടുകളുടെ സാംസ്കാരത്തുടര്‍ച്ചയുടെ ഇങ്ങേത്തലയ്ക്കലെ കണ്ണിയാണ് ആ അമ്മയും മകനും. നഷ്ടസൗഭാഗ്യങ്ങളെയോര്‍ത്തും കൈവിട്ടുപോയ വിശേഷാധികാരങ്ങളെ ചൊല്ലിയും ദുഃഖിക്കാത്ത അവരുടെ കണ്ണിൽ ജലധാരയുണ്ടായത് അവരുടെ കുലദൈവത്തിന്മേൽ അവർക്കു കാലങ്ങളായിട്ടുള്ള അവകാശം കൈവിട്ടുപ്പോകുമെന്നോർത്തു മാത്രമായിരുന്നു. കാലത്തിനൊപ്പം മനം കൊണ്ട് സമരസപ്പെടുമ്പോഴും പാരമ്പര്യത്തിന്റെ ലളിതസുന്ദരങ്ങളായ നന്മകള്‍ വെടിയാന്‍ രാജകുടുംബാംഗങ്ങള്‍ തയ്യാറാവുന്നില്ലായെന്നത് എളിമ അവര്‍ക്ക് എന്നും ജീവിതത്തിന്റെ ഭാഗമായതിനാലാണ്.
ഭൂതകാലത്തിന്റെ അവശേഷിക്കുന്ന നന്മകളെ പാടെ ഇല്ലായ്മ ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല. ഇനിയൊട്ട് മനസ്സിലാവാനും വഴിയില്ല.

ഇന്ന് ഈ വിധി കേട്ടപ്പോൾ മനസ്സിലേയ്ക്ക് ആദ്യമെത്തിയത് എന്റെ വിശ്വാസജീവിതത്തിന്റെ ഭാഗമായ അനന്തശായിയായ ആ തിരുരൂപമാണ്. പിന്നെ വീട്ടിനടുത്തെ കവടിയാർ കുന്നും കൊട്ടാരവും കൂട്ടുകാരിയായ അഞ്ജനാവർമ്മയെയുമാണ്.രാജപ്രൗഢിയുടെ പെരുമയോതുന്ന രാജവീഥിയെയും അതിലൂടെ പായുന്ന ആനവണ്ടിയെയുമാണ്. ശംഖുമുഖവും ആറാട്ടും മുറജപവും ലക്ഷദീപവും കിഴക്കേകോട്ടയും കനകകുന്നും മൃഗശാലയും യൂണിവേഴ്സിറ്റി കോളേജും കേരളസർവ്വകലാശാലയും ഹജൂർക്കച്ചേരിയുമൊക്കെ പ്രവാസചൂടിനെ തണുപ്പിക്കുന്ന ഗൃഹാതുരതയാകുമ്പോൾ മനസ്സിൽ ഓടിയെത്തുന്നു തൊണ്ണൂറിലെത്തിയ അമ്മുമ്മയും അവരുടെ രക്തത്തിലലിഞ്ഞ രാജഭക്തിയും.!ഒരു സുവര്‍ണ്ണയുഗത്തിന്റെ അവസാനത്തെ കണ്ണിയെ അടുത്തറിയാൻ കഴിഞ്ഞ,ഒരിക്കല്‍ സിംഹാസനാരൂഢനായി രാജ്യംവാണ പൊന്നുതമ്പുരാനെയും പിന്നെ ഒരു സാധാരണ പൗരനായി നമ്മുടെയിടയില്‍ ജീവിച്ച കുറിയ മനുഷ്യനെയും അവരോളം മനസ്സിലാക്കിയവർ വേറെ കാണിലല്ലോ!

shortlink

Related Articles

Post Your Comments

Related Articles


Back to top button