KeralaLatest NewsNews

ബിയറിൽ ലഹരി കലർത്തി മയക്കി, മദ്യവും മയക്കുമരുന്നും അമിതമായി നൽകിയത് ദുരുദ്ദേശ്യത്തോടെ: വില്ലൻ രക്ഷപ്പെട്ട ഡ്രൈവറോ?

കൊച്ചി: മിസ് കേരള ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെടാൻ ഇടയാക്കിയ സംഭവത്തിന്റെ തെളിവുകൾ എല്ലാം നശിപ്പിക്കപ്പെട്ടുവെന്ന് പോലീസ് തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ കേസിലെ യഥാർത്ഥ വില്ലൻ രക്ഷപെടുമോയെന്ന ആശങ്കയാണ് പൊതുവെ ഉയർന്നു വരുന്നത്. കൊല്ലപ്പെട്ട മിസ് കേരള അൻസി കബീർ, റണ്ണർ അപ് അഞ്ജന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ്, പരിക്കുകളോടെ രക്ഷപെട്ട അബ്ദുൽ റഹ്മാൻ എന്നിവർക്കു ഹോട്ടലുടമ ദുരുദ്ദേശ്യത്തോടെ അമിത അളവിൽ മദ്യം നൽകിയിരുന്നുവെന്ന് പോലീസ് തന്നെ സമ്മതിക്കുന്നുണ്ട്.

Also Read:ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി: തീര്‍ത്ഥാടകരെ കടത്തിവിടുന്നു

മോഡലുകളുടെ മരണത്തിനിരയാക്കിയ കേസിലെ തെളിവുകൾ നശിപ്പിക്കാൻ ഹോട്ടൽ ഉടമയും ജീവനക്കാരും കൂട്ടുനിന്നുവെന്ന പോലീസിന്റെ വാദം നിലനിൽക്കെയാണ് ഇവർക്ക് 24 മണിക്കൂറിനുള്ളിൽ ജാമ്യം ലഭിച്ചത്. ഇത് പൊലീസിന് തിരിച്ചടിയായി. തെളിവുകളിലേക്കു നയിക്കാൻ സാധ്യതയുള്ള ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പ്രതികൾ കായലിൽ എറിഞ്ഞുവെന്നും തെളിവുകൾ കണ്ടെടുക്കാൻ ഇവരെ കസ്റ്റഡിയിൽ വിടണമെന്നുമായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ, പ്രതികൾക്ക് ജാമ്യം ലഭിച്ചതോടെ അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള വഴികൾ അടയുകയായിരുന്നു. തെളിവുകൾ വീണ്ടെടുക്കാൻ ഇനി സാധിക്കുമെന്ന് കരുതാനാകില്ല.

ഇതിനിടയിലാണ് കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന അഭ്യൂഹം പരന്നത്.  അപകടം നടന്ന ദിവസം ഫോര്‍ട്ടുകൊച്ചി ‘നമ്പർ 18’ ഹോട്ടലില്‍ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ, മോഡലുകളെയും സുഹൃത്തുക്കളെയും ലഹരി നൽകി മയക്കിക്കിടത്തിയതിന്റെ ഉദ്ദേശ്യം എന്തായിരിക്കുമെന്ന ചർച്ചകൾ സോഷ്യൽ മീഡിയ ആരംഭിച്ച് കഴിഞ്ഞു. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഈ ഉദ്യോഗസ്ഥൻ തങ്ങളുടെ നിരീക്ഷണത്തിൽ ആണെന്നും ഇദ്ദേഹത്തിന്റെ ‘പോക്കുവരവുകൾ’ പരിശോധിച്ച് വരികയാണെന്നുമായിരുന്നു പോലീസ് ഭാഷ്യം. അപകടത്തെക്കുറിച്ച്‌ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ ഉന്നത ഉദ്യോഗസ്ഥന്‍ വിളിച്ച്‌ താക്കീത് ചെയ്തിരുന്നു. ഇക്കാര്യത്തിലും ഇദ്ദേഹം വിശദീകരണം നൽകേണ്ടതായി വരും.

ഹാര്‍ഡ് ഡിസ്കിനെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതോടെയാണ് കേസ് മറ്റൊരു ദിശയിലേക്ക് നീങ്ങിയത്. ഇതോടെ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തുന്നതില്‍ പോലീസ് ഉഴപ്പി. പിന്നിൽ, ഉന്നത പോലീസ് ഉദ്യോഗസ്ഥനായിരുന്നു എന്നാണു സൂചന. ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചാല്‍ താന്‍ ഹോട്ടലില്‍ എത്തിയ കാര്യം പുറത്തുവരുമെന്ന് ഭയന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍. ഇതിനെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഹാർഡ് ഡിസ്കുകൾ നശിപ്പിച്ചെങ്കിലും യുവതികൾ തലയിൽ ഗ്ലാസ് വച്ചു നൃത്തമാടുന്ന ദൃശ്യങ്ങൾ പൊലീസിന് ഹോട്ടലുടമ കൈമാറിയെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

Also Read:വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി മലയാളി: തക്കാളി വീണ്ടും നൂറിനോട് അടുക്കുന്നു, മുരിങ്ങയ്ക്ക നൂറ് കടന്നു

മിസ് കേരള മത്സര വിജയികളായ മോഡലുകൾ അപകടത്തിൽ മരിച്ച കേസിൽ 19 ദിവസം പിന്നിട്ടിട്ടും വ്യക്തമായ തെളിവുകളൊന്നും കണ്ടെത്താൻ പോലീസിനായില്ല. ഈ സാഹചര്യത്തിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത് ഇന്നലെയാണ്. നവംബർ ഒന്നിനാണ് മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നത്. ഹോട്ടലിലെത്തിയ മോഡലുകളെയും സുഹൃത്തുക്കളെയും മദ്യം നൽകി മയക്കി കിടത്താനായിരുന്നു ഹോട്ടലുടമ ശ്രമിച്ചത്. ദുരുദ്ദേശ്യത്തോടെ റോയി ഇവർക്ക് മദ്യം നൽകിയെങ്കിലും ഉദ്ദേശ്യം നടക്കാതെവന്നപ്പോൾ വഴക്കായി.

ഹോട്ടലിൽ നിന്നും ഇവർ ഇറങ്ങിയെങ്കിലും പിന്നാലെ ഹോട്ടലുടമയുടെ സഹായി സൈജു തങ്കച്ചൻ ഇവരെ പിന്തുടർന്നിരുന്നു. ഹോട്ടൽ മുതൽ അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് വരെയായിരുന്നു ഇയാൾ മോഡലുകളുടെ കാറിനെ പിന്തുടർന്നത്. വാഹനാപകടം നടന്ന വിവരവും യുവതികളുടെ മരണവിവരവും തങ്കച്ചൻ തന്നെയാണ് റോയിയെ വിളിച്ചറിയിച്ചത്. മരണം സ്ഥിരീകരിച്ചതോടെയാണ് പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ ഇവർ തീരുമാനിച്ചത്. ഇതോടെയാണ് ഈ തീരുമാനത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവാരാനുള്ള ശ്രമം പോലീസ് ആരംഭിച്ചത്. എവിടെയോ സംഭവിച്ച അപകടത്തിന്റെ തുടർച്ചയായി ഹോട്ടലിലെ ക്യാമറ ദൃശ്യങ്ങൾ എന്തിനു നശിപ്പിച്ചുവെന്ന ചോദ്യത്തിനു ഇതുവരെ പ്രതികൾക്ക് വ്യക്തമായ മറുപടി നൽകാനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button