KeralaLatest NewsIndia

ഇടതുപക്ഷത്തിന്റെ ‘കറുപ്പർ കൂട്ട ’ത്തിനെതിരെ ഉയരുന്ന തമിഴ് ജനതയുടെ പ്രതിഷേധം വിരൽ ചൂണ്ടുന്നത് – അഞ്ജു പാർവതി പ്രഭീഷ്

ഇടതുപക്ഷ യൂടൂബ് ചാനലായ കറുപ്പർകൂട്ടം, ഹൈന്ദവദേവനായ ശ്രീ. മുരുകന്റെ പ്രശസ്തമായ തമിഴ് സ്തുതി സ്കന്ദഷഷ്ടി കവചത്തെ മോശമാക്കി അവതരിപ്പിച്ചപ്പോൾ പ്രതിഷേധത്തിന്റെ കടലിരമ്പുന്നത് അങ്ങ് തമിഴ്നാട്ടിൽ മാത്രമല്ലാ, മറിച്ച് ദേശാന്തരങ്ങൾ അതിരുവരയ്ക്കാത്ത ഭക്തരായ ഹൈന്ദവവിശ്വാസികളായ ഓരോരുത്തരുടെയും ഉള്ളങ്ങളിൽ കൂടിയാണ്.

തമിഴ്നാട്ടിലെങ്ങും വിശ്വാസലക്ഷങ്ങളുടെ നാമജപ പ്രതിഷേധം കാണുമ്പോൾ ഓർമ്മകളിൽ കാണാം നട്ടുച്ചവെയിലില്‍ പൂത്തുനില്ക്കുന്ന പഴനിമലയും അലകടൽപോലെ ഇളകി മറിയുന്ന  അവ്വയാറിന്റെ വരികളും. ഇടതുപക്ഷ യൂടൂബ് ചാനലായ കറുപ്പർകൂട്ടം, ഹൈന്ദവദേവനായ ശ്രീ. മുരുകന്റെ പ്രശസ്തമായ തമിഴ് സ്തുതി സ്കന്ദഷഷ്ടി കവചത്തെ മോശമാക്കി അവതരിപ്പിച്ചപ്പോൾ പ്രതിഷേധത്തിന്റെ കടലിരമ്പുന്നത് അങ്ങ് തമിഴ്നാട്ടിൽ മാത്രമല്ലാ, മറിച്ച് ദേശാന്തരങ്ങൾ അതിരുവരയ്ക്കാത്ത ഭക്തരായ ഹൈന്ദവവിശ്വാസികളായ ഓരോരുത്തരുടെയും ഉള്ളങ്ങളിൽ കൂടിയാണ്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ദേവരായ സ്വാമികളാൽ വിരചിതമായ ഭക്തികാവ്യമാണ് കന്ദഷഷ്ഠികവചം അഥവാ സ്കന്ദഷഷ്ഠികവചം. ഭക്തരെ സംരക്ഷിക്കുന്ന കവചം അഥവാ രക്ഷയാണ് ഇതിലെ ശ്ലോകങ്ങളെന്നാണ് തമിഴ്ജനതയുടെ വിശ്വാസപ്രമാണം. 244 വരികളുളള ഈ ഭക്തികാവ്യത്തിലെ 55 മുതൽ 95 വരെയുള്ള വരികൾ ഭക്തരുടെ ആപാദചൂഢമുള്ള ശരീരഭാഗങ്ങളെ ശ്രീമുരുകന്റെ വേൽ കവചമായി കാക്കണേ അഥവാ കാത്തു രക്ഷിക്കണമേയെന്ന പ്രാർത്ഥനയാണ്. സകല രോഗപീഡകൾക്കും ഈ രക്ഷാ മന്ത്രം ഇത്ര ദിവസം ഇത്ര തവണ ചൊല്ലിക്കോളാമെന്ന് നേർച്ചനേരുന്നവരാണ് തമിഴ് ഭക്തർ. ഈ രക്ഷാമന്ത്രം ഓരോ തമിഴ് ഭക്തന്റെയും രക്തത്തിലലിഞ്ഞ വിശ്വാസപ്രമാണമാണ്. ആ വിശ്വാസത്തിലൂന്നിയ ഭക്തികാവ്യത്തിന്റെ ചില വരികളെ ചൂഴ്ന്നുനോക്കി അശ്ലീലം കണ്ടെത്തിയ കറുപ്പർക്കൂട്ടത്തിന്റെ നടപടിക്കെതിരെയാണ് തമിഴ്നാട്ടിൽ ഇപ്പോൾ ഭക്തിരസത്തിലാറാടിയ പ്രതിഷേധം അരങ്ങേറുന്നത്.

സംഘകൃതികളോളം പഴക്കമുണ്ട് ദക്ഷിണേന്ത്യയിലെങ്ങും ശ്രീ.മുരുകനെന്ന ദേവനോടുള്ള ആരാധനാരീതികൾക്ക്.
ഗുണ്ടൂരുള്ള നാഗാർജ്ജുനകൊണ്ട എന്ന സ്ഥലം കിളച്ചു നോക്കിയപ്പോൾ ക്രി. പി. മൂന്നാം നൂറ്റാണ്ടുവരെ പഴക്കമുള്ള സുബ്രഹ്മണ്യ ബിംബങ്ങൾ ലഭിച്ചിട്ടുണ്ട്. ബദാമിയിലെ ചാലൂക്യർ സുബ്രഹ്മണ്യനെ പരദൈവമായി ഭജിച്ചിരുന്നു. അവരുടെ ശിലാശാസനങ്ങളിലും ഇക്കാര്യം വ്യക്തമാണ്. ശ്രീപരമേശ്വരന്റെ പുത്രനായതുകൊണ്ട് മുരുകൻ പിള്ളയാരാണെന്നും അതുകൊണ്ട് കുമാരനാണെന്നും സംഘം കൃതികളിൽ പറയുന്നു. എല്ലാ വിജയങ്ങളും നൽകുന്ന ദൈവമായതിനാൽ വേലനെന്നും വെററിവേലനെന്നും ( വെട്രിവേലനെന്നും) ശ്രീമുരുകനെ വാഴ്ത്തുന്നു. സ്കന്ദ ലീലകൾ പ്രതിപാദിക്കുന്ന ഏഴു ഖണ്ഡങ്ങളിലായി 81100 ശ്ലോകങ്ങൾ അടങ്ങിയ സ്കന്ദപുരാണമാണ് പുരാണങ്ങളിൽ വെച്ച് വലുപ്പം കൂടിയത്. സ്കന്ദ ഷഷ്ഠി, തൈപൂയം, വൃശ്ചികത്തിലെ തൃക്കാർത്തിക, വൈശാഖത്തിലെ വിശാഖം, കപില ഷഷ്ഠി ,കർക്കടകത്തിലെ കാർത്തിക, ചൊവ്വാഴ്ച എന്നിവയാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രധാന വിശേഷദിവസങ്ങൾ. തുലാമാസത്തിലെ സ്കന്ദഷഷ്ഠി ദിവസമാണ് ശൂരൻ എന്ന അസുരനെ നിഗ്രഹിച്ചത്.

തമിഴ് കടവുൾ അഥവാ
തമിഴരുടെ ദൈവം എന്നൊരു വിശേഷണവും കൂടി സുബ്രഹ്മണ്യന് ഉണ്ട്. പരബ്രഹ്മസ്വരൂപനായ മുരുകനെ അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ “ജ്ഞാനപ്പഴം” എന്ന് വിശേഷിപ്പിക്കാറുണ്ട്. പഴനിയിൽ മുരുകൻ ദണ്ഡായുധപാണിയായി ആണ്ടിക്കോലത്തിൽ ദർശനമരുളുന്നു. ജ്ഞാനപഴം കിട്ടാത്ത ദേഷ്യത്തിൽ മാതാപിതാക്കളായ ശിവപാർവ്വതിമാരോട് കോപിച്ച് മുരുകൻ ആണ്ടിക്കോലത്തിൽ വന്ന് ഇരുന്ന സ്ഥലമാണ് തിരു ആവിനാംകുടി എന്ന ഇന്നത്തെ പഴനി. പരമഭക്തന്മാർ ഏറ്റവും ഇഷ്ടപ്പെടുന്ന പഴം നീയാണ് എന്ന് ഉമാ പരമേശ്വരൻമാർ പറഞ്ഞതിനാലാണ് ഈ സ്ഥലത്തിന് പഴം-നീ എന്ന അർത്ഥത്തിൽ പഴനി എന്ന പേർ വന്നത്.

തമിഴ് ജനതയെ അവരുടെ സാംസ്‌കാരികത പഠിപ്പിക്കണ്ട ആവശ്യമില്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു ഭക്തികാവ്യത്തിന്റെ, അതും തങ്ങളുടെ നിത്യജീവിതത്തിന്റെ വിശ്വാസവഴികളിലെ പ്രധാന ഉറവിടമായ ഒരു കൃതിയുടെ ആധികാരികത തമിഴ്ഭക്തരെ ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല. ഹൈന്ദവ വിശ്വാസങ്ങളിൽ മാത്രം ഇടപ്പെടുന്ന പുരോഗമനമെന്ന അലക്കിപിഞ്ചിയ വാക്കിനെ ചവറ്റുകൊട്ടയിലിടാൻ തമിഴ്ജനതയ്ക്കറിയാം. അവരത് “ഷഷ്ഠിയെ നോക്ക ശരവണ ഭവന “യെന്നു പാടി തെരുവുകൾ തോറും ഭക്തിരസത്തിലാറാടിയ പുതിയൊരു സമരവാതിൽ തുറന്നുകഴിഞ്ഞു. ഉച്ചംതല മുതൽ ഉള്ളംകാലുവരെയുള്ള ശരീരഭാഗങ്ങളെ ശ്രീമുരുകന്റെ വിവിധവേലുകളാൽ കാത്തോളണേയെന്ന പ്രാർത്ഥനാവരികളിൽ മുലയെ കാക്കാനും ലിംഗവും യോനിയും കാക്കാനും പറയുമ്പോൾ അത് എഴുതിയ ആളിന്റെയുള്ളിലെ അശ്ലീലദ്യോതകമായി തോന്നിയവരെ പുരോഗമനവാദികൾ എന്ന് വിളിക്കാമോ?
മുപ്പത്തിരുപാൽ മുനവേൽ കാക്ക
സെപ്പിയ നാവൈ സെവ്വേൽ കാക്ക
കന്നം ഇരണ്ടും കതിർവേൽ കാക്ക
എന്നിലന കഴുത്തൈ ഇനിവേൽ കാക്ക
മാർവ്വൈ ഇരത്തന വടിവേൽ കാക്ക
സെരില മുലൈമാർ തിരുവേൽ കാക്ക
എന്നീ വരികളിൽ നാവും കന്നവും കഴുത്തും ഒന്നും വിമർശിക്കാൻ തോന്നാതെ മുലകളിൽ മാത്രം അശ്ലീലം കണ്ടെത്തിയവന്റെ മനസ്സിലാണ് അശ്ലീലം.

‘പഴം നീയപ്പാ, ജ്ഞാനപ്പഴം നീയപ്പാ…’ രണ്ടായിരം വര്‍ഷം മുമ്പത്തെ മഹാകവയത്രിയായ അവ്വയാറിന്റെ വരികൾ മനസ്സിൽ അലയടിക്കുന്നു. കെ ബി സുന്ദരാംബളിന്റെ ശബ്ദത്തിലാണ് നമ്മള്‍ അവ്വയാറിനെ കേട്ടത്. ലോകം ചുറ്റിവന്നിട്ടും ജ്ഞാനപ്പഴം കിട്ടാതെ വന്ന് നിരാശാഭരിതനായ ബാലമുരുകന്‍ അതേ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവ്വയാര്‍ പാടിയ വരികളാണിത്. പഴം നീയപ്പാ, ജ്ഞാനപ്പഴം നീയപ്പാ…സ്വയം ജ്ഞാനമായിരിക്കുന്ന ബാലകൻ തന്നെ ജ്ഞാനപ്പഴത്തിന് വേണ്ടി നിരാശപ്പെടുകയോ?

സഭൈ തന്നില്‍, തിരു സഭൈ തന്നില്‍ ഉരുവാകി
ഉലകോര്‍ക്കു പൊരുള്‍ കൂറും
പഴനീയപ്പാ, ജ്ഞാനപ്പഴനീയപ്പാ,
തമിഴ്ജ്ഞാനപ്പഴനീയപ്പാ..”

ജ്ഞാനപ്പഴം തന്നെയായ ശ്രീമുരുകാ, കറുപ്പർസ്വാമികൂട്ടത്തിന്റെ അജ്ഞതയുടെ ഇരുൾ നീ തന്നെ മാറ്റുക ഷൺമുഖ🙏🙏🙏

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button