Latest NewsNewsWomen

വിവാഹമോചനം വേണമെന്ന് വര്‍ഷങ്ങളോളം ആഗ്രഹിക്കാത്ത ദിവസങ്ങളില്ല.. പക്ഷെ, വിവാഹമോചനം എന്ന ഉള്ളിലെ ആഗ്രഹം അടക്കി പിടിച്ചു നിന്നു.. പാവമല്ലേ എന്ന് തോന്നിപ്പിക്കാൻ.. കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല എഴുതുന്നു

കല, കൗൺസലിംഗ് സൈക്കോളജിസ്റ്

പാവം ഞാൻ..

————————————————————-
എന്റെ പത്തൊന്‍പത് വയസ്സിലെ കൂട്ടുകാരനായ ഒരാളെ ഈ അടുത്ത് വീണ്ടും കണ്ടു..
” താൻ എന്ത് പാവമായിരുന്നു അന്നൊക്കെ…
ആ ഒരു പറച്ചിൽ എന്നെ ഒരുപാട് ചിന്തിപ്പിച്ചു..
നീ എന്ത് നല്ല മോളായിരുന്നു..
നീ എങ്ങനെ ഇങ്ങനെ ആയി..
വീട്ടുകാരുടെ ചോദ്യം ഇത്രയും എന്നെ ചിന്തിപ്പിച്ചിരുന്നില്ല..
കൂട്ടുകാരാണല്ലോ നമ്മുടെ കണ്ണുതുറപ്പിക്കുക പലപ്പോഴും..
നാല്പത് വയസ്സ് വരെ നീ ഒരു പൊട്ടി പെണ്ണായിരുന്നു എന്ന് കസിൻ മെറി ചേച്ചി പറഞ്ഞതും ഓർത്തു…

ശെരിയാണ് അവിടെ മുതലാണ് ഞാൻ എന്നെ സ്നേഹിച്ചു തുടങ്ങിയത്…
എനിക്ക് വാക്കുകൾ ഉണ്ടായതും അതു പുറത്തോട്ട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു തുടങ്ങിയതും…
അന്ന് മുതൽ ഞാൻ പാവമല്ലാതായി..

വിവാഹമോചനം വേണമെന്ന് വര്‍ഷങ്ങളോളം ആഗ്രഹിക്കാത്ത ദിവസങ്ങളില്ല..
വീട്ടിൽ പൂർണ്ണമായും പിന്തുണ തന്നിരുന്നു അച്ഛനും അമ്മയും ആങ്ങളയും..
സാധാരണ കുടുംബത്തെ പോലെ നീ സഹിക്കാൻ പറഞ്ഞില്ല..
ഞാൻ പക്ഷെ, വിവാഹമോചനം എന്ന ഉള്ളിലെ ആഗ്രഹം അടക്കി പിടിച്ചു നിന്നു..
ഞാൻ പാവമല്ലേ എന്ന് തോന്നിപ്പിക്കാൻ..

ദാമ്പത്യ ജീവിതം തുടങ്ങിയ സമയത്തെ കാര്യങ്ങൾ വിളിച്ചു പറയാൻ നാണമില്ലേ എന്ന് മകളുടെ അച്ഛൻ പറഞ്ഞതായി അറിഞ്ഞു..
അന്ന് തുടങ്ങിയ ഓരോ ബിസിനസ്‌ കാര്യങ്ങളിൽ ഞാൻ പൂർണ്ണമായും ഇടപെട്ടിരുന്നു..
അന്നന്നുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള തത്രപ്പാട്…
അന്നത്തെ സ്റ്റാഫിനോട് ചോദിച്ചാൽ,
ഇന്നത്തെ അദേഹത്തിന്റെ നൂറോളം സ്റ്റാഫിനോട് ചോദിച്ചാൽ ഒന്നേ പറയു…
സർ പാവമാണ്..
അവരാണ് ഭീകരി…

സമയത്തിന് എത്തിയില്ല എങ്കിൽ കാശില് തിരിമറി ഉണ്ടേൽ ഞാൻ മാത്രമായിരുന്നു പ്രതികരിച്ചത്…
അങ്ങനെ പലയിടത്തും…
ഇതുതന്നെ ആകും സമൂഹത്തിൽ മൊത്തത്തിൽ ഉള്ള കാഴ്ചപ്പാട്..
ആ ഒരൊറ്റ കാര്യത്തിൽ ആണ് വിവാഹമോചനം എന്ന കാര്യത്തോട് ഞാൻ മടിച്ചു നിന്നത്…
ഞാൻ പാവമല്ലാതെ ആകുമല്ലോ..
ഒരു തരം ഗുണ്ട റോൾ ആയിരുന്നല്ലോ ബിസിനെസ്സിൽ എന്റേത്..

സാമ്പത്തികമായി ഉയർന്ന ശേഷം,
ഉന്നതരുടെ കൂട്ടായ്മയിൽ ഞാൻ അവരുടെ ഭാഷ അറിയാത്ത ഒരുവൾ ആയിരുന്നു…
അല്ലേൽ കവി പറഞ്ഞ പോലെ അവർക്ക് മനസ്സിലാകാത്ത ഭാഷയിൽ എഴുതിയ പുസ്തകമെന്നു പറയാം..

അവിടെയും,
എങ്ങനെ ഇതിനെ സഹിക്കുന്നു എന്ന സമ്പന്നരുടെ കൂട്ടായ്മയിലെ സ്ത്രീകളുടെ പരിഹാസം നിറഞ്ഞ ചോദ്യം എന്നെ അസ്വസ്ഥത ആക്കി..
ഞാൻ അവരെ ഒഴിവാക്കാൻ തീരുമാനിച്ചു..
ഞാൻ പാവമല്ലാതെ ആയി തുടങ്ങി..
ആദ്യത്തെ പടി അതായിരുന്നു..

എനിക്കൊരു സാധാരണ ജീവിതം വേണമായിരുന്നു..
രണ്ടു ജാതിയിൽ പെട്ട വ്യക്തികൾ വിവാഹം കഴിക്കുമ്പോൾ,
എന്നിലെ വ്യക്തിയെ വൈകാരികമായി പിന്തുണയ്ക്കുന്ന പങ്കാളിയെ എനിക്ക് കിട്ടിയില്ല..
അവർ എന്തെങ്കിലും പറയും, നീ തിരിച്ചു പറയരുത് എന്ന ഭീഷണി അല്ലാതെ…

അതെന്നെ എത്ര മാത്രമാണ് വെറുപ്പിച്ചത് എന്ന് വാക്കുകൾ കൊണ്ട് പറയാനോ അക്ഷരങ്ങൾ കൊണ്ട് എഴുതാനോ കഴിയില്ല..
ഞാൻ വാ തുറക്കരുത് എന്ന് പറഞ്ഞ ഇടങ്ങളിൽ ഇടപെടാതിരിക്കാനും സ്വാതന്ത്ര്യം ഇല്ല..

ഞാൻ മറ്റൊരു വ്യക്തിയാണ്..
എന്നെ എനിക്ക് നല്ല ബഹുമാനം ആണ്..
മറ്റൊരാൾ എന്നിലെ എന്നെ അവഹേളിക്കുമ്പോൾ എന്റെ പങ്കാളി കൂടെ ഉണ്ടാകണമെന്ന് ഞാൻ ശക്തമായി ആഗ്രഹിച്ചു..
പക്ഷെ, പാവമെന്ന പേര് കളയാൻ അദ്ദേഹത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല…

ഞാനും ഒരിക്കൽ പാവമായിരുന്നു… !
അതാണല്ലോ ഇപ്പോൾ ഓരോരുത്തരും അതിശയത്തോടെ പറയുന്നത്…
പാവമായ ഒരാളും, അതല്ലാത്ത ഒരാളും ഒരു കുടകീഴിൽ എങ്ങനെ ഒത്തു പോകും…
പാവത്തിനെ ഞാൻ ദ്രോഹിക്കില്ല..

പണ്ടത്തെ ഓരോ സുഹൃത്തുക്കളും പരിചയക്കാരും കുശലം ചോദിക്കുന്ന കൂട്ടത്തിൽ,
നീ എന്തൊരു പാവമായിരുന്നു എന്ന് പറഞ്ഞവസാനിപ്പിക്കുമ്പോൾ,
എനിക്ക് അറിയില്ല…
എന്താണ് ഈ പാവമെന്ന പദത്തിന്റെ അർത്ഥം…
അദ്ദേഹം പാവമാണ്…
എന്നാണ് നാട്ടിൽ മുഴുവൻ പറയുന്നത് എന്ന് എന്റെ ഒരു സുഹൃത്തു പറഞ്ഞു..
അതേ, ആണ്…

എന്റെ മകളുടെ അച്ഛൻ പാവമാണ്..
ഞാൻ, പാവമല്ല..
എന്റെ വ്യക്തിത്വത്തെ ചവിട്ടി അരയ്കുന്ന ഓരോ സന്ദര്ഭങ്ങളെയും വെറുത്ത് വെറുത്ത്,
ഞാനൊരു പാവമല്ലാതായി…
എന്നെ പോലെ ഒരുപാട് പെണ്ണുങ്ങൾ ഉണ്ട്..
അതേ പോലെ,
ആണുങ്ങളും ഉണ്ട്…
പാവമല്ലാത്തവർ…
ഞങ്ങൾക്ക് ദൈവം തുണ…

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button