KeralaCinemaMollywoodLatest NewsNewsEntertainment

ഇവിടെ എല്ലാം ഷോയും ഷോ ഓഫും മാത്രമാണ്, രാത്രി നടത്തം കണ്ട് കയ്യടിക്കാൻ അന്തവും കുന്തവുമില്ലാത്ത അന്തംസ്! – അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

സ്ത്രീസുരക്ഷയ്ക്കും തുല്യനീതിക്കും അമ്പത് ലക്ഷത്തിൻ്റെ വനിതാ മതിൽ കെട്ടിയ, പ്രബുദ്ധർ അരങ്ങു വാഴുന്ന നമ്പർ 1 കേരളത്തിലാണ് പട്ടാപ്പകൽ കോഴിക്കോട് പോലുള്ള ഒരു വൻ നഗരത്തിലെ മാളിൽ വച്ച് ഒരു കൂട്ടം സെലിബ്രിറ്റികൾ പരസ്യമായ molestation ന് ഇരയായത്. സ്ത്രീകള്‍ക്ക് സമാധാനമായി പുറത്തിറങ്ങാന്‍ കഴിയാത്ത നാടാണ് കേരളമെന്നും ഇന്നും ഇവിടെ ഒരു വിഭാഗം മലയാളികൾ സംസ്‌കാരശൂന്യരും ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്നവരും സ്ത്രീകളോടുള്ള, പ്രത്യേകിച്ച് നടിമാരോടുള്ള അവറ്റകളുടെ മനോഭാവം തീർത്തും മ്ലേച്ഛമാണെന്നും ഹൈലൈറ്റ് മാളിലെ സംഭവം അടിവരയിടുന്നു.

സ്ത്രീ എന്നാല്‍ കേവലമൊരു സെക്‌സ് ടോയ് അല്ലെങ്കില്‍ തങ്ങള്‍ക്ക് ഒത്തുകിട്ടിയാല്‍ ഉപയോഗിക്കാനുള്ള ഒരു വസ്തു ആണെന്ന് പരസ്യമായി തെളിയിക്കുകയായിരുന്നു ഹൈലൈറ്റ് മാളിലെ ആ ഞരമ്പുരോഗികൾ. ഒരിക്കലും ലിംഗവിശപ്പ് തീരാത്തവന്മാരുടെ മാനസിക രോഗത്തിന് ഒരൊറ്റ മരുന്നേയുള്ളൂ – നല്ല പെട. ശരിക്കും തേർഡ് ഡിഗ്രി പ്രയോഗിക്കേണ്ടത് ഇവന്മാർക്കെതിരെയാണ്. കാരണം ഇവന്മാർ സമൂഹത്തിന് ഭീഷണിയാണ്. ഒരു സിനിമാ പ്രമോഷൻ്റെ ഭാഗമായി വന്ന നടിമാരെ കടന്നുപിടിക്കാൻ, അതും എത്രയോ ക്യാമറകൾ കവർ ചെയ്യുന്ന ഒരു event ആണെന്നറിഞ്ഞിട്ടും നിമിഷനേരത്തെ സുഖത്തിന് വേണ്ടി പെണ്ണുടലുകളെ കീഴ്പ്പെടുത്താൻ ധൈര്യം കാണിക്കുന്ന ഇവന്മാരുടെ മുന്നിൽ ഒരു സാധാരണ പെൺകുട്ടി അസമയത്ത് ചെന്നുപ്പെട്ടാലുള്ള അവസ്ഥ ഒന്നോർത്തു നോക്കൂ!

2022 ൽ നവോത്ഥാന പുരോഗമന കേരളം എവിടെയെത്തി നില്ക്കുന്നുവെന്നതിൻ്റെ തെളിവാണ് ഹൈലൈറ്റ് മാളിലെ സംഭവം. പത്തു നാല്പതു കൊല്ലം മുമ്പ് കേരളം ഇങ്ങനെ പുരോഗമിക്കും മുന്നേ തല ചുമടായി പച്ചക്കറിയും മറ്റും ചുമന്ന് രാത്രി രണ്ടിനും മൂന്നിനും ഒക്കെ സ്ത്രീകൾ ചെറു സംഘങ്ങളായി തിരിഞ്ഞ് തിങ്കൾ ചന്തയിലും ഞായർ ചന്തയിലും കച്ചവടത്തിനായി എത്താൻ വീടുകളിൽ നിന്നും ഇറങ്ങിയിരുന്നു. അതു പോലെ ഉത്സവപറമ്പുകളിൽ ചൂട്ടും കത്തിച്ച് പോകുന്ന സ്ത്രീകളുടെ കൂട്ടമുണ്ടായിരുന്നു. അമ്പത് ലക്ഷത്തിൻ്റെ മതിലു കെട്ടാതെ തന്നെ സുരക്ഷിതയാവാൻ അന്നത്തെ സ്ത്രീകൾക്ക് അറിയുമായിരുന്നു. രാത്രിയെ പകലാക്കി നിർഭയം സഞ്ചരിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.
കാലം മാറിയപ്പോൾ നാട് വികസിച്ചു. ഒപ്പം ലഹരിയും !

ആധുനികതയുടെ പിന്നാലെ പായുന്ന കൂട്ടത്തിൽ പൈതൃകമായി കിട്ടിയ പല നല്ല ശീലങ്ങളെയും മലയാളി കൈവിട്ടു. പിഞ്ചു ശരീരങ്ങളിൽ വരെ കാമം തിരയാൻ അവൻ ശീലിച്ചു. പത്തു വയസ്സുകാരിയിൽ കാമം കണ്ട മഞ്ച് കുമാരന്മാരെ ലവ് വാട്ട് യു ആർ എന്ന് പ്രോത്സാഹിപ്പിക്കാൻ ആളുണ്ടായി. ഗുൽമോഹർ ചോട്ടിലെ ചേച്ചിപ്പെണ്ണുങ്ങളോട് ആദരവാൽ ആദരവ് തോന്നണമെങ്കിൽ സെക്സ് സംസാരിക്കണമെന്ന നിബന്ധനയുണ്ടായി. കൺസൻ്റ് എന്ന വാക്കും കൈയിൽ പിടിച്ച് ഞരമ്പന്മാർ നാലുപാടും പുരോഗമനം പറയാൻ തുടങ്ങി. വീ വാണ്ട് സെക്ഷ്വൽ ഫ്രീഡം എന്ന മുദ്രാവാകൃങ്ങൾ കലാലയ കവാടങ്ങളിൽ നിരന്നു തുടങ്ങി. ഒടുക്കം എന്തായി? പട്ടാപ്പകൽ ആളും ആരവവും ഉള്ളിടങ്ങളിൽ, ക്യാമറാക്കണ്ണുകൾ ഉള്ളിടങ്ങളിൽ വരെ സെലിബ്രിറ്റി പെണ്ണിന് പോലും പുറത്തിറങ്ങുമ്പോൾ ഭയക്കേണ്ട അവസ്ഥയായി. നമ്മുടെ കേരളം സംസ്കാരസമ്പന്നതയിൽ പാവയ്ക്കാ പോലെ താഴോട്ടു വളർന്നു.

ഗ്രേസ് ആൻ്റണി എന്ന നടിയുടെ ആത്മരോഷത്തോടെയുള്ള പോസ്റ്റ് കണ്ടപ്പോൾ ഞാനോർത്തത് രാത്രി നടത്തമെന്ന പേരിൽ ഇവിടെ അരങ്ങേറിയ ഒരു കോമഡി ഷോയെ കുറിച്ചാണ്. ആളും ആരവങ്ങളും അകമ്പടിയും പോലീസ് പെട്രോളിങ്ങുമായി നടത്തിയ ആ ഷോയിൽ ഇടതുവശത്തിൻ്റെ ഓരം മാത്രം ചേർന്നു നടന്നു ശീലിച്ച കുറേ സ്വയം പ്രഖ്യാപിത ആക്ടിവിസ്റ്റുകൾ കളർഫുൾ ഡ്രെസ്സൊക്കെയിട്ട് നടന്നിരുന്നു. അത് കണ്ട് രോമാഞ്ചിഫിക്കേഷൻ വന്ന ഒരു എം.എൽ. എ ( നിലവിലെ സ്പീക്കർ ) ഇവരെ അത്ഭുത സ്ത്രീകൾ എന്ന് വിശേഷിപ്പിച്ചിരുന്നു.! അത് കണ്ട് അന്തവും കുന്തവുമില്ലാത്ത അന്തംസ് കയ്യടിച്ചിരുന്നു. ഇവറ്റകളുടെ ഈ പട്ടി ഷോ കണ്ട് ഏതെങ്കിലും പെൺകുട്ടികൾ രാത്രിയിൽ ഇറങ്ങി ഇതുപോലെ സഞ്ചരിച്ചിരുന്നുവെങ്കിൽ പിറ്റേന്ന് പെറുക്കിയെടുക്കാൻ പല്ലും നഖവുമായിരിക്കും ബാക്കി കാണുക? ഇവിടെ എല്ലാം ഷോയും ഷോ ഓഫും മാത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button