Latest NewsNewsInternational

കർണാടകയിലെ ഹിജാബ് നിരോധനം : പ്രതിഷേധവുമായി തുർക്കി

ഹിജാബ് അഴിച്ചു മാറ്റാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളുടെ നടപടി എത്രത്തോളം ഇസ്‌ലാമോഫോബിക് ആണ്.

ഇസ്താംബൂള്‍: കര്‍ണാടകയിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തുര്‍ക്കിഷ് ജനത ഇസ്താംബൂളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഫ്രീ തോട്ട് ആന്‍ഡ് എജ്യുക്കേഷണല്‍ റൈറ്റ്സ് സൊസൈറ്റി, അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് സോളിഡാരിറ്റി ഫോര്‍ ദി ഒപ്രെസ്ഡ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ശനിയാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രകടനം നടത്തിയത്.

20 കോടി മുസ്‌ലിങ്ങളെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ പ്രവണതകളുടെയും ഇന്ത്യന്‍ ദേശീയതയുടെയും ഭാഗമായാണ് രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് ഫ്രീ തോട്ട് ആന്‍ഡ് എജ്യുക്കേഷണല്‍ റൈറ്റ്സ് സൊസൈറ്റി ചെയര്‍മാന്‍ കായ റിദ്വാന്‍ പറഞ്ഞു.

കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്നതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടുന്നുണ്ട്. ഹിജാബ് ധരിക്കാന്‍ തെരഞ്ഞെടുക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ മോഡലായ ബെല്ല ഹദീദും രംഗത്തുവന്നിരുന്നു. കുവൈത്ത് പാര്‍ലമെന്റിലും കര്‍ണാടകയിലെ ഹിജാബ് നിരോധനം ചര്‍ച്ചയായിരുന്നു.

‘ഹിജാബ് അഴിച്ചു മാറ്റാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളുടെ നടപടി എത്രത്തോളം ഇസ്‌ലാമോഫോബിക് ആണ്. ഹിജാബ് ധരിക്കുക, മുസ്‌ലിം ആയിരിക്കുക, വെളുത്തവരല്ലാതായിരിക്കുക എന്നത് ഭീഷണിയായി വിലയിരുത്തുന്നത് വേദനിപ്പിക്കുന്ന നടപടിയാണ്’- ബെല്ല പറഞ്ഞിരുന്നു.

Read Also: യൂണിഫോം നിയമം റദ്ദാക്കി: മുസ്ലീം പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ അനുമതി

‘മുസ്‌ലിം സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഫ്രാന്‍സ്, ഇന്ത്യ, കാനഡയിലെ ക്യൂബെക്ക്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളോട് നിങ്ങളുടേതല്ലാത്ത ഒരു ശരീരത്തെക്കുറിച്ച് നിങ്ങള്‍ എന്ത് തീരുമാനങ്ങളാണ് എടുത്തിട്ടുള്ളതെന്ന് പുനര്‍വിചിന്തനം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീകള്‍ എന്ത് ധരിക്കണം, എന്ത് ധരിക്കരുതെന്ന് അഭിപ്രായപ്പെടുന്നത് നിങ്ങളുടെ ജോലിയല്ല, പ്രത്യേകിച്ചും അത് അവരുടെ വിശ്വാസപരമായ വിഷയമാകുമ്പോൾ’- ഇന്ത്യയിലെ ഹിജാബ് സമരത്തിന്റെ വാര്‍ത്തയുടെ ഒരു സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ബെല്ല ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button