KeralaLatest NewsNews

എട്ട് ദിവസം നീണ്ടു നിൽക്കുന്ന തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് കൊടിയേറി

എറണാകുളം: എട്ട് ദിവസം നീണ്ടു നിൽക്കുന്ന തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് കൊടിയേറി. എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ പരിപാടികൾ, നാഗസ്വരവിദ്വാൻ ആർ. ജയശങ്കർ ഉദ്ഘാടനം ചെയ്തു.

തന്ത്രികുടുംബമായ പുലിയന്നൂർ ഇല്ലത്ത് അനുജൻ നാരായണൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് കർമ്മം നടത്തി.

തിങ്കളാഴ്ച സന്ധ്യയ്ക്ക് ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിലെ മുളയറയിൽ ഉത്സവത്തിന്റെ ഭാഗമായുള്ള മുളയിടൽ നടന്നു. തുടർന്ന് തന്ത്രിയുടെ കാർമികത്വത്തിൽ സ്വർണക്കൊടിമരച്ചുവട്ടിൽ പുണ്യാഹശുദ്ധി വരുത്തി പ്രത്യേകം പൂജകൾക്കു ശേഷം വർണ കൊടിക്കൂറ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചു. വിശേഷാൽ പൂജകൾ നടത്തി ഗരുഡ വാഹന ചൈതന്യത്തെ കൊടിക്കൂറയിലേയ്ക്ക് ആവാഹിച്ച് പൂജിച്ചു. പാണി കൊട്ടിയായിരുന്നു ദേവചൈതന്യം ആവാഹിച്ച വർണക്കൊടിക്കൂറ കൊടിമരച്ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചത്. പിന്നീട് പ്രത്യേകം പൂജയ്ക്കു ശേഷമായിരുന്നു ഉത്സവക്കൊടിയേറ്റ്.

രാവിലെ തന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഭഗവാന് ബ്രഹ്മകലശം ആടി. അവരോധം കഴിഞ്ഞിട്ടുള്ള തന്ത്രിമാരെല്ലാവരും പങ്കെടുത്തു. തുടർന്ന് നെറ്റിപ്പട്ടം കെട്ടിയ 15 ഗജവീരൻമാരോടൊപ്പം പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടു കൂടി ശീവേലിയും നടന്നു. രാത്രി 15 ഗജവീരൻമാരോടൊപ്പം മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപറ്റ്, പഞ്ചാരിമേളത്തോടു കൂടി വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരുന്നു. സംഗീതജ്ഞൻ പ്രഫ. ആർ കുമാര കേരളവർമ്മ, കഥകളി ആചാര്യൻ ഫാക്ട് പത്മനാഭൻ, മേളം കലാകാരൻ തിരുവല്ല രാധാകൃഷ്ണൻ എന്നിവർക്ക് ശ്രീപൂർണ്ണത്രയീശ പുരസ്‌കാരം സമ്മാനിച്ചു. തൃപ്പൂണിത്തുറ എം.എല്‍.എ കെ. ബാബു മുഖ്യാതിഥിയായി.

ഇന്ന്‌ ദേവസ്വം വക വഴിപാടായി ഉത്സവബലി ഉണ്ട്. ആറാട്ട് ഒഴികെ ഉത്സവദിവസങ്ങളിൽ രാവിലെ 15 ആനകളെ അണിനിരത്തി പഞ്ചാരിമേളത്തോടു കൂടി ശീവേലിയും രാത്രി വിളക്കിനെഴുന്നള്ളിപ്പും പ്രധാനമായി നടക്കും.

ആറാട്ട് ദിവസം വൈകീട്ട് കാഴ്ചശീവേലിയും ഉണ്ട്. ഉത്സവത്തിന്റെ ഏറ്റവും പ്രധാനമായ തൃക്കേട്ട പുറപ്പാട് വ്യാഴാഴ്ചയാണ്. 27-ന് വലിയ വിളക്കാഘോഷം നടക്കും. 28-നാണ് ഉത്സവ ആറാട്ട്.

കൊച്ചിൻ ദേവസ്വം ബോർഡും, ശ്രീ പൂർണ്ണത്രയീശ ഉപദേശക സമിതിയും ചേർന്നാണ് ഉത്സവം സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button